You are Here : Home / Aswamedham 360

സ്‌ത്രീകളെ അബലകളാക്കുന്നതാര് ?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, October 14, 2014 12:22 hrs UTC

 
 
ഏഷ്യാനെറ്റില്‍ ഈ ആഴ്ചയില്‍ സം‌പ്രേക്ഷണം ചെയ്ത  നമ്മള്‍ തമ്മില്‍ പരിപാടിയില്‍ 'നാവേറും നാരികള്‍' എന്ന എപ്പിസോഡില്‍ സ്‌ത്രീ സമത്വത്തെക്കുറിച്ചും, സ്‌ത്രീ സ്വാതന്ത്യത്തെക്കുറിച്ചുമൊക്കെ ചൂടേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നത് കൗതുകപൂര്‍‌വ്വമാണ് വീക്ഷിച്ചത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്തവരാകട്ടേ വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വത്തിനുടമകളും. ഒരുവശത്ത് നാരീജനങ്ങളും മറുവശത്ത് കുറെ പുരുഷന്മാരും നിരന്നിരുന്ന് പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ വിളിച്ചുകൂവുന്നുണ്ടായിരുന്നു. പുരുഷന്മാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും അഭിപ്രായങ്ങളും നാരീജനപക്ഷത്തുനിന്നും പലതവണ ഉയര്‍ന്നു കേട്ടു. ആദാമിന് വാരിയെല്ല് ഒരെണ്ണം കൂടിയപ്പോള്‍ അത് കളയേണ്ട എന്നു വിചാരിച്ച് ദൈവം അതുകൊണ്ട് സ്‌ത്രീയെ സൃഷ്ടിച്ചു എന്നൊക്കെ തട്ടിവിടുന്നതും കേട്ടു...!!
 
ഇങ്ങനെ ഒരു ചര്‍ച്ച നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം എന്താണെന്നറിയില്ല. പുരുഷന്മാര്‍ സ്‌ത്രീകളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്ന ദ്വയാര്‍ത്ഥത്തിലാണ് ചര്‍ച്ച നീണ്ടുപോയത്. സത്യത്തില്‍ സ്‌ത്രീകള്‍ക്ക് നിര്‍ഭയം കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്തത് പുരുഷന്മാരുടെ പ്രവൃത്തിദൂഷ്യം കൊണ്ടാണോ എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ട സമയമാണിത്. സ്‌ത്രീകളെ അബലകളായി ചിത്രീകരിച്ച് മുന്നേറാനുള്ള പുരുഷ തന്ത്രമായും ചില ഫെമിനിസ്റ്റുകള്‍ വ്യാഖ്യാനിക്കുന്നതും കേട്ടു. സത്യത്തില്‍ സ്‌ത്രീകളുടെ ശത്രുക്കള്‍ ആരാണ്? അവരുടെ ഏറ്റവും വലിയ രണ്ട് ശത്രുക്കള്‍ അവനവനും മറ്റു സ്ത്രീകളും തന്നെയാണ്.
 
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ സിനിമ-സീരിയല്‍-റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരാകാന്‍ എന്തുംചെയ്യാന്‍ തയ്യാറുള്ള സ്‌ത്രീകള്‍ രംഗപ്രവേശം ചെയ്യുന്നത് ഇന്ന് പതിവുകാഴ്ചകളാണ്‌. ഇവയിലെല്ലാം ഒരുതരം ‘ഇരതേടല്‍’ അല്ലേ നടക്കുന്നത്. കമ്പോളവല്‍ക്കരിക്കപ്പെടുന്ന പെണ്ണുടലുകള്‍ സ്റ്റാറ്റസ്‌ സിംബലുകളാകുന്നിടത്ത്‌ നിരവധിപേര്‍ നയിക്കപ്പെടുന്ന കുഞ്ഞാടുകളാകുന്നു. ഐറ്റം ഡാന്‍സെന്ന പേരില്‍ അരങ്ങില്‍ കാട്ടുന്ന കോപ്രായങ്ങളില്‍ സ്വയം മറന്നിരിക്കുന്ന സാംസ്കാരിക കേരളത്തോട്‌ എന്താണ്‌ പറയേണ്ടത്‌. ആത്മവിശ്വാസം നഷ്ടപ്പെട്ട വൃദ്ധന്മാര്‍ പോലും ഈ കെട്ടിയാടലുകളില്‍ ആത്മനിര്‍വൃതി കൊള്ളുന്നത്‌ എന്തുകൊണ്ടാണ്‌. തന്റെയുള്ളിലെ കെട്ടടങ്ങാത്ത തൃഷ്ണകളിന്‍മേല്‍ തീര്‍ത്ഥം തളിക്കലായിരിക്കാം ഇത്തരം കൂത്തുകളിലേയ്ക്ക്‌ ഇവരെ നയിക്കുന്നത്‌. ഛേ… എന്ന്‌ ആരെങ്കിലും പറഞ്ഞുപോയാല്‍ വിട്ടേക്കുക.
 
പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ പല സീരിയല്‍ നടികളും ഉണ്ടായിരുന്നു. ഇന്ന് കേരളത്തിലെ വിവിധ ചാനലുകളില്‍ വരുന്ന സീരിയലുകളില്‍ സ്‌ത്രീകളെ മാതൃകയാക്കേണ്ട ഏതെങ്കിലും ഒരെണ്ണമുണ്ടോ? ഭര്‍ത്താവിനെ ശത്രുവായി കാണുന്ന ഭാര്യ, മന്ദബുദ്ധികളായ ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാര്‍, കണ്ണീരും കൈയ്യുമായി ജീവിക്കുന്ന ഭാര്യ, ഭര്‍ത്താവിന്റെ എല്ലാ ക്രൂരതയേയും മൗനമായി സഹിക്കുന്ന ഭാര്യ, ക്രൂരയായ അമ്മായിയമ്മ, മക്കളെ വേര്‍തിരിച്ചു കാണുന്ന അമ്മ, സഹോദരിയുടെ ജീവിതം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന സഹോദരി, ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെടുന്ന പെണ്‍കുട്ടികള്‍, ക്രിമിനല്‍ സ്വഭാവമുള്ള സ്‌ത്രീകള്‍, ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുന്ന ഭാര്യ, മക്കളുടെ മുന്‍പില്‍ വെച്ച് ഭര്‍ത്താവിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ഭാര്യ, മരുമകള്‍ക്ക് വിഷം കൊടുക്കുന്ന അമ്മായിയമ്മ, സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ജയിലില്‍ കയറ്റാന്‍ ശ്രമിക്കുന്ന മരുമകള്‍, പെണ്‍‌വാണിഭ ഏജന്റുമാര്‍, പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന സ്‌ത്രീകള്‍, അങ്ങനെ അങ്ങനെ പോകുന്നു കഥാപാത്രങ്ങള്‍...!! ഇവയെല്ലാം വീടുകളിലെ സ്വീകരണമുറിയിലെത്തുന്നതോ സന്ധ്യാനാമം ചൊല്ലുന്ന സമയത്തും. ഈ വക സീരിയലുകളില്‍ അഭിനയിക്കുന്ന നടിമാര്‍ തന്നെയായിരുന്നു 'നാവേറും നാരികള്‍' എന്ന പരിപാടിയില്‍ പങ്കെടുത്തതും.
 
പ്രതികരിക്കേണ്ട സമയത്തും പ്രതികരിക്കാതെ നിന്നു സഹിക്കുന്ന സ്‌ത്രീകളാണ് മറ്റുള്ളവര്‍ക്ക് വളം വെക്കുന്നത്. ബുദ്ധിഭ്രമം പിടിപെട്ട തിരക്കഥാകൃത്തുക്കളും, സം‌വിധായകരും പടച്ചുവിടുന്ന കഥ സീരിയലായി പുറത്തുവരുമ്പോള്‍ അവയുടെ സ്‌ക്രിപ്റ്റ് വായിച്ചുനോക്കി സ്‌ത്രീയെ അബലകളായി ചിത്രീകരിക്കുന്നതാണോ അവ, ഇതില്‍ അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കാണിക്കാതെ അവയിലെല്ലാം അഭിനയിച്ച് കാശു വാങ്ങി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് കുറ്റം മുഴുവന്‍ പുരുഷന്മാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് അഭികാമ്യമാണോ എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. സമൂഹത്തിന്റെ എല്ലാവിധ നിബന്ധനകളും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ സ്ത്രീക്ക് അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്. താനും പുരുഷനും ഒരേ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗങ്ങളാണെന്നും, താനൊട്ടും പിന്നിലെല്ലെന്നും എന്ന് സ്ത്രീക്ക് സ്വയം എന്ന് തോന്നുന്നുവോ അന്ന് എല്ലാം ശുഭമാവുമെന്ന് പ്രതീക്ഷിക്കാം.
 
ഇന്ന്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന പദമാണ്‌ പീഡനം. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അടയാളപ്പെടുന്നത്‌ അതിക്രൂരമായ അധിനിവേശങ്ങളുടെ രൂപത്തിലും. ഒരു വ്യക്തിയുടെ അറിവോ, സമ്മതമോ കൂടാതെയുള്ള ശാരീരികമോ മാനസികമോ ആയ കടന്നുകയറ്റങ്ങള്‍ നിത്യജീവിതത്തിന്റെ സര്‍വ്വമാന സഹനസീമകളും തകര്‍ത്ത്‌ മുന്നേറുന്നു. പീഡിപ്പിക്കപ്പെട്ടവരുടെ പട്ടിക മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധം പെരുകുന്നു. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുമുതല്‍ എണ്‍പതു കഴിഞ്ഞ വയോധികര്‍ വരെ പീഡിത പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ ഞെട്ടലോടെ നമ്മള്‍ തിരിച്ചറിയുന്നു; പീഡനങ്ങളില്‍ തെളിയുന്ന സ്ത്രീസാന്നിദ്ധ്യം. സാംസ്കാരിക പ്രബുദ്ധതയും സാക്ഷരതയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും കേരളീയരെ നയിക്കുന്നത്‌ എങ്ങോട്ടേയ്ക്കാണ്‌.
 
സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് അവര്‍ക്കിടയിലെ സ്ത്രീയുടെ പദവി. സ്ത്രീ സുരക്ഷിതയും ആദരിക്കപ്പെടുന്നവളുമാവുമ്പോഴാണ് പുരുഷന്‍ നല്ലവനും സംസ്‌കാര സമ്പന്നനും എന്ന് വിളിക്കപ്പെടുന്നത്, സമൂഹം ശ്രേഷ്ഠവും ഉത്തമവുമെന്ന വിശേഷണത്തിന് അര്‍ഹമാകുന്നത്. നല്ല നാട്, പുരോഗമിച്ച സമൂഹം എന്നൊക്കെയുള്ള നമ്മുടെ അവകാശവാദങ്ങള്‍ തീര്‍ത്തും അര്‍ഥശൂന്യമാണെന്ന് സമകാലിക പെണ്‍വേട്ടകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ട്രെയിനിലും ദല്‍ഹിയില്‍ ബസ്സിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇതിന്റെ തെളിവാണ്. ഒരിക്കല്‍ അനുഭവിച്ച പീഡനത്തിന്റെ ബാക്കി പത്രം ജീവിതകാലം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട സ്ത്രീ രൂപങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ ഭയാനകമാണ്. നാല്‍പതിലേറേ പേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണല്ലോ.
 
നഗ്നതയെ പൂജിക്കുന്ന സമൂഹമാണ് ഇന്ന് നിലവിലുള്ളത്. കണേണ്ടതും കാണിക്കേണ്ടതുമായ ശരീര ഭാഗങ്ങള്‍ എന്താണെന്നതിനെക്കുറിച്ച ധാര്‍മിക ബോധത്തിന്റെ എല്ലാ അതിര്‍വരമ്പുകളും തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സിനിമ, ചാനല്‍, പത്രം, പരസ്യം തുടങ്ങി എവിടെയും അശ്ലീലതയും ലൈംഗിക ആഭാസങ്ങളും തിമിര്‍ത്താടുന്നു. എല്ലാ അത്യന്താധുനിക സംവിധാനങ്ങളുമുപയോഗിച്ച് നഗ്നതയും രതിവൈകൃതങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെക്കുന്നു. 'പുതുതലമുറ സിനിമ'കള്‍ വൃത്തികെട്ട അശ്ലീലങ്ങളാലാണ് വേറിട്ട് നില്‍ക്കുന്നത്. സിനിമാ തീയറ്ററിലും ഓഫീസിലും വീട്ടിലും ഇതെല്ലാം ആവോളം കണ്ടാസ്വദിച്ച് തെരുവിലേക്കിറങ്ങുന്ന ഞരമ്പു രോഗികള്‍, മുന്നില്‍ കാണുന്ന സ്ത്രീ ശരീരങ്ങളില്‍ ഇതെല്ലാം പരീക്ഷിക്കും. ഒരേ കമ്പനിയുടെ രണ്ട് ചാനലുകള്‍ പരിശോധിക്കുക. വാര്‍ത്താ ചാനലില്‍ സ്ത്രീപീഡനത്തിനെതിരായ വികാര വിക്ഷോഭങ്ങള്‍! അവരുടെ തന്നെ വിനോദ ചാനലില്‍ ആളുകളെ കാമരോഗികളാക്കുന്ന രതിവൈകൃതങ്ങളും! സ്ത്രീകളുടെ വസ്ത്രധാരണ രീതിയും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. പെട്ടെന്ന് വികാരങ്ങള്‍ക്ക് ചൂടുപിടിക്കുന്ന ശരീരപ്രകൃതിയുള്ളവരെ അസ്വസ്ഥരാക്കുന്ന അര്‍ധനഗ്‌ന വസ്ത്രധാരണ രീതി സ്ത്രീകളില്‍ വ്യപകമായിക്കൊണ്ടിരിക്കുന്നു. ഇതും ഒരു കാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കവെ, പിന്നെ എങ്ങനെയാണ് സ്ത്രീപീഡനം അവസാനിക്കുക?
 
അര്‍ഥശൂന്യമായ മുറവിളികള്‍ക്കും അകക്കാമ്പ് കാണാത്ത ആള്‍ക്കൂട്ട അഭ്യാസങ്ങള്‍ക്കും ഭരണകൂടത്തിന്റെ കപടനാട്യങ്ങള്‍ക്കും അപ്പുറം അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായില്ലെങ്കില്‍ സ്ത്രീപീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. സ്‌ത്രീയെ അബലകളാക്കി ചിത്രീകരിക്കുന്ന ചാനലുകള്‍ക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് എന്റെ അഭിപ്രായം.
 
ഓരോ പുലരിയും പുറത്തുകൊണ്ടുവരുന്നത്‌ ഞെട്ടിക്കുന്ന പീഡനകഥകളാണ്‌. സാധാരണ മനസ്സുകള്‍ക്ക്‌ അചിന്തനീയവും അവിശ്വസനീയവുമായ വിധത്തിലുള്ള അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന സ്ത്രീ സാന്നിദ്ധ്യങ്ങള്‍. സോളാര്‍ കേസില്‍ ഉള്‍‌പ്പെട്ട സരിതയും ശാലുവുമൊക്കെ ഒരുപക്ഷേ പുരാഷാധിപത്യ സാമൂഹ്യവ്യവസ്ഥിതിയില്‍, പുരുഷ നിര്‍മ്മിതനിയമ വ്യവസ്ഥയില്‍, പുരുഷന്റെ നിസ്സാരത വെളിപ്പെടുത്തുന്ന ആസൂത്രിതമായ പദ്ധതികളായിരുന്നോ എന്ന്‌ വേണമെങ്കില്‍ ഒരു ഫെമിനിസ്റ്റ്‌ ചിന്ത ഉരുത്തിരിഞ്ഞേക്കാം.  പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലല്ലോ. എന്തുകൊണ്ട്‌ സ്ത്രീകള്‍ ഇത്തരം ക്രൂരതയ്ക്ക്‌ കൂട്ടുചേരുന്നു…? എവിടെയാണ്‌ മാനവികത നഷ്ടമായത്‌…? ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ എന്നു പറയുന്നതുപോലെ സമൂഹം അര്‍ഹിക്കുന്ന സ്ത്രീയെ മാത്രമേ പ്രതീക്ഷിക്കാവൂ എന്നതാവുമോ…? എങ്കില്‍ അപചയത്തിന്റെ മൂലകാരണങ്ങളല്ലേ കണ്ടെത്തേണ്ടതും തിരുത്തപ്പെടേണ്ടതും.
 
സമൂഹത്തില്‍ ഇരകളും വേട്ടക്കാരുമല്ല വേണ്ടതെന്നും പരസ്പരപൂരകങ്ങളായ സ്ത്രീയും പുരുഷനും തോളോട്‌ തോള്‍ ചേര്‍ന്ന്‌ നയിക്കുന്ന കുടുംബങ്ങളും സമൂഹവും രാഷ്ട്രവുമാണ്‌ വേണ്ടതെന്നുമുള്ള ആദ്യപാഠങ്ങള്‍ അലയടിക്കുന്നതാവണം സാംസ്കാരിക കേരളം. അവിടെ കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരികളും സ്ത്രീകളുടെ സുരക്ഷിതത്വവും പുരുഷന്റെ മേല്‍നോട്ടവും സമന്വയിക്കട്ടെ.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.