ലണ്ടന്‍: രാത്രിയില്‍ നിങ്ങളെത്ര ഉറങ്ങി എന്ന് ആരെങ്കിലും ചോദിച്ചാല്‍ എട്ടു മണിക്കൂറെന്നോ, പത്തുമണിക്കുന്നോ ആയിരിക്കും നിങ്ങളുടെ മറുപടി. എന്നാല്‍ ഇനി ഉറക്കത്തിന്റെ അളവ് കണക്കാക്കാന്‍ സമയം നോക്കേണ്ടതില്ല. ഉറങ്ങിയ ഉറക്കത്തിന്റെ അളവെത്രയെന്ന് കൃത്യമായി അറിയുകയും ചെയ്യാം. പുതുതായി ആരംഭിച്ച ഒരു ബ്രിട്ടീഷ് കമ്പനിയാണ് ഉറക്കത്തിന്റെ അളവ് കൃത്യമായി കണക്കാക്കാനുള്ള ഉപകരണം രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്താനായി കമ്പനി ആവിഷ്‌കരിച്ച് പദ്ധതികളുടെ ഭാഗമായാണ് ഈ പരീക്ഷണം. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയിയിലെ സിലിക്കണ്‍ വാലിയില്‍ കൂടിയ യോഗത്തിലാണ് കമ്പനി ഈ ഉപകരണത്തെപ്പറ്റി ലോകത്തെ അറിയിച്ചത്. ശരീരത്തില്‍ ധരിക്കുന്നതാണ് ബെഡ് സ്‌കെയില്‍ എന്ന പേരിട്ട ഈ ഉപകരണം. ഇനി ഇതു ധരിച്ച് കിടന്നുറങ്ങിക്കോളു. രാവിലെ നോക്കിയാല്‍ നിങ്ങളെത്ര ഉറങ്ങിയെന്ന് ഉപകരണത്തില്‍ രേഖപ്പെടുത്തിയതായി കാണാം. ഉറക്കത്തിനുപുറമെ രാത്രിയില്‍ ഉടനീളമുള്ള ഓരോ ചലനങ്ങളും ഉപകരണം പിടിച്ചെടുക്കും. ഉറക്കത്തിനും ഉണരുന്നതിനുമിടയില്‍ ശരീര ഭാരത്തിലുണ്ടായ വ്യതിയാനങ്ങളും ഈ ഉപകരണത്തില്‍ കാണാം. ഉറക്കത്തിന്റെ ഘട്ടങ്ങള്‍, ശ്വാസഗതി എന്നിവയെല്ലാം വ്യക്തമായി രേഖപ്പെടുത്തുന്ന ഇതിന് പക്ഷേ ഒരു പോരായ്‌മയുണ്ട്. ഒരു ബെഡില്‍ രണ്ടാളുകള്‍ കിടക്കുകയാണെങ്കില്‍ ഉറക്കം കണക്കാക്കുക അസാധ്യമാണ്. എന്തായാലും കുംഭകര്‍ണന്‍മാരും ശരീരഭാരം കുറച്ച് സുന്ദരനാകാന്‍ ആഗ്രഹിക്കുന്നവരും ഈ ഉപകരണം വാങ്ങുന്നത് നന്നായിരിക്കും.
Comments