ആവാരയില്‍ ചെറുപ്പകാലത്തെ രാജ്കപൂറായി ആയിരുന്നു. ചാര്‍ ദിവാരി ആയിരുന്നു നായകനായി ആദ്യം പ്രത്യക്ഷപ്പെട്ട ചിത്രം. ആദ്യകാലത്ത് ചിത്രങ്ങള്‍ വേണ്ടത്ര സാമ്പത്തിക വിജയമായില്ലെങ്കിലും പിന്നീട് ധാരാളം പണം വാരിചിത്രങ്ങളുണ്ടായി. പ്രേക്ഷകരെ പ്രേമാനുഭവത്തില്‍ പങ്കാളികളാക്കുവാനും വികാരനിര്‍ഭരരാക്കുവാനും ശശിയുടെ പ്രകടനത്തിന് കഴിഞ്ഞു. ഇന്ന് അമിതാഭിനയത്തില്‍ മാത്രം ആശ്രയിക്കുന്ന കുറെ അധികം താരങ്ങളുണ്ട്. ശശി എപ്പോഴും മിതത്വം പാലിക്കുവാന്‍ ശ്രദ്ധിച്ചു. നിലവാരമില്ലാത്ത റോളുകള്‍ കഴിവതും ഒഴിവാക്കി. വില്ലന്‍ സ്വഭാവം നിഴലിച്ച രണ്ടോ മൂന്നോ റോളുകള്‍ മാത്രമേ സ്വീകരിച്ചുള്ളൂ.
ശശിയുടെ ധാരാളം ചിത്രങ്ങള്‍ ഏക്കാലവും ഓര്‍മ്മിക്കും. എന്നാല്‍ മിമിക്രിക്കാര്‍ സ്ഥാനത്തും അസ്ഥാനത്തും എടുത്ത് ഉപയോഗിക്കുന്ന സംഭാഷണ ശകലം മേരേ പാസ് മാ ഹൈ(ദീവാര്‍)ആണ്. തന്റെ പക്കല്‍ കെട്ടിടങ്ങളും സ്വത്തുവകകളും വാഹനങ്ങളും ഉണ്ട്. നിന്റെ പക്കല്‍ എന്തുണ്ട് എന്ന് ചോദിക്കുന്ന ജേഷ്ഠന്(അമിതാഭ് ബച്ചന്‍) ശശിയുടെ അനുജന്‍ നല്‍കുന്ന മറുപടിയാണ് എന്നോടൊപ്പം അമ്മയുണ്ട്. ആരാധകര്‍ നെഞ്ചിലേറ്റിയ നാല് വാക്കുകള്‍ മിമിക്രി വേദികളില്‍ ഇപ്പോഴും ഹര്‍ഷാരവം ഉയര്‍ത്തുന്നു.
മനോജ് കുമാര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, തുടങ്ങി പല നായകരോടുമൊപ്പം ശശി അഭിനയിച്ചിട്ടുണ്ടെങ്കിലും അമിതാഭിനൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് മാധ്യമങ്ങള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. അമിതാഭിനെക്കാള്‍ മൂന്ന്, നാലു വയസിന് മൂത്തതാണെങ്കിലും ശശി അമിതാഭിന്റെ അനുജനായാണ് ചില ചിത്രങ്ങളില്‍ അഭിനയിച്ചത്. ദീവാറിലെ റോളിലെ പോലെ ഈ റോളുകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മൂന്ന് തലമുറയിലെ നായികമാര്‍ക്ക് നായകനായി ശശി അവരെ പ്രേമിച്ചു. തന്നെക്കാള്‍ സീനിയറായ നടിമാരുടെ പേരുകള്‍ ക്രെഡിറ്റുകളില്‍ തന്റെ പേരിന് മുന്‍പ് ചേര്‍ക്കുന്നതിന് ശശിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. തന്റെ നായിക ആയിരുന്ന ബബിത രാജ്കപൂറിന്റെ മകന്‍ രണ്‍ധീര്‍കപൂറിനെ വിവാഹം കഴിച്ച് കുടുംബത്തില്‍ എത്തിയതിന് ശേഷം തന്നെ അങ്കിള്‍ എന്ന് വിളിച്ചത് തനിക്ക് വലിയ ഷോക്കായിരുന്നു എന്ന് ശശി ഫലിതരൂപേണ പറഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം രാജിന്റെ മറ്റൊരു മകന്‍ റിഷികപൂറും ശശിയുടെ മറ്റൊരു നായികയായിരുന്ന നീതുസിംഗിനെയാണ് വിവാഹം കഴിച്ചത്. നീതു അങ്കിള്‍ എന്ന് വിളിച്ചപ്പോള്‍ പ്രതികരണം എന്തായിരുന്നു എന്ന് ശശി വെളിപ്പെടുത്തിയില്ല.
തങ്ങളുടെ വസ്ത്രാലങ്കാരം ഭാര്യമാരെ ഏല്‍പിക്കുന്ന പ്രവണത തുടങ്ങി വച്ച നായകര്‍ ശശി, ഫിറോസ്ഖാന്‍, സന്‍ജയ്ഖാന്‍ എന്നിവരാണ്. തങ്ങളുടെ ബന്ധുക്കള്‍ക്കും ഒരു വരുമാനമാര്‍ഗം എന്ന ആശയം ഇപ്പോള്‍ പലരും സ്വീകരിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥയില്‍ വിവാദ രംഗങ്ങളില്‍ സിമിയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ശശിയും സിമിയും വാര്‍ത്തകളില്‍ നിറഞ്ഞു. ഇരുവരുടെയും പ്രണയരംഗങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ക്കും ആരാധകര്‍ക്കും ഹരമായി. ശശി സ്വയം നിര്‍മ്മിച്ച വിജേത, കല്‍യുഗ്, ജൂന്തൂണ്‍, ഛത്തീസ് ചൗരംഗിലേന്‍ എന്നിവ വ്യത്യസ്ത ചിത്രങ്ങളായിരുന്നു. ഛത്തീസ് ചൗരംഗിലേനിലെ ജെന്നിഫറുടെ പ്രകടനം ഏറെ പ്രശംസനേടി. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഓസ്‌കറിനയച്ചത്. ഇംഗ്ലീഷ് ഇന്ത്യയുടെ സ്വന്തം ഭാഷയല്ല എന്ന സാങ്കേതികത്വം ഉന്നയിച്ച് ചിത്രത്തെ പ്രാഥമിക പരിഗണയില്‍ പോലും ഉള്‍പ്പെടുത്തിയില്ല.
1984 ല്‍ ജെന്നിഫറുടെ മരണം ശശിയെ വല്ലാതെ തളര്‍ത്തി. വീണ്ടും സജീവമാകാന്‍ കുറെ സമയമെടുത്തു. ഒരു മകനും മകളും അഭിനയം പരീക്ഷിച്ചു. മറ്റൊരു മകന്‍ മോഡലിംഗും. പക്ഷെ വലിയ നേട്ടങ്ങള്‍ മൂവര്‍ക്കും കൈവരിക്കുവാന്‍ കഴിഞ്ഞില്ല.
പിതാവ് പൃഥി രാജ്കപൂര്‍ സജീവമായിരുന്ന ഇപ്റ്റ പുനരുദ്ധീകരിക്കുവാനെന്നവണ്ണം ജൂഹുവില്‍ തന്നെ പൃഥി തിയേറ്റേഴ്‌സ് ശശി ആരംഭിച്ചു. ഹിന്ദി, ഇംഗ്ലീഷ് നാടകങ്ങള്‍ അവതരിപ്പിക്കുവാനുള്ള പ്രശസ്തമായ വേദിയായി ഇത് മാറി. ഈയിടെ അന്തരിച്ച റീമ ലാഗു എന്ന നടിയെ സിനിമയില്‍ പരിചയപ്പെടുത്തിയത് ശശിയാണ്. റീമയെപ്പോലെ ധാരാളം കലാകാരന്മാരെയും കലാകാരികളെയും ശശി പ്രോത്സാഹിപ്പിച്ചു.
ശശിയെ പരിയപ്പെട്ടവരാരും ആ ഊഷ്മള സൗഹൃദം മറക്കില്ല. ശശിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ ശശിയുടെ കഥാപാത്രങ്ങളെയും മറക്കുകയില്ല.
Comments