ആവേശത്തിരയില്‍ 35-ാമത് ദേശീയ ഗെയിംസിന് ശനിയാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കൊടിയുയര്‍ന്നു. ഗെയിംസിന്‍റെ ഗുഡ്വില്‍ അംബാസഡര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കേരളത്തിന്‍റെ അഭിമാന താരങ്ങളായ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും ദീപശിഖ കൈമാറി. ഇരുവരും ചേര്‍ന്നാണ്് ഉദ്ഘാടനവേദിയില്‍ സജ്ജമാക്കിയ കൂറ്റന്‍ ആട്ടവിളക്കില്‍ ദീപം പകര്‍ന്നത്.
ദ്രോണാചാര്യ കെ പി തോമസ് മാസ്റ്റര്‍, ഷൈനി വില്‍സണ്‍ തുടങ്ങി കേരളത്തിന്‍റെ എക്കാലത്തെയും മികച്ച കായികതാരങ്ങള്‍ ചേര്‍ന്നാണ് ദീപശിഖ സ്റ്റേഡിയത്തിലെത്തിച്ചത്. കെ എം ബീനാമോള്‍ ദീപശിഖ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൈമാറി.ചടങ്ങിനു മുന്നോടിയായി ഇന്ത്യന്‍ എയര്‍ഫോഴ്സ് പുഷ്പവൃഷ്ടി നടത്തി. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ സര്‍വീസസ് ടീമാണ് ആദ്യമെത്തിയത്. തുടര്‍ന്ന് അക്ഷരമാലാ ക്രമത്തില്‍ ടീമുകളെത്തി. പ്രീജ ശ്രീധരന്‍റെ നേതൃത്വത്തില്‍ കേരളം ഒടുവിലായാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 ചെണ്ടകലാകാരന്‍മാര്‍ താളപ്പെരുക്കം തീര്‍ത്തപ്പോള്‍ തവില്‍വിദ്വാന്‍ കരുണാകരമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 80 പേര്‍ തകിലില്‍ മേളവിസ്മയം പകര്‍ന്നു.കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും കേരളത്തിലേക്കു വിരുന്നെത്തിയ കായികമാമാങ്കം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനാവാള്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനചടങ്ങിനുശേഷം നാലുമണിക്കൂറിലേറെ നീളുന്ന കലാവിരുന്നിന്‍റെ വിസ്മയചെപ്പു തുറക്കും. താരങ്ങളായ വിനീതിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും നേതൃത്വത്തില്‍ അറുപതോളം കലാകാരന്മാര്‍ അണിനിരക്കുന്ന "വാര്‍ ക്രൈ' എന്ന നൃത്താവിഷ്കാരം കലാവിരുന്നിലെ മുഖ്യവിഭവങ്ങളിലൊന്നാകും. 40 മിനിറ്റ് നീളുന്ന നൃത്തപരിപാടിയില്‍ നാടിന്‍റെ സ്വാതന്ത്ര്യസമര പോരാളികളുടെ ഓര്‍മകള്‍ വേദിയില്‍ അലയടിക്കും. കുഞ്ഞാലിമരയ്ക്കാറായി മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാല്‍ സ്ക്രീനില്‍ ദൃശ്യസാന്നിധ്യം അറിയിക്കും. സംഗീതസംവിധായകന്‍ ശരത് പശ്ചാത്തലസംഗീതമൊരുക്കും. "ഭാവരസ' എന്ന പേരില്‍ അരങ്ങേറുന്ന ദൃശ്യവിരുന്നില്‍ തെയ്യവും തിറയും കുമ്മാട്ടിയും പുലികളിയും ഒപ്പനയും കഥകളിയും അടക്കമുള്ള കേരളത്തിന്‍റെ തനതു കലാരൂപങ്ങള്‍ ദൃശ്യോത്സവം തീര്‍ക്കും. നൂറോളം ഉറുമിസംഘങ്ങള്‍ ആയോധനകലാവീര്യത്തിന്‍റെ ചുരിക ചുഴറ്റിയെത്തും.
സൂപ്പര്‍താരം മോഹന്‍ലാല്‍ നേരിട്ട് അരങ്ങിലെത്തുന്ന "ലാലിസം ഇന്ത്യ സിങ്ങിങ്' ആണ് മറ്റൊരു ശ്രദ്ധേയ കലാവിരുന്ന്. ഇന്ത്യയിലെ മുന്‍നിര ഗായകരായ ഹരിഹരന്‍, ഉദിത് നാരായണ്‍, അല്‍ക്ക യാഗ്നിക്, എം ജി ശ്രീകുമാര്‍, സുജാത, കാര്‍ത്തിക് എന്നിവര്‍ പാട്ടിന്‍റെ അലകടല്‍ തീര്‍ക്കും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലൂടെയും ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിലൂടെയുമുള്ള യാത്രയായാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. "ലാലിസം ഇന്ത്യ സിങ്ങിങ്' മൂന്നേമുക്കാല്‍മണിക്കൂര്‍ നീളും. ചലച്ചിത്രസംവിധായകന്‍ ടി കെ രാജീവ്കുമാറാണ് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍.
ഫെബ്രുവരി ഒന്നുമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഏഴു ജില്ലകളിലായി 28 വേദികളിലാണ് മത്സരങ്ങള്‍. നീന്തല്‍, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, നെറ്റ്ബോള്‍, ടെന്നീസ്, സ്ക്വാഷ്, ബീച്ച് ഹാന്‍ഡ്ബോള്‍, ഷൂട്ടിങ്, ഖൊ-ഖൊ തുടങ്ങിയ മത്സരങ്ങള്‍ തിരുവനന്തപുരത്തെ വിവിധ വേദികളില്‍ ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ നടക്കും. ഒമ്പതിന് അത്ലറ്റിക്സിന് ട്രാക്ക് ഉണരും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ 13 വരെ നീളും. കബഡി, ട്രയാത്ലണ്‍, തായ്ക്വോണ്ടൊ, വുഷു, ഹാന്‍ഡ്ബോള്‍, സൈക്ലിങ് മത്സരങ്ങളും തലസ്ഥാനത്തെ വിവിധ വേദികളില്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പിരപ്പന്‍കോട്ടാണ്.
വനിതാ ഫുട്ബോള്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും പുരുഷ ഫുട്ബോള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും നടക്കും. വോളിബോള്‍ മത്സരങ്ങളും കോഴിക്കോട്ട് നടക്കും. ബാസ്കറ്റ്ബോള്‍, റെസ്ലിങ് മത്സരങ്ങള്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും. ഹോക്കി, റഗ്ബി മത്സരങ്ങള്‍ കൊല്ലത്താണ്. കനോയിങ്-കയാക്കിങ് മത്സരങ്ങള്‍ ആലപ്പുഴ വേമ്പനാട്ടു കായലിലാണ്. ആര്‍ചറി, ബാഡ്മിന്റണ്‍, ഫെന്‍സിങ്, ടേബിള്‍ ടെന്നീസ്, ലോണ്‍ ബോള്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.
Comments