ക്യാപ്റ്റന്‍ രാജു
എന്റെ ജന്മനക്ഷത്രം വിശാഖമാണ്. വിശാഖവുമായി ബന്ധപ്പെട്ട ദൈവമായതിനാല്‍ ഗണപതിയെ ഇഷ്ടമാണ്. ഏഴുമാസം മുമ്പാണ് പമ്പയിലെ ഗണപതിക്ഷേത്രത്തില്‍ പോകണമെന്ന ആഗ്രഹമുണ്ടായത്. തിരിച്ചുവരുമ്പോള്‍ എരുമേലിയിലെ ക്ഷേത്രത്തിലൊന്നു കയറി. ക്ഷേത്രവും പള്ളിയും തൊട്ടുരുമ്മിയിരിക്കുന്ന കാഴ്ച ഒരദ്ഭുതമാണ്. ഞങ്ങളുടെ തിരുമേനിമാര്‍ ഉള്‍പ്പെടെ എല്ലാ സമുദായക്കാരും അയ്യപ്പനും വാവരുമിരിക്കുന്ന ആ സ്ഥലം കണ്ടു മനസിലാക്കണം. എല്ലാ പ്രജകളെയും അനുഗ്രഹിക്കുന്ന ആ ദൈവങ്ങള്‍ പുതിയൊരനുഭവമാണ് സമ്മാനിച്ചത്.
ഞാന്‍ തൊഴുതുകൊണ്ടിരിക്കെയാണ് ആന്ധ്രാപ്രദേശിലെ കുറെ അയ്യപ്പഭക്തര്‍ അവിടേക്ക് കയറിവന്നത്. അതിലൊരാള്‍ എന്നെക്കണ്ടപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
''ചുടു അക്കഡെ ക്യാപ്റ്റന്‍ രാജു.''
നാല്‍പ്പത് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുള്ള പരിചയമാണ്. വൃദ്ധരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓടിവന്ന് എന്റെ കാല്‍ക്കല്‍വീണ് നമസ്‌കരിച്ചു. ഞാനവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് അനുഗ്രഹം നല്‍കി. അപ്പോഴാണ് അയ്യപ്പസന്നിധിയില്‍ എഴുതിവച്ച വാക്കിന്റെ മഹത്വം മനസിലാക്കിയത്.
തത്വമസി.
നീ ആരെത്തേടി വന്നുവോ അത് നീ തന്നെയാവുന്നു എന്നര്‍ഥം. തെലുങ്കില്‍നിന്ന് വന്ന ഭക്തര്‍ക്ക് എന്നില്‍ക്കാണാന്‍ കഴിഞ്ഞതും ഈ ദൈവത്വമാണ്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നതും സ്വാമി എന്ന് വിളിച്ചാണ്.
മകരവിളക്കിന് മുന്നോടിയായി ഗരുഡന്‍ പറക്കുന്നത് എന്റെ ജന്മനാടായ ഓമല്ലൂര്‍ ക്ഷേത്രത്തിനടുത്തു കൂടിയാണ്. അതിന്റെയൊരു നിഴല്‍ വീണാല്‍ പോരേ, ക്യാപ്റ്റന്‍രാജുവിനും സഹോദരങ്ങള്‍ക്കും നാട്ടുകാര്‍ക്കും നന്മയുണ്ടാകാന്‍.
അയ്യപ്പന്‍ പുലിയുമായി പോകുമ്പോള്‍ വിശ്രമിച്ച പുലിപ്പാറ എന്ന സ്ഥലവും എന്റെ വീടിനടുത്താണ്. ഇതൊക്കെയാണ് പുണ്യം.
പന്തളം കൊട്ടാരത്തില്‍ കയറിയപ്പോഴാണ് ക്രിസ്ത്യാനിയായ എനിക്ക് തിരുവാഭരണം അടുത്തുനിന്നു കാണാനുള്ള സൗഭാഗ്യം കിട്ടിയത്. കുടുംബക്ഷേത്രത്തിലെ നട തുറന്നപ്പോള്‍ ഇരുപതു മിനുട്ടുനേരം പ്രാര്‍ഥിച്ചു. പിന്നീട് നേര്‍ച്ചയിട്ടു. പൂജാരി എനിക്ക് നിവേദ്യം തന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ മഹാറാണി എത്ര ലാളിത്യത്തോടെയാണ് അന്ന് പെരുമാറിയത്.
ശബരിമലയില്‍ ഇതുവരെയും പോയിട്ടില്ല. പോകാനൊരു മോഹമുണ്ട്. കൃത്യമായി വ്രതമെടുത്ത് ചട്ടങ്ങള്‍ ലംഘിക്കാതെ പോകാനാണ് ഞാനാഗ്രഹിക്കുന്നത്. പതിനെട്ടുപടികള്‍ ചവിട്ടിവേണം അയ്യപ്പസന്നിധിയിലെത്താന്‍. ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ല.
Comments