You are Here : Home / Aswamedham 360

ദേ വന്നു ദാ പോയി , ചാനലുകളുടെ നനഞ്ഞ പടക്കങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, July 27, 2013 04:34 hrs UTC

സോളാര്‍ തട്ടിപ്പില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ റേറ്റിംഗ് ഉയരുന്നത് ചാനലുകള്‍ക്ക്. റേറ്റിംഗ് ഉയര്‍ത്താന്‍ മന:പ്പൂര്‍‌വ്വം ഓരോ ദിവസവും ബ്രേക്കിംഗ് ന്യൂസ് പടച്ചുവിടാനും തുടങ്ങിയിരിക്കുകയാണ് ചാനലുകള്‍ . സോളാര്‍ വിവാദത്തില്‍ ഇതുവരെ മുന്നിലായിരുന്ന റിപ്പോര്‍ട്ടര്‍ ചാനലിനെ മലര്‍ത്തിയടിച്ചാണ് വെള്ളിയാഴ്ച ഏഷ്യാനെറ്റ് രഹസ്യമൊഴി ഇടപാട് പുറത്തുകൊണ്ടുവന്നത്. സരിതയുടെ അഭിഭാഷകന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് നടത്തിയ കോടികളുടെ ഇടപാടിന്റെ എല്ലാ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു ഏഷ്യാനെറ്റ് ഇത് പുറത്തുവിട്ടത്. ഇതില്‍ അല്‍പം പതറിപ്പോയ റിപ്പോര്‍ട്ടറാകട്ടെ, ഉടന്‍ ഈ വാര്‍ത്ത സ്വന്തം നിലക്ക് തെളിവുകളുടെ പിന്‍ബലമില്ലാതെ റിപ്പോര്‍ട്ടുചെയ്തു. ബി.ജെ.പി നേതാവ് കെ സുരേന്ദ്രക്കൊണ്ട് ബെന്നി ബഹനാന്റെ പേര് പറയിച്ചാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ വാര്‍ത്തക്ക് ബ്രേക്ക് നല്‍കിയത്. കോണ്‍ഗ്രസ് എം.എല്‍.എ ബെന്നി ബഹനാനും മന്ത്രി കെ. ബാബുവുമാണ് മൊഴി പുറത്തുവരാതിരിക്കാന്‍ സരിതയുടെ അഭിഭാഷകന് കോടികള്‍ വാഗ്ദാനം ചെയ്തതെന്നാണ് സുരേന്ദ്രന്റെ വാദം.

 

 

 

 

 

ഉടന്‍, മന്ത്രി എ.പി. അനില്‍കുമാര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് ഏഷ്യാനെറ്റ് വീണ്ടും മേല്‍കൈ നേടി.രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് വേണ്ടി മലപ്പുറത്തെ ഒരു വ്യവസായി സരിതയോട് നേരിട്ട് നടത്തിയ ഇടപെടലാണ് ഫോണ്‍ സംഭാഷണം വഴി ചോര്‍ത്തിയെടുത്ത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നത് രണ്ടു തരത്തില്‍ ആണെന്നും പണമിടപാടിന് മന്ത്രിയുടെ സ്ഥിരീകരണം ഉണ്ടെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനില്‍കുമാറുമായി നടത്തിയതും അതിന് പിന്നാലെ മലപ്പുറത്തെ വ്യവസായിയുമായി നടന്നതുമായ ടെലിഫോണ്‍ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടനിലക്കാനായി പ്രവര്‍ത്തിച്ച വ്യവസായി സംസ്ഥാന പ്രൈവറ്റ് ബസ് അസോസിയേഷന്‍ ഭാരവാഹി ഹംസയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്നി ബഹന്നാന്‍ എംഎല്‍എ അഭിഭാഷകന്‍ വഴി പണം കൊടുത്ത് സരിതയുടെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് നേരത്തേ ഉയര്‍ന്ന ആരോപണം ചാനല്‍ റിപ്പോര്‍ട്ടറോട് എ.പി. അനില്‍കുമാര്‍ ഫോണ്‍ സംഭാഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. സരിത എസ്.നായരുടെ മൊഴി സര്‍ക്കാരിനെയും ഭരണകക്ഷിയെയും പ്രതികൂട്ടില്‍ നിര്‍ത്തുമെന്ന സൂചന വന്നതോടെ സരിതയെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയാണ് നേരത്തേ പുറത്തു വന്നത്. മൊഴി മാറ്റാന്‍ നാലു കോടി രൂപ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് ഒരു എം.എല്‍.എ വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ട്.

 

 

 

ആള്‍മാറാട്ടം നടത്തി മന്ത്രിയുമായി സംസാരിച്ചപ്പോള്‍ മന്ത്രി അക്കാര്യം സമ്മതിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ ്ചാനല്‍ പറയുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില്‍ വിളിച്ചപ്പോഴാണ് സരിതയുടെ മൊഴി മാറ്റാന്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് അനില്‍കുമാര്‍ വെളിപ്പെടുത്തിയതത്രെ. സംഭവം ചോര്‍ന്നതെങ്ങനെയെന്ന ചോദ്യത്തിന് ബെന്നിച്ചേട്ടനോട് ചോദിച്ച് പറയാമെന്ന മറുപടിയാണ് അനില്‍കുമാര്‍ നല്‍കിയത്. സരിതയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നത് മലപ്പുറത്തെ വ്യവസായിയായ ഹംസ നെല്ലിക്കുന്നാണ്. എന്നാല്‍ അനില്‍കുമാര്‍ ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ താന്‍ പരിധിവിട്ട് ഒരുവാക്കും സംസാരിച്ചിട്ടില്ല. തെറ്റായും ഒന്നും പറഞ്ഞിട്ടില്ല. പണം കൊടുത്ത് കാര്യങ്ങള്‍ നടക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. ആര്യാടനെ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള കേശവേട്ടന്‍ എന്ന് ആള്‍മാറാട്ടം നടത്തിയാണ് വിളിച്ചത്……തന്റെ സംഭാഷണം പൂര്‍ണ്ണമായി ചാനല്‍ സംപ്രേഷണം ചെയ്തിട്ടില്ല……ഹംസ രണ്ട് മൂന്ന് തവണ തന്നെ വിളിച്ചിരുന്നു……..ഇത്തരം കാര്യങ്ങള്‍ തന്നോട് സംസാരിക്കേണ്ടതില്ലെന്നുമാണ് അയാളോട് പറഞ്ഞതെന്നും അനില്‍കുമാര്‍ പറയുന്നു. മൊഴി പുറത്തുവരാതിരിക്കാന്‍ ഒത്തുതീര്‍പ്പിന് താന്‍ ശ്രമിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറയുന്നു…..കൂട്ടത്തില്‍ താന്‍ മധ്യസ്ഥരെ വിട്ടിട്ടില്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ‘തെളിവു’കളില്‍ ഏറെ പഴുതുകളുണ്ടെന്ന് അവ കേട്ടാലറിയാം. അവിടെനിന്നും ഇവിടെനിന്നും അല്‍പാല്‍പം ഫോണ്‍ സംഭാഷണങ്ങളെടുത്ത് കൂട്ടിയോജിപ്പിച്ചാണ് തെളിവുകളെന്ന പേരില്‍ പുറത്തുവിടുന്നത്.

 

 

 

ഇവയുടെ ആധികാരികത സംശയാസ്പദമാണ്. വാര്‍ത്തയില്‍ പറയുന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായി ഇവരാരും തന്നെ പറയുന്നില്ല. അവരുടെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത്, അതിലെ ചില സൂചനകളിലൂടെ, അവര്‍ പറഞ്ഞത് ഇതാണ് എന്ന് സമര്‍ത്ഥിക്കുകയാണ് യഥാര്‍ഥത്തില്‍ ചാനലുകള്‍ ചെയ്യുന്നത്. അല്ലാതെ പ്രേക്ഷകന് വ്യക്തമാകും വിധമുള്ള ഫോണ്‍സംഭാഷണമോ മറ്റ് തെളിവുകളോ ശേഖരിക്കാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ വാര്‍ത്തകളില്‍ എത്ര സത്യമുണ്ടെന്നത് അവര്‍ക്കുമാത്രമേ അറിയൂ. പണ്ടത്തെപ്പോലെ കേരളത്തിലെ ചാനല്‍ വിശേഷങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഇപ്പോള്‍ . ലോകമൊട്ടാകെ തത്സമയം വാര്‍ത്തകള്‍ കാണാനുള്ള സം‌വിധാനം ഇപ്പോള്‍ ഉണ്ടെന്നുള്ള വസ്തുത വിസ്മരിച്ചുകൊണ്ടാണ് പലപ്പോഴും ചാനലുകള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. അതുകൊണ്ട് നേട്ടത്തിലേക്കാളേറെ കോട്ടമാണുണ്ടാകുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ‘അമ്മ ചത്താലും സെന്‍സേഷന്‍ മതി’ എന്ന ചിന്താഗതി ചാനലുകള്‍ക്ക് ഒട്ടും ഭൂഷണമല്ല. അമേരിക്കയിലാണെങ്കില്‍ എല്ലാ ചാനലുകളും (യു.എസ്. ടൈം & ഇന്ത്യാ ടൈം) ഇപ്പോള്‍ ലഭ്യമാണ്. സോളാര്‍ വിവാദങ്ങള്‍ മാത്രമല്ല, കേരളത്തിന്റെ കുതിപ്പും തുടിപ്പുമെല്ലാം അപ്പപ്പോള്‍ അമേരിക്കയില്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി എ പി അനില്‍കുമാറിനെ പേര് മാറ്റി വിളിച്ചത് തെറ്റ്. അതിലും വലിയ തെറ്റാണ് ഫോണ്‍ സംഭാഷണം പൂര്‍ണമായി സംപ്രേഷണം ചെയ്യാതിരുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ വാദം ഇക്കാര്യത്തില്‍ ശരിയാണ്. കൃത്യമായ തെളിവ് ഏഷ്യാനെറ്റിന് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ സംശയത്തിന് ഇട നല്‍കാത്തവിധം അത് സംപ്രേഷണം ചെയ്യുക എന്നത് പ്രാഥമികമായ മാധ്യമ ധാര്‍മ്മികത മാത്രമാണ്. അതിനുപകരം റേറ്റിംഗ് മുന്നില്‍ കണ്ട് ഞെട്ടിപ്പിക്കുന്ന ബ്രേക്ക് നല്‍കാന്‍ മല്‍സരിക്കുമ്പോള്‍ സത്യം ദൃശ്യങ്ങള്‍ക്കിടയില്‍ കുഴിച്ചുമൂടപ്പെടുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.