മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എംപി എന്‍കെ പ്രേമചന്ദ്രന്‍ അശ്വമേധത്തോടു പ്രതികരിക്കുന്നു.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.
ഫലപ്രദമായ പോംവഴി പുന:പരിശോധന ഹര്‍ജി
സുപ്രീം കോടതി നിയോഗിക്കുന്ന മൂന്നംഗസമിതിയുടെ സന്ദര്‍ശനം മൂലം കേരളത്തിന് അല്‍പ്പം പോലും ആശ്വാസമുണ്ടാകാന്‍ പോകുന്നില്ല.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി വന്നു. വിധി വന്നയുടനെ തമിഴ്‌നാട് അതിനായുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇനി എന്താണ് ചെയ്യാനാവുക ?
സുപ്രീം കോടതി വിധി പൂര്‍ണമായും കേരളത്തിന്റെ താല്‍പ്പര്യങ്ങളെ തമസ്‌കരിക്കുന്നതാണ്. എല്ലാ പഴുതുകളുമടച്ചുള്ള ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്. പരിമിതമായ സാധ്യതകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ളത്. അതില്‍ ഏറ്റവും പ്രധാനമായത് നിലവിലുള്ള വിധി ആഴത്തില്‍ പരിശോധനക്ക് വിധേയമാക്കിക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പുന:പ്പരിശോധനക്ക് സാധ്യതയുണ്ടെങ്കില്‍ പുന:പ്പരിശോധന ഹര്‍ജി നല്‍കുക എന്നുള്ളതാണ്. രണ്ടാമത്തേത് വളരെ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുന്നതാണ്. ഇതൊരു രാഷ്ട്രീയ ഉടമ്പടിയല്ല, കേവലം സിവില്‍ കോണ്‍ട്രാക്റ്റ് മാത്രമാണ് എന്നാണ് വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ സംസ്ഥാന ഗവണ്‍മെന്റിന് റദ്ദു ചെയ്യാന്‍ കഴിയും. അതാണ് രണ്ടാമത്തെ ഓപ്ഷന്‍. പക്ഷേ അത്തരമൊരു നടപടിയിലേക്ക് സംസ്ഥാനം പോകുമ്പോള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടാകും. അതു കൊണ്ട് തന്നെ കൂടുതല്‍ ആലോചനക്കു ശേഷമേ അത്തരമൊരു ഓപ്ഷനിലേക്ക് എത്തിച്ചേരാനാകൂ എന്നാണ് എനിക്ക് പറയാനുള്ളത്. മൂന്നാമത്തെ ഓപ്ഷന്‍ കേരള ജലസംരക്ഷണ നിയമം 2003 അനുസരിച്ച് നിലവിലുള്ള ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് ഡാം റീ കമ്മീഷന്‍ ചെയ്യുന്നതിലുള്ള നടപടി സ്വീകരിക്കുക എന്നതാണ്. അതും മുമ്പത്തെ ഓപ്ഷന്‍ പോലെ തന്നെ വന്‍തോതിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കും. ഡാം സുരക്ഷിതമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഡാം സേഫ്റ്റി അതോറിറ്റിക്ക് അത്തരമൊരു നിലപാടിലേക്കു പോകുവാനുള്ള സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഈ പരിമിതമായ സാധ്യതകള്‍ മാത്രമാണ് ഗവണ്‍മെന്റിനു മുന്നിലുള്ളത്. അത്രയേറെ പഴുതുകള്‍ അടച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി.
താങ്കള്‍ പറഞ്ഞ ആദ്യത്തെ ഓപ്ഷനായ പുന: പരിശോധന ഹര്‍ജി മാത്രമാണല്ലോ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും പ്രത്യാഘാതങ്ങള്‍ ഉണ്ടാകാത്ത ഏക മാര്‍ഗം. പക്ഷേ കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെ വെക്കാതെ ഇത്തരമൊരു വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഇനിയൊരു പുനപരിശോധനഹര്‍ജി നല്‍കിയതു കൊണ്ട് എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന് കരുതുന്നുണ്ടോ ?
ഈ പ്രശ്‌നങ്ങളൊക്കെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുള്ളതാണ്. സുരക്ഷ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്‌നങ്ങളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ സജീവമായ പരിഗണനയില്‍ കൊണ്ടു വന്നിട്ടുള്ളതാണ്. അതൊന്നും പരിഗണിക്കപ്പെടാതെ പോയി എന്നുള്ളത് നിര്‍ഭാഗ്യകരമാണ്. കാരണം സുപ്രീം കോടതിയുടെ വിധി തികച്ചും ഏകപക്ഷീയമാണ്. 2006 ലെ സുപ്രീം കോടതി വിധിയുടെ പുനരാവര്‍ത്തനം മാത്രമാണത്. അന്ന് വിധിക്കാധാരമായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തന്നെയാണ് ഉന്നതാധികാര സമിതിയും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. 2006 ന്റെ ആവര്‍ത്തനം മാത്രമാണ് 2014 ലെ സുപ്രീം കോടതിയുടെ വിധിയും വിധിക്കാധാരമായ ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും.
ഡാമിന്റെ സുരക്ഷ, അറ്റകുറ്റപ്പണികള്‍, ജലനിരപ്പ് എന്നിവ പരിശോധിക്കാന്‍ മൂന്നംഗസമിതി രൂപവത്കരിക്കാനുള്ള നിര്‍ദ്ദേശം നമുക്ക് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ടോ ? സമിതി വര്‍ഷത്തില്‍ രണ്ടു തവണ സന്ദര്‍ശനം നടത്തിയതു കൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ ?
അല്‍പ്പം പോലും ആശ്വാസമുണ്ടാകാന്‍ പോകുന്നില്ല. കേന്ദ്ര ജലക്കമ്മീഷന്‍ ആണിതിന്റെ ചെയര്‍മാന്‍. കേന്ദ്ര ജലക്കമ്മീഷന്‍ എക്കാലവും ഇതിനെക്കുറിച്ച് സ്വീകരിച്ചിട്ടുള്ള നിലപാട് ഡാമിന് ഒരു കോട്ടവും ഇല്ല, ഡാം സമ്പൂര്‍ണമായും സുരക്ഷിതമാണ് എന്നാണ്. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാനായി തമിഴ്‌നാടിന്റെ ഒരംഗം കൂടിയുള്ള സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി കൂടി ഉണ്ട് എന്നുള്ളതു കൊണ്ട് കേരളത്തിന് ആശ്വാസകരമായി ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. നമ്മുടെ കാര്യങ്ങള്‍ വേദിയില്‍ പറയാം എന്നല്ലാതെ അതിനപ്പുറം ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുമെന്നുള്ള വിശ്വാസം എനിക്കില്ല.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെടുത്താനാവുമെന്നും അതുവഴി പരിഹാരമാകുമെന്നുമാണ് കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നത്. ഈ അഭിപ്രായത്തെ എങ്ങനെ കാണുന്നു ?
എനിക്കതിനോട് യോജിപ്പില്ല. കാരണം എത്രയോ കാലമായി സുപ്രീം കോടതി മുമ്പാകെ, ഉന്നതാധികാര സമിതി മുമ്പാകെ, കേന്ദ്ര ഗവണ്‍മെന്റിനു മുമ്പാകെ, കേന്ദ്ര ജലക്കമ്മീഷനു മുമ്പാകെ ഇത്രയേറെ വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതൊക്കെ ഉന്നയിച്ചിട്ടും ബോധ്യപ്പെടാത്ത കേന്ദ്ര ജലക്കമ്മീഷന്‍ ഇപ്പോള്‍ കേരളത്തിന്റെ ഒരു പ്രതിനിധി തമിഴ്‌നാടിന്റെ ഒരു പ്രതിനിധിയുടെ സാന്നിധ്യത്തില്‍ പോയി സംസാരിച്ചാല്‍ ബോധ്യപ്പെടും എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.
അണക്കെട്ട് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക വേണ്ട വിധത്തില്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടോ ?
അങ്ങനെയൊരു അഭിപ്രായമില്ല എന്നു മാത്രമല്ല, ഈ കേസ് മുമ്പൊരിക്കലും നടക്കാത്ത രീതിയില്‍ ഏറ്റവും ഫലപ്രദവും ശക്തവുമായ രീതിയിലാണ് ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ അരക്ഷിതാവസ്ഥയും വിവിധ തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിക്കാന്‍ കേരളം തയ്യാറായത്. നിര്‍ഭാഗ്യവശാല്‍ 2006 ലെ വിധി നിലനില്‍ക്കുന്നതിനാല്‍ വിധിക്കാധാരമായ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ കേന്ദ്ര ജലക്കമ്മീഷന്‍ ഒറു പ്രധാന പങ്കു വഹിച്ചു എന്നതു കൊണ്ടു മാത്രം കേരളത്തിന്റെ വാദം പരിഗണിക്കപ്പെടാതെ പോയതാണ്. കേരളം വളരെ ഫലപ്രദമായ രീതിയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.
Comments