ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കൂട്ടുന്നുവെന്നാണ് ശാസ്‌ത്രമതം. എന്നാല്‍ വിപണിയിലെത്തുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ആയുസിനെ കുറയ്‌ക്കാന്‍ ഉതകുന്നവയാണെന്ന് ഇവയെ കുറിച്ചുള്ള പുതിയ പഠനം തെളിയിക്കുന്നു. കാനഡയിലെ ഗ്വാള്‍ഫ് സര്‍വകലാശാലയില്‍നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. വിപണിയിലെത്തുന്ന ആയുര്‍വേദ ഔഷധങ്ങളുടെ ലേബലിന് പുറത്ത് അതിലടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പല കമ്പനികളും രേഖപ്പെടുത്തില്ലെന്നും രേഖപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കാകട്ടെ പകരം മറ്റു ഉല്‍പ്പന്നങ്ങളാണ് യഥാര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പുതിയ പഠനം തെളിയിക്കുന്നു.
കാനഡയിലെ ബിഎംസി മെഡിസന്‍ എന്ന ആനുകാലികത്തില്‍ ഒക്ടോബര്‍ 11നാണ് പുതിയ കണ്ടുപിടുത്തം പ്രതിപാദിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.
പന്ത്രണ്ട് കമ്പനികളുടെ 44 ഉല്‍പ്പന്നങ്ങളാണ് ഡിഎന്‍എ ബാര്‍കോഡിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷിച്ചത്. ഇതില്‍ 60 ശതമാനം ഉല്‍പ്പന്നങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ഔഷധങ്ങള്‍ ലേബലില്‍ രേഖപ്പെടുത്താത്തവയാണ്. 20 ശതമാനത്തിലധികം മരുന്നുകളില്‍ അരി, ഗോതമ്പ്, സോയാബീന്‍ എന്നിവയുടെ സാന്നിധ്യം ഉണ്ടെങ്കിലും അവ ലേബലില്‍ രേഖപ്പെടുത്തിയിട്ടില്ല. പരീക്ഷണത്തിന് വിധേയമായ 12 കമ്പനികളില്‍ രണ്ട് കമ്പനി മാത്രമാണ് ഔഷധങ്ങള്‍ മാറ്റി ഉപയോഗിക്കാതെ ആധികാരികമായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇതിനെ ഒരു അന്താരാഷ്ട്ര പ്രശ്‌നം എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സ്‌റ്റീവന്‍ ന്യൂമാസ്‌റ്റര്‍ പറയുന്നത്. ഇത്തരത്തില്‍ ഔഷധങ്ങള്‍ മാറ്റി ഉപയോഗിക്കുന്നുമൂലം ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പരിശോധിച്ച മരുന്നുകളിലൊന്നായ ഫ്രീറ്റ് ഡിപ്രഷന് ഉപയോഗിക്കുന്ന സെന്റ് ജോണ്‍ വോര്‍ട്ട് എന്ന ഔഷധത്തില്‍ കരള്‍ നാശത്തിന് കാരണമാകുന്ന വസ്‌തുക്കള്‍ വരെ അടങ്ങിയിരിക്കുന്നുവെന്ന് പഠനം തെളിയിക്കുന്നു. ലോകത്തെമ്പാടുമായി കോടിക്കണക്കിന് ജനങ്ങളാണ് പ്രകൃതിയില്‍നിന്നുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്. എന്തുതന്നെയായാലും പ്രകൃതിയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളിലും കമ്പനികള്‍ മായം ചേര്‍ക്കുകയാണെന്ന് പുതിയ കണ്ടെത്തലോടെ അലോപ്പതി ബഹിഷ്‌ക്കരിച്ച് ആയുര്‍വേദത്തെ ആശ്രയിച്ചവര്‍ക്ക് മുന്നില്‍ ഇനി എന്ത് എന്ന ചോദ്യ ചിഹ്നമാണ് വരുന്നത്.
Comments