You are Here : Home / Aswamedham 360

വലയിലായ വി.എസ്

Text Size  

Story Dated: Tuesday, August 13, 2013 08:14 hrs UTC

"സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ നമ്മള്‍ താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിക്കുന്നു". സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തെ ഉപരോധവേദിയില്‍ അണികളോട് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ പ്രതിപക്ഷനേതാവും സമരത്തിന്റെ പ്രധാനസംഘാടകനും ആയ വി എസ് അച്ച്യുതാനന്ദന്റെ മുഖം മ്ലാനമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാലും മുഖ്യമന്ത്രി രാജിവച്ചേ സമരക്കാര്‍ പിരിഞ്ഞു പോകൂ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞ വി.എസിന്‍റെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് പിണറായി ഉപരോധ സമരത്തിന്റെ 'അന്ത്യം' കുറിച്ചത്‌. പിണറായിയുടെ പെട്ടന്നുള്ള പ്രഖ്യാപനം അണികളിലും അമ്പരപ്പുളവാക്കി. ഒരു 'യുദ്ധം' പ്രതീക്ഷിച്ച് തിരുവനന്തപുരത്തെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ നിരാശരാക്കുകയാണ് ഉണ്ടായത്‌. എന്നാല്‍ ആ തീരുമാനം പാര്‍ട്ടിയില്‍ പിണറായിയുടെ ആധിപത്യം ഉറപ്പിക്കുകയും വിഎസിനെ പരമാവധി താഴ്ത്തിക്കെട്ടുകയും ചെയ്തു.

 

ചരിത്രം തിരുത്തിക്കുറിച്ച ഉപരോധ സമരം അവസാനിപ്പിക്കുന്നതിന്റെ ചര്‍ച്ചകളില്‍ ഒരിടത്തും പിണറായി വിജയന്‍ വിഎസുമായി ആലോചിച്ചിരുന്നില്ല. എല്ലാ സംഭവങ്ങളും വളരെ പെട്ടെന്നായിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ പോലീസ്‌ അന്വേഷണം അവസാനിച്ചതിനാല്‍ ഇടതുപക്ഷം ആവശ്യപ്പെട്ടതുപോലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ നടത്തി പറയുന്നു. സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നും ഉമ്മന്‍ ചാണ്ടി അപേക്ഷിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാനം എന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അറിയിക്കുന്നു. രാജിയില്‍ കുറഞ്ഞ ഒരു തീരുമാനവും സ്വീകാര്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ പൊടുന്നനെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഉപരോധം അവസാനിപ്പിക്കുകയാനെന്നും അതേസമയം മുഖ്യമന്ത്രിക്കെതിരെയുള്ള സമരം തുടരുമെന്നും പിണറായി വിജയന്‍ ഉപരോധപന്തലില്‍ പ്രഖ്യാപിച്ചു. ഇത് വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് എന്ന വിമര്‍ശനം സിപിഎമ്മിലും ഇടതുമുന്നണിയിലും ഉണ്ട്.

 

 

 

എല്ലാ ഇടതുമുന്നണി സമരത്തിലും താരമാകാറുള്ള വിഎസിനെ സോളാര്‍ സമരത്തില്‍ കണ്ടില്ല. പാര്‍ട്ടി പറയുന്നത് കേട്ടാണ് വിഎസ്‌ സമരത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയെ അതേപടി അനുസരിക്കുന്ന വിഎസിനെ അണികള്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.സമരം ആരംഭിച്ചത് വിഎസിന്‍റെയും പിണറായി വിജയന്റെയും നേതൃത്വത്തിലാണ്. എന്നാല്‍ അതിലെല്ലാം പിണറായി ആയിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ മുഖങ്ങളായിരുന്ന വി.എസും പിണറായിയും സോളാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുമിച്ച് സമരത്തിന് നേതൃത്വം നല്‍കാനിറങ്ങിയത് അണികള്‍ക്ക് വന്‍ ആവശമാണ് നല്‍കിയത്. സോളാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പി.ബി കമ്മിഷന്‍ ഉടനെ കേരളത്തിലെത്തേണ്ടതില്ലെന്ന നിലപാട് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചപ്പോള്‍ വിഎസിനും അല്പം ആശ്വാസം കിട്ടി. കേന്ദ്ര കണ്ട്രോള്‍ കമ്മീഷന്‍ കേരളത്തിലേക്ക് വരുന്നത് വിഎസിനെപ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു പുറത്താക്കാനാണ്. എന്നാല്‍ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്‌ ഇതൊന്നും നടക്കാനിടയില്ല.അതിനാല്‍ സമരം വഴി കൂടുതല്‍ അണികളെ തന്‍റെ ഭാഗത്ത് നിര്‍ത്താമെന്ന് വിഎസും കണക്കുകൂട്ടിയിരുന്നു. സമരം നീണ്ടുപോകുകയാണെന്കില്‍ സെക്രട്ടേറിയട്ടിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാരം കിടക്കാനും വിഎസിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് പിണറായി ഉപരോധ സമരം പിന്‍വലിച്ചതിലൂടെ തകര്ത്തുകളഞ്ഞത്.

 

 

 

 

സമരം നല്ലനിലയില്‍ പിന്‍വലിക്കേണ്ടത് പിണറായിയുടെയും ആവശ്യമായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ സമരവും ഭൂ സമരവും രാപ്പകല്‍ സമരവും എട്ടുനിലയില്‍ പൊട്ടിയതിന്റെ ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായിക്ക് തന്നെയാണ്. സെക്രട്ടെറിയെറ്റ് ഉപരോധമാകട്ടെ എത്ര കാലം നീണ്ടുനില്‍ക്കും എന്നതിനെപറ്റി സി.പി.എമ്മിനും ആശങ്കയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവച്ചില്ലെങ്കില്‍ സമരം നീളും. ആദ്യ ആവേശമോന്നും അണികള്‍ക്ക്‌ പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ടാകില്ല. അതുമാത്രമല്ല സമരം ഉണ്ടാക്കുന്ന ചിലവും അതിഭീകരമായിരിക്കും.ഇതെല്ലാം മുന്നില്‍ കണ്ടാണ് പിണറായി ഇന്നു തന്നെ സമരം പിന്‍വലിച്ചത്.സമരസ്വരം നന്നായപ്പോള്‍ പാട്ട് നിര്‍ത്തി. ഇത് ലോക്സഭാ തിരഞ്ഞെടുപ്പുവരെ അണികളെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടിയെ സഹായിക്കും എന്ന കണക്കുകൂട്ടലില്‍ പിണറായിയുടെ രാഷ്ട്രീയതന്ത്രം വിജയിച്ചു എന്നുവേണം പറയാന്‍. നിര്‍ജീവമായ പാര്‍ട്ടി അണികളെയും സജീവമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കാന്‍ സെക്രട്ടറിയേറ്റ് ഉപരോധം പാര്‍ട്ടിയെ സഹായിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാട്നിയുടെ രാജി ലക്‌ഷ്യം വച്ച് സമരത്തിനിറങ്ങിയ ഇറങ്ങിയ സി.പി.എം അമ്പേ പരാജയപ്പെട്ടു.എന്നാല്‍ കാലങ്ങളായി സമരങ്ങളൊന്നും ക്ലച്ചു പിടിക്കുന്നില്ലെന്ന പതിവ് വിമര്‍ശനത്തില്‍നിന്ന് പിണറായി രക്ഷപ്പെട്ടു. ലക്‌ഷ്യം പൂര്‍ത്തീകരിക്കാനാകാത്ത സെക്രട്ടറിയേറ്റ് ഉപരോധ സമരം സി.പി.എമ്മിന് നാണക്കേട് ഉണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പിണറായി വിജയന്‍റെ ആധിപത്യം ഊട്ടിഉറപ്പിക്കലായിരുന്നു.വിഎസിനെ 'കറിവേപ്പില'യാക്കിയ പാര്‍ട്ടി തീരുമാനങ്ങളുടെ കൂട്ടത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധം സുവര്‍ണലിപികളില്‍ എഴുതപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.