കേന്ദ്ര പ്രവാസി വകുപ്പ് പുതുവര്‍ഷത്തില്‍ വീണ്ടും പ്രാഞ്ചിയേട്ടന്‍മാരെ സൃഷ്ടിച്ചു സ്വയം അപഹാസ്യരാകുന്നു. ഇക്കഴിഞ്ഞ ദിവസം വിതരണം ചെയ്ത പ്രവാസി ഭാരതീയ സമ്മാന്‍ നേടിയവര്‍ മിക്കവരും കേന്ദ്രമന്ത്രി വയലാര്‍ രവിയുടെയും വന്‍വ്യവസായികളുടെയും അടുത്ത് ബന്ധമുള്ളവരാണെന്ന് ആക്ഷേപം. ഇവര്‍ക്ക് ഉപഹാരം നല്‍കിയതിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തുവന്നു.പ്രവാസി സമ്മാന്‍ നല്‍കുന്ന രീതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകള്‍.
കഴിഞ്ഞ ദിവസം അവസാനിച്ച പന്ത്രണ്ടാമത് പ്രവാസി ദിവസില്‍ നാലു മലയാളികളടക്കം13 പേര്‍ക്കാണ് പ്രവാസി ഭാരതീയ സമ്മാന്‍ വിതരണം ചെയ്തത്. ഇതില്‍ ഗാന്ധിജിയുടെ കൊച്ചുമകളും ഉള്‍പ്പെടുന്നു.ദക്ഷിണാഫ്രിക്കയിലെ സാമൂഹിക പ്രവര്‍ത്തകയാണവര്‍. ഇവര്‍ക്ക് പുരസ്കാരം നല്‍കിയതില്‍ സംഘടനകള്‍ക്ക് പരിഭവമില്ല.എന്നാല്‍ പുരസ്കാരം നേടിയ മലയാളികളായ നാലുപേര്‍ അതിനു അര്‍ഹരല്ലെന്നാണ് വിവിധ പ്രവാസി സംഘടനകള്‍ വാദിക്കുന്നത്. അര്‍ഹരായവരെ തഴഞ്ഞത് പ്രവാസികളോടുള്ള അവഗണനയാണെന്നും ഇവര്‍ പറയുന്നു.
രാഷ്ട്രീയക്കാരുടെയും വന്‍കിട വ്യവസായികളുടെയും അടുപ്പക്കാര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം എന്ന് ആക്ഷേപമുണ്ട്.പ്രവാസി മലയാളി സംഘടനകള്‍ പോലും അറിയാത്ത, പ്രവാസി മലയാളികള്‍ക്കിടയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്തവര്‍ക്കാണത്രേ ഇത്തവണ പുരസ്കാരം നല്‍കിയിരിക്കുന്നത്.എന്തടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പുരസ്കാരം നല്‍കിയതെന്ന ചോദ്യത്തിന് പ്രവാസി വകുപ്പ് നല്‍കുന്നത് അവരുടെ ബയോഡാറ്റയാണ്. എന്നാല്‍ ഇവരെ അറിയുന്ന പ്രവാസികള്‍ പ്രാഞ്ചിയെട്ടന്‍ സ്റ്റയിലിലുള്ള ബയോഡാറ്റ കണ്ടു അത്ഭുതപ്പെടുന്നു.വന്‍ വിവാദത്തിലേക്കാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് കൊടിയിറങ്ങിയത്.സംഘടനകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര പ്രവാസി വകുപ്പ്.
Comments