You are Here : Home / Aswamedham 360

കലാഭവന്‍ മണി എത്രമാത്രം ദളിതനാണ്?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, May 23, 2013 02:58 hrs UTC

 കലാഭവന്‍ മണി ഒരു ദളിത് സമുദായത്തില്‍ ജനിച്ചയാളാണ്. നിറം കറുപ്പാണ്. കടുത്ത ജീവിതസാഹചര്യങ്ങളിലൂടെ വളര്‍ന്നയാളാണ്. സിനിമയില്‍ നടനെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ തുടര്‍ച്ചയെന്ന് പറയാവുന്ന സാക്ഷാത്ക്കാരങ്ങളുമാണ്. ഈ സവിശേഷതകള്‍ കൊണ്ടുമാത്രം മണി ഒരു ദളിതന്റെ യഥാര്‍ത്ഥ പ്രതിനിധാനമാണ് എന്ന് പറയാനാകുമോ? സംസ്ഥാന ഇന്‍്റലിജന്‍സ് എ.ഡി.ജി.പി ടി പി സെന്‍കുമാറിന്റെ ഒരു പരാമര്‍ശം വായിച്ചപ്പോഴാണ് ഈ സംശയം. വനപാലകരെ തല്ലിയെന്നാരോപിച്ച് നടന്‍ കലാഭവന്‍ മണിക്കെതിരെ അതിവേഗം പൊലീസ് കേസെടുത്തത് മണി ദളിതന്‍ ആയതിനാലാണെന്നും സംഭവത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ജയറാമോ ദിലീപോ ആണ് ഉള്‍പ്പെട്ടതെങ്കില്‍ പൊലീസ് ഇത്ര പെട്ടെന്നു നടപടിയെടുക്കുമായിരുന്നോ എന്നുമാണ് സെന്‍കുമാര്‍ ചോദിച്ചത്. ഇത് അതിപ്രധാനമായ ഒരു ചോദ്യമാണ്. കാരണം, അതിവേഗം മധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍, ദളിതനും പെണ്ണും മുസ്ലിമും പിന്നാക്കക്കാരനുമെല്ലാം അപരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയമായ ഒരുതരം സവര്‍ണത പൊതുവെ പിടിമുറുക്കിക്കഴിഞ്ഞു. അത് ശാരീരികമായ കടന്നാക്രമണങ്ങള്‍ക്കുവരെ ഈ വിഭാഗങ്ങളെ ഇരകളാക്കിക്കൊണ്ടിരിക്കുന്നു. സെന്‍കുമാര്‍ പറയുന്നപോലെ പൊലീസില്‍ മാത്രമല്ല ദളിതരോട് അസ്പര്‍ശ്യത. മാധ്യമങ്ങളും ഭരണകൂടവുമെല്ലാം ഈ സവര്‍ണന്യൂനപക്ഷത്തിന്റെ ഏജന്‍റുമാരായി മാറുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യമാണ് സെന്‍കുമാറിന്റെ പരാമര്‍ശത്തെ ശ്രദ്ധേയമാക്കുന്നത്. പക്ഷേ, മദ്യപിച്ച് വനപാലകരെ വാഹനം കയറ്റി കൊല്ലാന്‍ ശ്രമിക്കുകയും അവരെ ആക്രമിക്കുകയും ചെയ്ത കലാഭവന്‍ മണിയെ ദളിതനെന്ന നിലക്ക് അടയാളപ്പെടുത്തുമ്പോള്‍ അതില്‍ അപകടങ്ങളേറെയുണ്ട്. കാരണം, ജന്മം കൊണ്ടല്ല ഒരു സ്വത്വത്തെ അടയാളപ്പെടുത്തേണ്ടത് എന്ന പ്രാഥമികമായ തത്വമാണിവിടെ ലംഘിക്കപ്പെടുന്നത്. ജന്മം കൊണ്ട് ഒരാളെ അടയാളപ്പെടുത്തുക എന്നത് സവര്‍ണ്ണതയുടെ ലക്ഷണമാണ്. ഏതു വര്‍ണ്ണത്തില്‍ ജനിച്ചാലും ജീവിതത്തില്‍ അയാള്‍ സ്വീകരിക്കുന്ന നിലപാടാണ് അയാളുടെ സ്വത്വത്തെ നിര്‍ണയിക്കുന്നത്. അതുകൊണ്ട് ദളിതനായി ജനിച്ച ഒരാള്‍ വളരെ എളുപ്പം ദളിത വിരുദ്ധനായി മാറാം. സവര്‍ണ്ണനായി ജനിച്ച ഒരാള്‍ക്ക് ദളിതന്റെ സ്വത്വത്തിലേക്ക് ഉയരുകയുമാകാം. ഈ പരിണാമത്തിന് ജന്മമല്ല, കര്‍മ്മമാണ് അടിസ്ഥാനം. ഈ വസ്തുത വെച്ചു വേണം കലാഭവന്‍ മണിയില്‍ എത്രത്തോളം ദളിതത്വം ഉണ്ട് എന്ന് പരിശോധിക്കാന്‍. ദളിത് കര്‍ഷകതൊഴിലാളി കുടുംബത്തില്‍ ജനിച്ച മണിയുടെ ദുരിതജീവിതം അദ്ദേഹം തന്നെ സദാ വിവരിക്കാറുണ്ട്. അക്കാലത്തെ ദളിത് സമൂഹം പൊതുവില്‍ അഭിമുഖീകരിച്ച ജീവിതാവസ്ഥയാണിത്. അതില്‍നിന്ന് സ്വന്തം കഴിവുകൊണ്ടാണ് മണി നടനെന്ന നിലയിലുള്ള വളര്‍ച്ച നേടിയത്. തന്റെ കര്‍മമണ്ഡലത്തെ മണി എത്രകണ്ട് ദളിതവല്‍ക്കരിച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് മണിയുടെ നിലപാടുകളിലെയും പ്രവൃത്തിയിലെയും ദളിത വിരുദ്ധതയും സവര്‍ണ്ണതയും തലപൊക്കുന്നതായി അറിയുക. സിനിമയില്‍ നിന്ന് കിട്ടുന്ന പണത്തില്‍ ഒരു ഭാഗം മണി ചാലക്കുടിയിലെയും പരിസരത്തെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതായാണ് അദ്ദേഹം പറയുന്നത്. താന്‍ ചെലവാക്കുന്ന പണത്തിന്റെ എത്രയോ ഇരട്ടി മൂല്യം, ഈ പരസ്യപ്പെടുത്തലിലുടെ മണി വര്‍ഷങ്ങളായി നേടിയെടുത്തുകൊണ്ടിരിക്കുന്നു. പാവങ്ങള്‍ക്ക് ഭിക്ഷ നല്‍കി അതിന്റെ ആഢ്യത്വത്തില്‍ കഴിഞ്ഞുകൂടുന്ന ജന്മിത്വവാസനയാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ മണിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ മറവില്‍ തന്റെ എല്ലാവിധ നിയമലംഘനങ്ങള്‍ക്കും ക്രിമിനലിസത്തിനും മണി മുഖംമൂടിയൊരുക്കുകയുമാണ്. മണി ക്രിമിനല്‍ പാശ്ചാത്തലമുള്ള ഒരു നടനാണെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, നടനെന്ന നിലക്കുന്ന തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തി ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ അക്കമിട്ട് വിവരിക്കുന്നുണ്ട്. ദളിതനും നടനും എന്ന നിലക്കുളള അസ്തിത്വം ഈ കുറ്റകൃത്യങ്ങള്‍ക്ക് മറയായി മാറ്റുകയാണ് മണി യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ പേരിലുള്ള ആനുകൂല്യത്തിനും സൗജന്യങ്ങള്‍ക്കും ഇയാള്‍ അര്‍ഹനല്ല. ഇനി നടനെന്ന നിലക്കുള്ള മണിയുടെ പ്രകടനം വിലയിരുത്തിയാലോ? എന്ത് സംഭാവനയാണ് മണി എന്ന നടന്‍ സിനിമക്ക് നല്‍കിയിരിക്കുന്നത്? നിലവാരം കുറഞ്ഞ മിമിക്രിയുടെ വികൃതാനുകരണങ്ങളാണ് മണിയുടെ ഹാസ്യവേഷങ്ങള്‍ . മസില്‍പവറുകൊണ്ട് വില്ലത്തരം കാണിക്കുന്ന വില്ലന്‍ വേഷങ്ങള്‍. അതിഭാവുകത്വത്തിന്റെ അരോചകത്വം ഛര്‍ദ്ദിക്കുന്ന നായകവേഷങ്ങള്‍ ... ഒന്നിലും ഒരു മികച്ച അഭിനേതാവിന്റെ സൂചന പോലുമില്ല. കറുത്തവന്റെ അടയാളങ്ങളില്ല. പകരം, മുഷ്ക്കിന്റേയും ക്രിമിനലിസത്തിന്റേയും വളിച്ച ഹാസ്യത്തിന്റേയും വിലകുറഞ്ഞ പ്രകടനങ്ങള്‍ മാത്രം. നാടന്‍പാട്ടാണ് മണിയൂടെ മറ്റൊരു മേഖല. മണി പാടുന്നത് യഥാര്‍ത്ഥത്തില്‍ നാടന്‍ പാട്ടല്ല. എഴുതി തയ്യാറാക്കി മണിയൂം മറ്റുള്ളവരും സംഗീതം നല്‍കി പാടുന്ന പാട്ടുകളാണവ. നാടന്‍പാട്ട് എന്നാല്‍ എഴുതപ്പെട്ട പാട്ടുകളല്ല. അവ വായ്മൊഴിയായി തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്തുവരുന്നവയാണ്. ഡോ. സി.ജെ കുട്ടപ്പനെപ്പോലുള്ളവര്‍ പാടുന്ന പാട്ടുകള്‍ ശ്രദ്ധിക്കുക. അവയില്‍ അതാതു സമൂഹങ്ങളുടെ ജീവിതവും രാഷ്ട്രീയവും തുടിക്കുന്നുണ്ട്. അവ അവരുടെ ജീവിതപാശ്ചാത്തലങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നവയാണ്. അവയുടെ സംഗീതം അവരുടെ ജീവിതസംഗീതമാണ്. നാടന്‍പാട്ടിന്റെ ഈ ജനകീയതയെ മോഷ്ടിച്ച് തികച്ചും സാമൂഹികവിരുദ്ധമായി അവതരിപ്പിക്കുകയാണ് മണി ചെയ്യുന്നത്. മണിയുടെ പാട്ടുകള്‍ എങ്ങനെയാണ് സാമൂഹികവിരുദ്ധമാകുന്നത്? അവയുടെ ഉള്ളടക്കം കൊണ്ടുതന്നെ. സ്ത്രീ ലൈംഗികതയെയും അസാന്മാര്‍ഗികതകളെയും അശ്ലീലത്തെയുമാണ് മണിയുടെ പാട്ടുകള്‍ വിഷയമാക്കുന്നത്. ഒളിച്ചുനോട്ടവും ഒളിച്ചോട്ടവും അവിഹിതബന്ധവും സ്ത്രീശരീരത്തിന്‍െറ കാമവെറിപൂണ്ട വര്‍ണനകളുമാണ് മണിയുടെ പാട്ടുകളുടെ പ്രധാന ഉള്ളടക്കം. നിലവാരം കുറഞ്ഞ ഒരുതരം ‘സന്തോഷ് പണ്ഡിറ്റ് രചനയും സംഗീതവും’. നാടന്‍പാട്ടിന്റെ വ്യാജസംഗീതം ഉപയോഗിക്കുന്നതുകൊണ്ടാണ് അവ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്നത്. ഇതാണോ സെന്‍കുമാര്‍ മണിയില്‍ ആരോപിക്കുന്ന ദളിതത്വം? അദ്ദേഹം പ്രതിസ്ഥാനത്തുനിര്‍ത്തുന്ന മമ്മൂട്ടിയും മോഹന്‍ലാലുമെല്ലം മണിയേക്കാള്‍ എത്രയോ വിദഗ്ധമായി തങ്ങളുടെ അഭിനയസ്വത്വത്തിലൂടെ ദളിതത്വത്തെ അടയാളപ്പെടുത്തിയവരാണ്. അവരാരും തങ്ങളുടെ സ്വത്വത്തെ തെരുവില്‍ നിയമലംഘനത്തിന് ദുരുപയോഗം ചെയ്തിട്ടില്ല. (മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വന്നേക്കാം. ഈ കേസില്‍ മോഹന്‍ലാല്‍ ഒഴിവാക്കപ്പെട്ടത് സെന്‍കുമാര്‍ ആരോപിക്കുന്ന പരിഗണനകളാലല്ല, വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി മോഹന്‍ലാലിന്റെ ‘ആശ്രിതനടനാ’ണ് എന്നതുകൊണ്ടാണ്). അത് അഴിമതിയും മന്ത്രിയുടെ അധികാര ദുര്‍വിനിയോഗവും മാത്രമാണ്. സെന്‍കുമാര്‍ പറയുന്ന വര്‍ണ്ണ വിവേചനത്തിന്റെ തലം അതിനില്ല). അതുകൊണ്ട് കലാഭവന്‍ മണിയുടെ ദളിതത്വം വ്യാജവും കപടവുമാണ്. അതിന്റെ പേരില്‍ ഈ നടനെ അടയാളപ്പെടുത്തുന്നത് ദളിതരോട് ചെയ്യുന്ന കൊടുംക്രൂരതയായിരിക്കും.

    Comments

    May 24, 2013 03:03
    Good Article Moideen

    May 24, 2013 03:03
    Good Article Moideen

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.