കൊല്ലം
കോവിഡ് ബാധിതർക്ക് ഉപകാരപ്രദമാകുന്ന ‘ജീവശ്വാസം’ എന്ന പോർട്ടബിൾ വെന്റിലേറ്ററുമായി കൊല്ലം ടികെഎം എൻജിനിയറിങ് കോളേജ്. കോളേജ് ഫാബ് ലാബിലെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ താൽക്കാലിക വെന്റിലേറ്റർ വികസിപ്പിച്ചത്. രോഗികൾ ധാരാളമുള്ള സാഹചര്യത്തിൽ സ്ഥിരം വെന്റിലേറ്റർ ലഭ്യമാകുന്നതുവരെ താൽക്കാലിക പരിഹാരമായി പോർട്ടബിൾ വെന്റിലേറ്റർ ഉപയോഗപ്പെടുത്താനാകും. ചെലവ് താരതമ്യേന കുറവാണ്.
ശ്വസനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന കോവിഡ് ബാധിതർക്ക് പോർട്ടബിൾ വെന്റിലേറ്റർ പെട്ടെന്നുതന്നെ പ്രാണവായു ലഭ്യമാക്കും. സ്റ്റെപ്പർ മോട്ടോർ, പിവറ്റ് എന്നീ സംവിധാനങ്ങൾവഴി നിയന്ത്രിക്കുന്ന ബാഗ് വാൽവ് മാസ്ക് (ബിവിഎം) വഴിയാണ് പ്രാണവായു ലഭ്യമാക്കുന്നത്. ശ്വസനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എൽസിഡി സ്ക്രീനിലൂടെ പ്രദർശിപ്പിക്കും. ഈ വിവരങ്ങൾ ചികിത്സിക്കുന്ന ഡോക്ടർക്ക് മൊബൈൽ ഫോണിൽ ലഭ്യമാകും. അതിനാൽ, യഥാസമയം രോഗിയുടെ അവസ്ഥ വിലയിരുത്താനാകും. സാങ്കേതിക തകരാറുകളുണ്ടായാൽ പോർട്ടബിൾ വെന്റിലേറ്ററിൽ ഘടിപ്പിച്ചിരിക്കുന്ന അലാറംവഴി അറിയാനും തകരാർ പരിഹരിക്കാനും സാധിക്കും.
ടികെഎം എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ എം എൻ ഷാഫി, കാർത്തിക് എസ് പ്രകാശ്, മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്‌മാൻ പി ബി ഷിബുകുമാർ, വിദ്യാർഥികളായ എം എസ് അലി, എസ് മുഹമ്മദ് സൽമൻ എന്നിവരടങ്ങുന്ന സംഘമാണ് പോർട്ടബിൾ വെന്റിലേറ്റർ എന്ന ആശയത്തിനുപിന്നിൽ. ചെലവ് കുറവായതിനാൽ വൻതോതിൽ നിർമിക്കാമെന്നതും പോർട്ടബിൾ വെന്റിലേറ്ററിന്റെ പ്രത്യേകതയാണ്.
Comments