മൗനമായ് മറയുന്ന രാത്രി
(പി. സി. മാത്യു)
ശുഭരാത്രി നേരുന്നു സുഹൃത്തേ
സുപ്രഭാതത്തിനായി കാത്തിരിക്കാം
ഇന്നലെ കണ്ട മുഖങ്ങളല്ല നാം
ഇന്നു കാണുന്നതെന്ന സത്യമോർക്കണം
ഒരുബെഞ്ചിൽ ഇരുന്നു പഠിച്ചവനെങ്കിലും
ഒരുവാക്ക് ചൊല്ലാതെ കടന്നു പോകാം
ഒരു നോട്ടം കണ്ണാലെറിഞ്ഞു മനസ്സിന്റെ
ഓർമയിൽ തങ്ങിയ സുന്ദരിപ്പെണ്ണും
ഒരുവാക്ക് ചൊരിയാതെ കടന്നു പോകാം
ഒരുവട്ടം കൂടെ കാണാമെന്നാശിച്ച
സുഹൃത്തുമെന്നേക്കുമായ് കടന്നു പോകാം
ജീവിതം പിന്നെയും ബാക്കി നിന്നേക്കാം
മനസ്സിന്റെ മതിലകത്തിന്നീ രാവിൽ പെയ്യും
മഴ തീരാതെനിക്കുറങ്ങാൻ കഴിയീലല്ലോ
ഉദയത്തിൽ വിരിഞ്ഞ സൗഗന്ധി പൂവിതാ
ഉണങ്ങി വരളുന്നത് കാണുന്നു സത്യം
ഇരുട്ടിലുദിക്കുമേന്നെങ്കിലുമൊരു ചന്ദ്രൻ
എന്ന് പ്രതീക്ഷിച്ചു പാടുന്ന രാപ്പക്ഷി
ഉദയ കിരണമെത്തും മുൻപേ അണയില്ലേ
ചാരെ ഒരുവായ് ചോറ് നൽകി ഉറക്കീടുവാൻ
അസ്ഥികൾ പൂക്കുമീ രാവിനി തീരുവാൻ
കോഴികൾ കൂകണം പലവട്ടമെങ്കിലും
പുലരാതിരിക്കുമീ രാത്രി നമ്മുടെ
പാവന സ്വപ്നത്തിൻ ചിറകുകളാകട്ടെ!
Comments