You are Here : Home / Aswamedham 360

ട്രമ്പ് ഭരണത്തില്‍ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കുന്നത് 40% വര്‍ധിച്ചു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, November 22, 2017 11:55 hrs UTC

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അധികാരമേറ്റത്തിന് ശേഷം രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ എത്തിയവരെ അറസ്റ്റ് ചെയ്തത് 40% ല്‍ അധികം വര്‍ധിച്ചതായി പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതിനനുസരിച്ച് നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഏറ്റവുമധികം പേരെ തിരിച്ചയച്ചതിനുള്ള റെക്കോര്‍ഡ് ഇപ്പോഴും ബരാക്ക് ഒബാമ ഭരണകൂടത്തിനാണ് സ്വന്തം. ഒബാമയുടെ കാലത്ത് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കുവാന്‍ ശ്രമിച്ച ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്(ഡാക) ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുവാനാണ് ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നത്. കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തിയ എട്ടുലക്ഷം പേരെ അമേരിക്കയില്‍ തങ്ങുവാനും ജോലി ചെയ്യുവാനും മറ്റൊരു നിയമം ഉണ്ടാവുന്നത് വരെ അനുവദിക്കുകയാണ് ഡാക ചെയ്യുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ ഒരു നിയമം പാസ്സാക്കി ഇവരുടെ അമേരിക്കന്‍ താമസം സുരക്ഷിതമാക്കിയില്ലെങ്കില്‍ അവസാന പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ചില്‍ അവസാനിക്കും.

 

അമേരിക്കയിലേയ്ക്ക് കടക്കുവാന്‍ അനുവദിക്കുന്ന അഭയാര്‍ത്ഥികള്‍ 45,000(പ്രതിവര്‍ഷം) ആയിരിക്കുമെന്നാണ് പുതിയ നിയമം. ഇത് ഇക്കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ചതാണ്. ഒബാമ ഭരണകാലത്ത് 1,10,000 പേരെ വരെ പ്രതിവര്‍ഷം അനുവദിച്ചിരുന്നു. രാഷ്ട്രീയ വൈരുധ്യങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ സ്വന്തം നാട് വിട്ട് ഓടേണ്ടിവരുന്നവരുടെ എണ്ണം വല്ലാതെ വര്‍ധിച്ചിരിക്കുകയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തലിന് വലിയ വിലയുണ്ടായില്ല. മധ്യഅമേരിക്കയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടി വരുന്ന യുവാക്കള്‍(അല്‍ സാല്‍വഡോര്‍, ഹോണ്ടുരാസ്, ഗ്വോട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്)ക്ക് അഭയം നല്‍കുന്ന പദ്ധതിയും ഇല്ലാതാക്കി, ഈ പദ്ധതി അനുസരിച്ച് 21 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് നിയമപരമായി അമേരിക്കയിലുള്ള തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ കഴിയുവാന്‍ അപേക്ഷിക്കാമായിരുന്നു. 2014 ല്‍ ടെക്‌സസ് പോലെയുള്ള സംസ്ഥാനങ്ങളില്‍ ധാരാളം കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുവാന്‍ ആഗ്രഹിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി ഉടലെടുത്തത്. ഇതിന് വേണ്ടി മുന്നോട്ടിറങ്ങിയവര്‍ ഈ കുട്ടികള്‍ അഭയാര്‍ത്ഥികളാണെന്നും അമേരിക്ക അവരെ സ്വീകരിക്കണമെന്നും വാദിച്ചു.

അങ്ങനെയാണ് ഡിസംബര്‍ 2014 ല്‍ ഈ പദ്ധതി നടപ്പിലായത്. ട്രമ്പ് നിര്‍ദേശിച്ച തീവ്ര പരിശോധന(എക്‌സ്ട്രീം വൈറ്റിംഗ് നടപ്പിലാകുന്നത് വരെ 2000 ഓളം പേര്‍ ഇങ്ങനെ നിയമപരമായി അമേരിക്കയിലെത്തി. ജനുവരി 27 ന് ചില മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കയിലേയ്ക്കുള്ള യാത്ര ട്രമ്പ് വിലക്കി. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പുതിയ നിര്‍ദേശം അനുസരിച്ച് ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് കൊറിയയയില്‍ നിന്നും ഉള്ളവര്‍ക്കും വനീസ്വലയിലെ ചില ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ക്കും ആണ് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യുവാന്‍ വിലക്ക്. ടെമ്പററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ്(ടിപിഎസ്) പതിനായരിക്കണക്കിനാളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രകൃതി ദുരന്തവും സായുധ ആക്രമണവും സഹിച്ചവര്‍ക്ക് താല്‍ക്കാലികാഭയം നല്‍കുന്ന ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുണ്ട്. ഇവരുടെ താല്‍ക്കാലികവാസം അനന്തമായി നീളുന്നതായാണ് പരാതി. ഹെയ്റ്റി, സുഡാന്‍, നിക്കാരഗ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരോട് അവരുടെ ടി.എസ്. അവസാനിച്ചു എന്നോ അവസാനിക്കുവാന്‍ പോകുകയാണെന്നോ അറിയിച്ചു കഴിഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തില്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടിപിഎസ് നല്‍കിയിട്ടുണ്ട്. അല്‍സാല്‍വഡോര്‍, ഹെയ്റ്റി, ഹോണ്ടുരാസ്, നേപ്പാല്‍, നികാരഗ്വാ, സൊമാലിയ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഈ മാസം ആദ്യം 57, 000 ഹോണ്ടുരാസുകാര്‍ക്ക് ഒരു ആശ്വാസം ലഭിച്ചു. അവരുടെ ടിപിഎസ് നീട്ടണോ എന്ന പ്രശ്‌നത്തില്‍ തീരുമാനം എടുക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡിഎച്ച്എസ് ആക്ടിംഗ് സെക്രട്ടറി അവരെ അറിയിച്ചു. മിച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ച് 1999 ലാണ് ഹോണ്ടുരാസുകാര്‍ക്ക് ടിപിഎസ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.