You are Here : Home / എഴുത്തുപുര

ഹരികുമാര്‍ സഞ്ചരിച്ചത്‌ വേറിട്ടവഴിയെ

Text Size  

Story Dated: Monday, March 30, 2020 06:15 hrs UTC

ആധുനികതയുടെ കെട്ടിയാട്ടത്തില്‍ അഭിരമിച്ച മലയാള സാഹിത്യത്തില്‍ ഒഴുക്കിനെതിരേ നീന്തിയ സാഹിത്യകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ ഇ. ഹരികുമാര്‍. അതുകൊണ്ട്‌ തന്നെ മലയാള സാഹിത്യത്തില്‍ അര്‍ഹിക്കുന്ന സ്‌ഥാനം ലഭിക്കാതെയാണ്‌ ഹരികുമാറിന്റെ വിയോഗവും. നാഗരിക മധ്യവര്‍ഗ സമൂഹത്തിന്റെ വിഹ്വലതകളും സങ്കീര്‍ണ ജീവിതാവസ്‌ഥകളും വരച്ചിട്ട ഹരികുമാര്‍ സാഹിത്യ മേഖലയ്‌ക്ക്‌ നല്‍കിയ സംഭാവനകളും വിലമതിക്കാനാവാത്തതാണ്‌. എഴുപതുകളില്‍ ഡല്‍ഹി തട്ടമാക്കി എം. മുകുന്ദനും സമകാലികരും തുടക്കമിട്ട ആധുനികത രചനാ സങ്കേതത്തോട്‌ മുഖം തിരിച്ച്‌ എഴുത്തിന്റെ വേറിട്ട വഴിയെ സഞ്ചരിക്കാന്‍ ധൈര്യം കാണിച്ച എഴുത്തുകാരനായിരുന്നു ഹരികുമാര്‍. വിദ്യാഭ്യാസത്തിനായി എത്തിയ കൊല്‍ക്കത്തയും ജോലി തേടി തട്ടകമാക്കിയ ഡല്‍ഹിയുമെല്ലാം അദേഹത്തിന്റെ കൃതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. ആധുനികതയെ ആഘോഷമാക്കിയ മലയാള സാഹിത്യ മേഖല പുറംതിരിഞ്ഞ്‌ നിന്ന ഹരികുമാറിനേയും അവഗണിച്ചു. എണ്ണം പറഞ്ഞ സാഹിത്യ സൃഷ്‌ടികള്‍ ഒട്ടേറെയുണ്ടായിട്ടും അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു പഠനംപോലും ഉണ്ടായില്ലെന്നത്‌ ഹരികുമാറിന്റെയും സ്വകാര്യ ദു:ഖമായി അവശേഷിച്ചു. മുകുന്ദന്‍ നയിച്ച പാതയിലൂടെ സഞ്ചരിച്ച നാരായണപിള്ളയും സക്കറിയയും അടങ്ങുന്ന വലിയ സാഹിത്യകാരന്‍മാരുടെ നിരയെ അവഗണിച്ചായിരുന്നു ഹരികുമാര്‍ എഴുത്തിന്റെ പുതിയ പാത നിലനിര്‍ത്തിയത്‌. അവസാനകൃതിയിലെത്തുമ്പോഴും ശൈലീ മാറ്റമോ ടേണിങ്‌ പോയിന്റോ ദൃശ്യമാകാത്തതിന്‌ കാരണവും കീഴടങ്ങാന്‍ മനസില്ലാത്ത ഹരികുമാറിന്റെ നിശ്‌ചയദാര്‍ഢ്യം തന്നെയാകാം. പകരംവയ്‌ക്കാനില്ലാത്ത കവി ഇടശേരിയുടെ മകനെന്ന വിശേഷണത്തില്‍നിന്ന്‌ പുറത്ത്‌കടക്കാനാവാത്ത അവസ്‌ഥയിലായിരുന്നു ആദ്യകാലത്ത്‌ ഹരികുമാര്‍. നിലവിലെ രചനാ രീതികളില്‍ നിന്ന്‌ വ്യത്യസ്‌ത ശൈലി സ്വീകരിച്ചതോടെ തിരസ്‌ക്കാരം പൂര്‍ണ്ണമായി. കഥയും നോവലും ഓര്‍മകുറിപ്പും ലേഖനങ്ങളുമായി മികച്ച ഒട്ടേറെ കൃതികള്‍ ഹരികുമാറിന്റേതായിട്ടുണ്ട്‌. ദാരിദ്ര്യം നിറഞ്ഞ ബാല്യവും യൗവനവുമെല്ലാം ഹരികുമാര്‍ എന്ന എഴുത്തുകരന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ ഘടകമാണ്‌. സ്‌ത്രീ മനസുകളുടെ അതിസങ്കീര്‍ണ തലങ്ങളിലൂടെ സഞ്ചരിച്ചാണ്‌ ഹരികുമാര്‍ അര്‍ബന്‍ മധ്യവര്‍ഗ സമൂഹത്തിന്റെ വിഹ്വലതകളും പ്രതീക്ഷകളും വരച്ചിട്ടത്‌. കുങ്കുമം വിതറിയ വഴികള്‍, ശ്രീപാര്‍വ്വതിയുടെ പാദം, കൂരകള്‍ തുടങ്ങിയ കൃതികള്‍ ഇതിനുദാഹരണമാണ്‌. 1988-ല്‍ സാഹിത്യ അക്കാദമി അംഗമായി പ്രവര്‍ത്തിച്ച ഹരികുമാറാണ്‌ സാഹിത്യ കൃതികളുടെയും സാഹിത്യകാരന്‍മാരടേയും സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയത്‌. ഇരുന്നൂറ്റമ്പതോളം സാഹിത്യകാരന്‍മാരെ സംബന്ധിച്ച വിവരങ്ങളും അവരുടെ സംമ്പൂര്‍ണ്ണ കൃതികളുമാണ്‌ ഇത്തരത്തില്‍ ഡിജിറ്റലൈസേഷനിലൂടെ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തിയത്‌. ആധുനിക സാങ്കേതികവിദ്യ വളര്‍ന്നിട്ടില്ലാത്ത കാലത്തായിരുന്നു ഹരികുമാറിന്റെ പരീക്ഷണം. തന്റെ കൃതികളും ഇത്തരത്തില്‍ ഡിജിറ്റലൈസേഷന്‍ നടത്തി വിവിധ ലൈബ്രറികള്‍ക്ക്‌ നല്‍കിയ ശേഷമാണ്‌ ഹരികുമാര്‍ വിടവാങ്ങിയത്‌. പിതാവിന്റെ കൃതികളെ ഏറെ പ്രണയിച്ചിരുന്ന ഹരികുമാര്‍ ഇടശേരിയുടെ ഭൂതപ്പാട്ടിന്‌ പുതിയ താളവും ഈണവും നല്‍കി പ്രചരിപ്പിക്കാന്‍ മുന്നില്‍നിന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തന്‍കൂടിയായ വി.കെ ശശിധരന്റെ ശബ്‌ദത്തില്‍ ഇന്ന്‌ കേള്‍ക്കുന്ന ഭൂതപ്പാട്ട്‌ ഈ രീതിയില്‍ അനശ്വരമാക്കിയത്‌ ഹരികുമാറിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്‌. ജിനേഷ്‌ പൂനത്ത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.