ഇത് കേള്‍ക്കുന്നവന്റെ കാലമല്ല, എതിര്‍ക്കുന്നവന്റെ കാലമാണ്. എന്തിനെയും എതിര്‍ക്കുക. അതാണിവിടെയിപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ ജീന്‍സുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഇവയൊക്കെ കണ്ടാല്‍ തോന്നുക യോശുദാസ് ഇതങ്ങ് പിന്‍വലിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു എന്നാണ്. ഇവിടെ മഹിളകള്‍ അനുഭവിക്കുന്ന എത്രയോ പീഡനങ്ങളും മറ്റു സംഭവങ്ങളുമുണ്ട്. അതിലൊന്നും പ്രതികരിക്കാതെ യേശുദാസ് ഇങ്ങനെ പറഞ്ഞുപോയി എന്നതുകൊണ്ട് അദ്ദേഹത്തെ വേട്ടയാടുന്നത് കഷ്ടമാണ്. അദ്ദേഹത്തിന്റെ മഹത്വത്തെ ബഹുമാനിച്ചുകൊണ്ടെങ്കിലും അദ്ദേഹത്തെ വെറുതെ വിടാമായിരുന്നു.
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ജീന്‍സ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം,. അത് അവനവന്റെ ഇഷ്ടം. അല്ലാതെ അതിനു മാത്രം മഹിളാകോണ്‍ഗ്രസുകാര്‍ ഇറങ്ങി ഇവിടെ ഒരു വിപ്ലവമൊന്നും സൃഷ്ടിക്കേണ്ട ഒരു കാര്യവുമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയോ ലതാ മങ്കേഷ്‌കറെപ്പോലെയോ ഒക്കെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ജന്മമാണ് യേശുദാസിന്റേത്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ അതിനെ മാന്യമായിട്ട് എതിര്‍ക്കുക. അല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ പ്രതികരണം പോലെ അദ്ദേഹത്തോട് കാണിക്കുന്നത് ആ കലാകാരനെ നിന്ദിക്കുന്നതിന് തുല്യമാണ്.
വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ ഐഡന്റിറ്റിയാണ്. മലയാളികളെ തിരിച്ചറിയുന്നത്, അല്ലെങ്കില്‍ പഞ്ചാബികളെ തിരിച്ചറിയുന്നത്, അതുമല്ലെങ്കില്‍ കാശ്മീരികളെ തിരിച്ചറിയുന്നത് അവരുടെ വസ്ത്രധാരണത്തിലൂടെയാണ്. എല്ലാവരും അവരുടെ സംസ്‌കാരത്തിനു യോജിച്ച വസ്ത്രമാണ് ധരിക്കുന്നത്. മാത്രമല്ല, ഒരാളുടെ വ്യക്തിത്വം പ്രകടമാവുന്നത് അയാള്‍ ധരിക്കുന്ന വസ്ത്രത്തിലൂടെയാണ്. ഇത് മനുഷ്യനുണ്ടായകാലം മുതല്‍ക്കുള്ള രീതിയാണ്.
ഓരോരുത്തരും അവനവന്റെ സംസ്‌കാരത്തിനും കാലാവസ്ഥക്കും യോജിച്ച വിധത്തിലാണ് വസ്ത്രം ധരിക്കുക. ആ പാത ഇന്നും പിന്തുടരുന്നു. ഇത്തരത്തില്‍ അന്യദേശക്കാരുടെ വസ്ത്രം ധരിക്കുക വഴി ഒരാളുടെ വ്യക്തിത്വം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതു മാത്രമല്ല, വന്ധ്യതക്കു വരെ കാരണമാവുന്നുണ്ട് ഇത്തരം ഇറുകിയ വസ്ത്രങ്ങള്‍. ശാസ്ത്രം പോലും അതു പറയുന്നുണ്ട്. അതു കൊണ്ടു തന്നെ പറയുകയാണ്. ഇത് രാഷ്ട്രീയവത്കരിക്കേണ്ട ഒന്നാണെന്നു തോന്നുന്നില്ല. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ തന്നെ മഹിളകളാണ് ഈ പ്രതിഷേധത്തിനു പിന്നില്‍. ആകെ ഏഴു പേരാണ് അവരുടെ ആ ജാഥക്കുണ്ടായിരുന്നത്.
അദ്ദേഹമങ്ങനെ പറഞ്ഞുപോയി. അതിന് അദ്ദേഹത്തിന്റെ മരുമക്കളുടെ ഫോട്ടോ ഇട്ട് പകരം വീട്ടുക. എന്തൊക്കെ കോലാഹലങ്ങളാണ് നടക്കുന്നത്. അത്ര മാത്രം വലിയ പാതകമൊന്നും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹമൊരു അഭിപ്രായം പറഞ്ഞു. നല്ലതാണെങ്കില്‍ അത് ഉള്‍ക്കൊള്ളുക. മോശമാണെങ്കില്‍ തളളിക്കളയാനുള്ള അവകാശം നമുക്കുണ്ട്. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ………
Comments