ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത് ഭരണകൂടവും തിരഞ്ഞെടുത്ത ഗവണ്‍മെന്റുമാണെന്നാണ് പൊതുവെയുള്ള വെപ്പ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെയും ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ ഇവിടെ വേറെ ആളുകളുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാജ്യത്തെ അവര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍. ചെറിയ രീതിയിലുള്ള സംഭാവനയൊന്നുമല്ല കോര്‍പ്പറേറ്റുകളുടെ മൂലധനത്തില്‍ നിന്നും രാഷ്‌ട്രീയ കക്ഷികളുടെ വിഹിതത്തിലെത്തിയിരിക്കുന്നത്. 2004-12 കാലയളവില്‍ മാത്രം കോര്‍പറേറ്റുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 378.89 കോടി രൂപയാണ്.
2014 ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. ഇനിയിത് എത്ര ഇരട്ടിയാകുമെന്നും എന്തൊക്കെ അഴിമതികള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ഏതൊക്കെ കോര്‍പ്പറേറ്റുകള്‍ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ ലേബലില്‍ ജനവിധി തേടുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോം (എഡിആര്‍) എന്ന സന്നദ്ധ സംഘടന ആണ് പുതിയ കണക്കു പുറത്തു വിട്ടിരിക്കുന്നത്. ഇതു പ്രകാരം 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കോര്‍പറേറ്റുകള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 378.89 കോടി രൂപയാണ്. ഈ കാലയളവില്‍ ആകെ ലഭിച്ച സംഭാവന 435.87 കോടി രൂപയാണ്. ഇതില്‍ 378.89 കോടിയും കോര്‍പ്പറേറ്റുകളുടെ സംഭാവനയാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മൊത്തം ചിലവായതിന്റെ 87 ശതമാനമാണിത്. ദേശീയ പാര്‍ട്ടികളുടെ മാത്രം വിവരമാണിത്. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങിക്കുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ പിശുക്ക് കാട്ടിയിട്ടില്ല.
ഏതായാലും കോര്‍പ്പറേറ്റ് ഭീമന്മാരുടെ സംഭാവന വാങ്ങിക്കുന്നതിനായി ഒരു മത്സരം തന്നെ ഇന്ത്യന്‍ രാഷ്‌ട്രീയക്കളരിയില്‍ നടന്നിട്ടുണ്ടെന്നുറപ്പാണ്. 1334 പേരില്‍ നിന്നായി ബിജെപി കൈപ്പറ്റിയത് 192.47 കോടി രൂപയാണ്. അതേ സമയം കോണ്‍ഗ്രസ് കൈപ്പറ്റിയത് 172.25 കോടിയാണ്. ഇത് 418 ആളുകളില്‍ നിന്നായാണ്. ഇതില്‍ കോണ്‍ഗ്രസ് ഇതില്‍ 92 ശതമാനവും ബിജെപി 85 ശതമാനവും സംഭാവന സ്വീകരിച്ചിരിക്കുന്നത് കോര്‍പററ്റ്- ബിസിനസ് സെക്‌ടറില്‍ നിന്നായാണ്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചിരിക്കുന്നത് നിര്‍മാണ മേഖലയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് റിയല്‍ എസ്റ്റേറ്റാണ്. ഏറ്റവും കുറവ് സംഭാവന സ്വീകരിച്ചിരിക്കുന്നത് ആശുപത്രികളില്‍ നിന്നാണ്. ഷിപ്പിംഗ്, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ നിന്നും നല്ല ശതമാനം സംഭാവന ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കൂടുതലും ലഭിച്ചിരിക്കുന്നത് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ നിന്നാണ് . ബിജെപിക്ക് നിര്‍മാണ മേഖലയില്‍ നിന്നാണ്. ഇതില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ജനറല്‍ ഇലക്‌ട്രറല്‍ ട്രസ്റ്റില്‍ നിന്നാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 36.41 കോടിയും ബിജെപിക്ക് 26.57 കോടിയുമാണ് ഇവര്‍ നല്‍കിയിരിക്കുന്നതദ്. ടോറന്റ് പവര്‍(,11.85കോടി) ഭാരതി ഇലക്‌ടറല്‍ ട്രസ്റ്റ് (11 കോടി) എന്നിവരാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയവരില്‍ തൊട്ടു പിന്നിലുള്ളത്. ബിജെപിക്ക് സംഭാവന നല്‍കിയവരില്‍ രണ്ടും മൂന്നും സ്ഥാനത്ത് ടോറന്റ് പവര്‍(13കോടി), ഏഷ്യാനെറ്റ് ഹോള്‍ഡിംഗ് (10കോടി )എന്നിവരാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ സംഭാവന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ 20,000 നു മുകളില്‍ എത്ര രൂപ സംഭാവന വാങ്ങിയാലും അതിന്റെ വിശദ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കണം. ഇതനുസരിച്ച്‌പാര്‍ട്ടികള്‍ കണക്കുകള്‍ നല്‍കുകയും അതിനെ അടിസ്ഥാനപ്പെടുത്തി എ ആര്‍ ഡി തയ്യാറാക്കുകയും ചെയ്‌ത വിവരമാണിത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 75 ശതമാനവും അജഞാതമാണെന്നും അറിവുള്ളത് 25 ശതമാനം തുകയെപ്പറ്റി മാത്രമാണെന്നും എ.ഡി.ആര്‍ പറയുന്നു. ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന വിവരവും ഈ 25 ശതമാനത്തെക്കുറിച്ചു മാത്രമാണ്.
മറ്റു പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകള്‍ ? എന്‍സിപി -3 കോടി. സിപിഎം- 1.78 കോടി (108പേരില്‍ നിന്നായി), സിപിഐ- 13 പേരില്‍ നിന്നായി 11 ലക്ഷം എന്നിങ്ങനെയാണ്. 2012-13 വര്‍ഷത്തെ കണക്കുകള്‍ കോണ്‍ഗ്രസും സിപിഎമ്മും മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ. അതു കൊണ്ട് ഈ കാലയളവിലെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.
സംഭാവനകളുടെ കണക്കുകള്‍ ഇപ്രകാരമാണ്. ഇതിന്റെ ഫലമാണ് കൂടുതല്‍ ദൂഷ്യം. ഇതിന് വില കൊടുക്കേണ്ടി വരിക ഇന്ത്യയിലെ ഓരോ പൗരനുമാണ്. അല്ലാതെ ഈ പണം വാങ്ങിയ രാഷ്‌ട്രീയക്കാര്‍ മാത്രമല്ല. കാബിനറ്റ് മന്ത്രിമാരും വന്‍കിട കോര്‍പ്പറേറ്റുകളും പങ്കാളികളായ അഴിമതിയാരോപണ പരമ്പരകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കാനാരംഭിച്ചിട്ട് ഒരുപാട് കാലമായി. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം തുടങ്ങുന്നത് ഈ സംഭാവനയില്‍ നിന്നാണ്. മൂലധനസമാഹരണത്തില്‍ നിന്നുമുയര്‍ന്നു വന്ന കുത്തകകള്‍ ഈ മൂലധനത്തിന്റെ ഒരു വിഹിതമാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ എറിഞ്ഞു കൊടുക്കുന്നത്. അവര്‍ക്ക് ഈ കുത്തക എന്നും നിലനിര്‍ത്തണമെങ്കില്‍ അതിന്റെ ഒരു വിഹിതം ഇങ്ങനെ നീട്ടിയെറിഞ്ഞേ മതിയാവൂ. എന്നാല്‍ അതു മനസിലാക്കാത്ത രാഷ്‌ട്രീയക്കാരാകട്ടെ എല്ലിന്‍ കഷണം കണ്ട പട്ടിയെപ്പോലെ അത് കടിച്ചെടുത്തു കൊണ്ട് ഓടുകയാണ്. പക്ഷേ എങ്ങോട്ട്. ഈ വലിച്ചെറിയലിന്റെ മറു വഴിയെ രാജ്യത്തിന്റെ സ്വകാര്യ ആസ്‌തികളടക്കം കൈപ്പിടിയിലാക്കുകയാണ് കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത്. കുത്തകകളുടെ പ്രകൃതി വിഭവങ്ങളുടെ കയ്യടക്കലും പതിവു കാഴ്‌ചയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ ഭരണകൂടം കോര്‍പറേറ്റുകളെ എത്ര മാത്രം വഴിവിട്ടു സഹായിച്ചു എന്നത് നാം കണ്ട കാഴ്‌ചയാണ്. ഇവിടെ രാജ്യത്തിനുണ്ടായ 1,76000 കോടിയുടെ നഷ്‌ടം കോര്‍പ്പറേറ്റുകള്‍ക്ക് ലഭിച്ച ലാഭമാണ്. ഇതില്‍ നിന്നും ചെറിയൊരു തുകയാണ് അവര്‍ ഇത്തരത്തില്‍ ലാഭമുണ്ടാക്കി കൊടുക്കാനായി ഇവര്‍ വാരിയെരിയുന്നത്. ഇത് പക്‌ഷേ ഇന്ത്യയിലെ പണമോഹികളായ രാഷ്‌ട്രീയക്കാര്‍മനസിലാക്കുന്നില്ല. പല കാര്യങ്ങളിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ കല്‍പ്പിക്കുന്ന നിയന്ത്രണം ഇതിന്റെ ഫലമാണ്. നിലവില്‍ കോര്‍പ്പറേറ്റുകള്‍ പ്രവേശിക്കാന്‍ ഇനി ഇടമില്ല. ഏതു മേഖലയിലും അവര്‍ കൈവെച്ചു കഴിഞ്ഞു.
അടുത്തിടെ ബാങ്കിംഗ് മേഖലയിലേക്കും കടക്കാന്‍ ശ്രമിച്ച് കോര്‍പ്പറേറ്റുകളെ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാാന്‍ഡിംഗ് കമ്മിറ്റി തടഞ്ഞിരുന്നു. കോര്‍പ്പറേറ്റ് ആധിപത്യം ഇന്ത്യയില്‍ നിന്നു തുടച്ചു നീക്കിയെങ്കില്‍ മാത്രമേ രാജ്യത്തെ അഴിമതിയും തുടച്ചു നീക്കാനാവൂ. അതിന് ഇനിയും വൈകിയിട്ടില്ല. പക്ഷേ അത് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ കോര്‍പ്പറേറ്റുകളില്‍ നിന്നും ഇത്തരത്തില്‍ ഭീമമായ സംഖ്യ സംഭാവന വാങ്ങുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്.
Comments