മുപ്പതാം വാര്‍ഷികത്തില്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടി വീണ്ടും വിവാദമാകുന്നു.പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും സിഖ് തീവ്രവാദികളെ പുറത്താക്കുവാന്‍ നടത്തിയ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയ്ക്ക് ബ്രിട്ടന്റെ ഉപദേശം ലഭിച്ചിരുന്നുവെന്ന ബ്രിട്ടീഷ് വിദേശ സെക്രട്ടറി വില്യം ഹേഗിന്റെ പ്രസ്താവന വീണ്ടും വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. സൈനിക ഇടപെടലിന്റെ ആലോചനയുടെ തുടക്കത്തിലാണ് ബ്രിട്ടന് ഉപദേശം നല്‍കിയതെന്നും അത് സൈനിക നടപടിയുടെ മൂന്നു മാസം മുന്‍പായിരുന്നെന്നും ഹേഗ് അറിയിച്ചിരുന്നു. 1984 ല്‍ അമൃത്സറിലെ സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ബ്ലൂസ്റ്റാര്‍. ഓപ്പറേഷന് ബ്ലൂസ്റ്റാറിനു ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് വിവാദ വെളിപ്പെടുത്തലുണ്ടായത്.
ഇന്ദിരാഗാന്ധിയുടെ മരണത്തിനുവരെ വഴിവച്ച ഓപ്പറേഷന് ബ്ളൂ സ്റ്റാറിന് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ പിന്തുണ ഉണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന കത്തുകള്‍ പുറത്തായിരുന്നു. ഖലിസ്ഥാന്‍ വാദമുയര്‍ത്തിയ സിഖ് തീവ്രവാദികളെ തുരത്താന്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിക്കുശേഷം, ഇന്ദിരാഗാന്ധിക്കു പിന്തുണ അറിയിച്ചു മാര്‍ഗരറ്റ് താച്ചര്‍ എഴുതിയ കത്തുകളാണു ഗാര്ഡിയന് പത്രം പുറത്തുവിട്ടത്
ഓപ്പറേഷന് എങ്ങനെയായിരിയ്ക്കണമെന്ന് ഇന്ത്യന്‍ സൈനികരെ ബ്രിട്ടന്റെ പ്രത്യേക സേനാ ഓഫീസര്‍ ഉപദേശിച്ചെന്ന റിപ്പോര്‍ട്ടാണ് കത്തിലൂടെ പുറത്ത് വന്നത്.ആക്രമണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി ബ്രിട്ടന് ഒൌദ്യോഗികമായി സമ്മതിച്ചിരുന്നു.
എന്നാല്‍ ഓപ്പറേഷന് ബ്ളൂസ്റ്റാറിന് ബ്രിട്ടന്റെ ഉപദേശം ലഭിച്ചിരുന്നോ എന്ന കാര്യം തനിയ്ക്കറിയില്ലെന്ന് ദൗത്യത്തിന് നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് ജനറല്‍ ബ്രാറും പറഞ്ഞു.
ലഫ് ജനറല്‍ ബ്രാര്‍ ആണ് ഓപ്പറേഷന് ബ്ളൂസ്റ്റാറിന് നേതൃത്വം നല്‍കിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും തമ്മില്‍ ചര്‍ച്ച നടത്തിയെന്നോ എന്തെങ്കിലും വിവരങ്ങള്‍ കൈമാറിയെന്നോ തനിക്ക് അറിയില്ലെന്ന് ബ്രാര്‍ വ്യക്തമാക്കി. ഓപ്പറേഷന് ബ്ളൂസ്റ്റാറിന്റെ ചുമതല തനിക്കു കൈവരുന്നത് 1984 ജൂണ്‍ 1ന് ആണെന്നും 5ന് സൈനിക ഇടപെടല്‍ നടത്തിയെന്നും ബ്രാര്‍ കൂട്ടിചേര്‍ത്തു.
സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയുടെ രൂപരേഖ തയാറാക്കിയത് ഈ കമാന്‍ഡറുടെ നേതൃത്വത്തില്‍ ആയിരുന്നെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഉത്തരവിട്ടിരുന്നു. സിഖ് സുവര്‍ണക്ഷേത്രത്തിലെ സൈനിക നീക്കത്തിലും പിന്നാലെയുണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം സിഖ് പൗരന്മാര് കൊല്ലപ്പെട്ടിരുന്നു. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണിതഫലമായി 30 ഒക്ടോബര്‍ 1984ന് തന്റെ തന്നെ സിഖ് സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു
വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവുമായി ബ്രിട്ടണിലെ സിഖ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു.
Comments