ഉദയകുമാര്‍ ചിറക്കല്‍
ജാതിയും മതവും പറഞ്ഞു തമ്മില്‍ തല്ലുന്ന ജനങ്ങളേ ഒന്നോര്‍ക്കുക. നാളെ രണ്ടു ജാതിയെ ഭൂമുഖത്തുന്ടാകൂ. വെള്ളമുള്ളവനും വെള്ളമില്ലത്തവനും.കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ കേരളം നെട്ടോട്ടമോടുന്ന കാലത്ത് എങ്ങിനെ ആ ഗതി കേരളത്തിനുവന്നു എന്ന് പരിശോധിക്കാം.
കുടിവെള്ളം കിട്ടാക്കനി ആയി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്.എന്നാല്‍ ആ അവസ്ഥ മുതലെടുത്ത് കുപ്പിവെള്ളം വിറ്റു കോടികള്‍ കൊയ്യാനാണ് വന്‍കിട ലോബികളുടെ ശ്രമം.
കുടിവെള്ളം മൌലികാവകാശമാണ്. അതിനെ കച്ചവടച്ചരക്കാക്കി മാറാനുള്ള ശ്രമങ്ങള്‍ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.അടുതകാലത്തായി മഴ നമ്മോടു തീരെ കരുണകാട്ടുന്നുമില്ല.
നാടുകയറിക്കയറി നമ്മള്‍ കാടും കയറി.പ്രകൃതിയെ നശിപ്പിച്ചത് നമ്മള്‍ ഇന്നനുഭവിക്കുന്നു. നാളത്തെ അവസ്ഥ ഇതിലും ഭീകരമാകും. കുളങ്ങളും കായലുകളും നദികളും വറ്റി.ജലസംഭരണികള്‍ എല്ലാം തന്നെ മണ്ണിട്ട് നികത്തി.പ്രകൃതി നമുക്ക് അനുഗ്രഹിച്ചു നല്‍കിയ വനസമ്പത്തു ഒന്നൊന്നായി നശിപ്പിച്ചു.മരങ്ങള്‍ നശിപ്പിച്ചതുമൂലം ജലാശയങ്ങളുടെ ആഴവും വിസ്തൃതിയും കുറഞ്ഞു. മണ്ണൊലിപ്പ് കൂടി. വനങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞു കൊണ്ട് വൃക്ഷങ്ങള്‍ നശിപ്പിക്കുന്നതോറൊപ്പം പുതു വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള ശ്രമം ഇന്നത്തെ ആളുകളില്‍ നിന്ന് ഉണ്ടാകുന്നുമില്ല.കുടിവെള്ളത്തിനു പുതിയ പദ്ധതികള്‍ ആവശ്യമാണ് .ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍.
പ്രകൃതിയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ കുന്നുകള്‍ ഏറ്റവും നല്ല ജലസംഭാരണികളാണ്.എന്നാല്‍ കുന്നുമുഴുവന്‍ ഇടിച്ചു തകര്‍ത്തു.മണലെടുപ്പ് ജലാശയങ്ങളിലെ ജലനിരപ്പ് താഴാനിടയാക്കുന്നു.ഇതിനെല്ലാം പുറമേ ഫാക്ടറികളില്‍ നിന്ന് വിഷമയമായ മാലിന്യങ്ങള്‍ പുഴയിലേക്കും മറ്റു ജലാശയങ്ങളിലെക്കും ഒഴുക്കിവിടുന്നത് മൂലം ജലം മലിനമാകുന്നു.അറവുശാലകളില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യം മാരകമായ വിഷാംശം ജലത്തില്‍ കലര്‍ത്തുന്നു.മനുഷ്യത്വം നശിക്കുന്നു.
പ്രകൃതിയെ ദ്രോഹിക്കാതിരിക്കുക.പുഴകളും കുന്നുകളും നമ്മുടെ പൂര്‍വികര്‍ നമുക്കുവേണ്ടി കരുതിവയ്ച്ചതാണ്. അത് വരും തലമുറയില്‍ നിന്ന് നാം കടം വാങ്ങിയതാണ്. നാളേയ്ക്കു വേണ്ടി നാം വെള്ളമെങ്കിലും കരുതി വയ്ക്കണം.ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് കുടിവെള്ളത്തിനു വേണ്ടി മാത്രമായിരിക്കും.അങ്ങിനെ നടക്കാതിരിക്കട്ടെ... {jcomments on}
Comments