You are Here : Home / Editorial

പീഢനങ്ങള്‍ക്കും വേണ്ടേ ഒരു വിലക്ക്?

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Friday, September 07, 2018 10:58 hrs UTC

നേതാക്കന്മാര്‍ക്ക് ഞെട്ടാന്‍ വലിയ കാര്യങ്ങളൊന്നും വേണ്ടാ- ആരുടെ മരണവാര്‍ത്ത കേട്ടാലും അവര്‍ ഞെട്ടും? എന്നാല്‍ ഇത്തവണ അക്ഷരാര്‍ത്ഥത്തില്‍ മന്ത്രിമാരെപോലും ഞെട്ടിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുടെ കീഴിലുള്ള കലോല്‍സവങ്ങള്‍, ചലച്ചിത്രോല്‍സവം, യുവജനോല്‍സവം എന്നിവയാണ് പ്രളയക്കെടുതിയുടെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിലക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം, അദ്ദേഹം അങ്ങ് അമേരിക്കയിലെത്തിയ ശേഷമാണ് വകുപ്പു മന്ത്രിമാര്‍ പോലും അറിഞ്ഞത്. വിവാഹമാമാങ്കങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, അമ്പല ഉത്സവങ്ങള്‍ തുടങ്ങിയ പ്രൈവറ്റ് ആഘോഷങ്ങള്‍ക്കു കൂടി ഈ വിലക്ക് ഏര്‍പ്പെടുത്താമായിരുന്നു. രോഗം വരുന്നത് ഒരു കുറ്റമല്ല- അതു നാലുപേരെ അറിയിക്കണമെന്നു നിര്‍ബന്ധവുമില്ല. അതുകൊണ്ടാണ് അദ്ദേഹം അമേരിക്കയില്‍ ചെന്നിറങ്ങിയ ഉടന്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് തന്നെ സ്വീകരിക്കാനെത്തിയ നേതാക്കന്മാരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചത്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.

ഏതായാലും 'നവകേരള' നിര്‍മ്മാണം കഴിയുന്നതുവരെ കേരളത്തെ ഒരു ശശ്മാന ഭൂമിയായി പ്രഖ്യാപിയ്ക്കാഞ്ഞത് നന്നായി. നന്ദി- സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവങ്ങള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്, കുട്ടികളോടു ചെയ്ത ഒരു കടുത്ത കടുംകൈ ആയിപ്പോയി- ഏത്രയോ നാളുകളായി അവര്‍ അതിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്? നഷ്ടപ്പെട്ട അവസരങ്ങള്‍ ഇനി ഒരിക്കലും അവര്‍ക്കു തിരിച്ചു നല്‍കാന്‍ ഒരു മന്ത്രിക്കും കഴിയുകയില്ല- ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ , കൗണ്‍സിലിംഗ്, കൂടുതല്‍ സന്തോഷപ്രദമായ ആഘോഷങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയാണഅ പരിഷ്‌കൃത രാജ്യങ്ങള്‍ ചെയ്യുന്നത്-'ഡിപ്രഷനിലേക്ക്' പോകാതിരിക്കുവാന്‍ വേണ്ടിയാണിത്. ഇവിടെ ആരെങ്കിലും കൗണ്‍സിലിംഗിനു പോയാല്‍ 'അളിയന്‍ അറിഞ്ഞോ? അവനു ഭ്രാന്താ'- എന്നൊരു ലൈനാണുള്ളത്. നവകേരള നിര്‍മ്മിതിക്കായി ഫണ്ടു സ്വരൂപിക്കുവാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ഇതിനു വേണ്ടി മന്ത്രിമാരെ വിദേശത്തേക്ക് അയക്കുവാന്‍ തീരുമാനമായി. 'തെണ്ടി തിന്നുവാന്‍് നാണമില്ലേയെന്നാണ്?' ബി.ജെ.പി. ലൈന്‍!

മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തുടങ്ങുന്ന ധൂര്‍ത്ത് അവസാനിപ്പിച്ചാല്‍ ഒരു വലിയ തുക സ്ഥിരമായി ലാഭിക്കാം. ഉപദേഷ്ടാക്കളെ ഉപേക്ഷിക്കുക. ജയരാജനെപ്പോലെയുള്ള ഒരു സഖാവ്, ഒരു ലക്ഷംരൂപാ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് ഉപദേശമാണു നല്‍കുന്നത്. ജയരാജന്‍ പാര്‍ട്ട്ി നേതാവാണ്-ഭരണതന്ത്രജ്ഞനല്ല-അതുപോലെ മറ്റു പലരും. ബഹുമാനപ്പെട്ട ജോണ്‍ ബ്രിട്ടാസ് അവിടെത്തന്നെയിരിക്കട്ടെ! ഒന്നുമല്ലെങ്കില്‍ ഇടയ്ക്കിടെ നല്ല പ്രസംഗങ്ങള്‍ എഴുതിത്തരുമല്ലോ-അദ്ദേഹം ഒരു രൂപാ മാത്രമേ പ്രതിമാസ ശമ്പളമായി പറ്റുന്നുള്ളൂ അതു കഷ്ടമാണ്- അദ്ദേഹത്തിന്റെ റേഷന്‍ വിഹിതമെങ്കിലും BPL ലവലില്‍ ആക്കി കൊടുക്കണമേ! ഇക്കാലത്ത് ഒരു രൂപ കൊണ്ട് എന്തു കിട്ടാനാണ്? പാവം ബ്രിട്ടാസ്-എല്ലാം സഹിച്ചും, ക്ഷമിച്ചും ജീവിക്കുന്നു! മുന്നോക്ക കമ്മീഷന്റെ ജോലിയെന്താണ്? ആര്‍. ബാലകൃഷ്ണപിള്ളയുടെ ശരീരത്തിലെ ഇരുമ്പിന്റെ അംശമൊക്കെ നോര്‍മല്‍ ആയോ? അദ്ദേഹത്തിന് എന്തിനാണ് മന്ത്രിപദവിക്കു തുല്യമായ ആനുകൂല്യങ്ങള്‍? സ്റ്റേറ്റു കാറും മുപ്പതു സ്റ്റാഫും-ഹരോ ഹരോ ഹര! ഭരണ പരിഷ്‌ക്കാര കമ്മീഷനെന്നും പറഞ്ഞ് ആ പാവത്താന്‍ അച്യുതാനന്ദനെ അപമാനിക്കുന്നത് എന്തിനാണ്- അദ്ദേഹം നിര്‍ദ്ദേശിച്ച എത്ര പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

മന്ത്രിമാരെ വിദേശത്ത് അയയ്ക്കാതിരിക്കുന്നതാണു ബു്ദ്ധി- കുറഞ്ഞ പക്ഷം ഓരോ മന്ത്രിയും അവരുടെ പരിവാരങ്ങളും കൂടി 'ഫണ്ടു പിരിവ്' എന്ന ഓമനപ്പേരില്‍ നടത്തുന്ന വിനോദ യാത്ര ചിലവെങ്കിലും കൈയില്‍ കിടന്നേനേ! കാട്ടിലെ തടി! തേവരുടെ ആന! വലിയെടാ വലി-' ഏതായാലും മുഖ്യമന്ത്രി അമേരിക്കയിലായതിനാല്‍ അവിടെ നിന്നുള്ള മലയാളികളുടെ സംഭാവനകള്‍ നേരിട്ടു സ്വീകരിക്കാം. ഫൊക്കാനാ, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച പെരുത്ത നിധി സംഭരിച്ചിട്ടുണ്ട്. പേരായെങ്കില്‍ നമ്മുടെ വേള്‍ഡ് എം.ല്‍.എ.മാരും അവിടെ ധാരാളമുണ്ട്. പണമൊക്കെ കൃത്യമായി എണ്ണി വാങ്ങാന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെക്കൂടി വിളിയ്ക്കാം. 'സ്വകാര്യത' ഒന്നു മാറ്റി വെച്ചിട്ട് പ്രസ്‌ക്ലബുകാരെ കൂടി വിളിച്ചാല്‍ വേണ്ടാ പബ്ലിസിറ്റിയും ആകും! (രണ്ട് പ്രസ്‌ക്ലബുകള്‍ ഉണ്ടെന്നുള്ള കാര്യം മറക്കല്ലേ! 'ഓണത്തിനിടയില്‍' പുട്ടുകച്ചവടം എന്നു പറഞ്ഞതു പോലെ ഇതിനിടയില്‍ ഒന്നുരണ്ടു പീഢന വിവരങ്ങളും പുറത്തു വന്നു. എല്ലാം നമ്മുടെ ആള്‍ക്കാര്‍ തന്നെ-'ഇര' ഡിവൈഎഫ്‌ഐ നേതാവായ വനിത 'വേട്ടക്കാരന്‍' പാലക്കാട്ടുകാരന്‍ ആറാം തമ്പുരാന്‍ പി.കെ.ശശി-ജനപ്രതിനിധിയാണ് അദ്ദേഹം. പെണ്‍കൊച്ചു പരാതികൊടുത്തിട്ട് മാസങ്ങള്‍ പലതായി.

ഒന്നല്ല- പലര്‍ക്ക്-എന്നാല്‍ സഖാവ് കോടിയേരി മുതല്‍ സ്ത്രീകളുടെ കാവല്‍ മാലാഖയായ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനു വരെ പരാതി കൊടുത്തിട്ടും അവര്‍ക്കൊന്നും ഇതെപ്പറ്റി അറിയില്ല എന്നാണു പറയുന്നത്. ശശിക്കെതിരെയുള്ള പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി ഇ.പി.ജയരാജന്‍-പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കും. ഇവിടെ അങ്ങനെയാണ് പാര്‍ട്ടി നേതാക്കള്‍ കുറ്റം ചെയ്താല്‍ പാര്‍ട്ടി അന്വേഷിക്കും. പുരോഹിതന്മാര്‍ കുറ്റം ചെയ്താല്‍ സഭ അന്വേഷിക്കും. പോലീസും, കോടതിയും നിയമവുമെല്ലാം സാധാരണ ആളുകള്‍ക്കു മാത്രം! ഏതു കാര്യത്തിനും ഇടംവലം നോക്കാതെ സ്വമേധ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ ജോസഫൈന്‍ ഇത്തവണ വിചിത്ര ന്യായങ്ങളാണു നിരത്തുന്നത്. കാരണം ഓന്‍ സ്വന്തം ആളാണ്- പരാതിക്കാരി പത്രസമ്മേളനം നടത്തി പ്രസ്താവന ഇറക്കിയാല്‍ അന്നേരം നോക്കാമെന്നാണ് അവര്‍ ഫൈനായി പറഞ്ഞു നിര്‍ത്തിയത്.

കോണ്‍ഗ്രസിനാണെങ്കില്‍ 'സദാചാരത്തെക്കുറിച്ച്' കമാന്നൊരക്ഷരം ഉരിയാടാന്‍ പറ്റില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍, പഞ്ചായത്ത് മെബര്‍, പാപ്പച്ചനെ വരെ സരിതാ മാഡം അലക്കി വെളുപ്പിച്ചിരിക്കുകയാണ്. ഇതിനു മുമ്പും പല ശശിമാരും പീഢകരായിട്ടുണ്ട്. അവര്‍ക്കൊന്നും ഒരു ശിക്ഷയും ലഭിച്ചിട്ടില്ല. ശശിയെന്നൊരു പേരു ലഭിച്ചതു തന്നെ അവരുടെ ശാപം. 'അവനൊരു ശശി' യാണെന്നു പറഞ്ഞാല്‍ അര്‍ത്ഥം മറ്റേത്-ഏത്? പല പാവം ശശിമാരും പേരു മാറ്റുവാന്‍ ഗസറ്റില്‍ വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. 'ശശി'യെന്ന പേര് കാലക്രമേണ പേരുകളുടെ ലിസ്റ്റില്‍ നിന്നു മാഞ്ഞു പോകുവാനാണു സാദ്ധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.