ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സൗദി അറബ്യ സര്‍ക്കാറുമായി ഒപ്പിടുന്ന ധാരണാപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയവും പ്രവാസികാര്യ മന്ത്രാലയവുമാണ് ധാരണാപത്രത്തില്‍ ഒപ്പിടുക. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന ഏജന്‍സി വഴിയേ ഗാര്‍ഹിക മേഖലയിലേക്ക് റിക്രൂട്ടിങ് നടത്താനാവൂ. ഇതിനുപുറമെ, കുറഞ്ഞ വേതനത്തിനും ധാരണാപത്രം വ്യവസ്ഥ ചെയ്യും. ബാങ്ക് അക്കൗണ്ട് വഴി മാത്രമെ ശമ്പളം നല്‍കാനാവൂ. വിസ പുതുക്കുന്നത് ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടാവും. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴില്‍ദാതാവിനെതിരെ സൗദി സര്‍ക്കാറിന് നടപടിയെടുക്കാന്‍ ധാരണാപത്രം സൗകര്യമൊരുക്കും.ഗാര്‍ഹികരംഗത്ത് പണിയെടുക്കുന്ന ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ എന്നിവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു കരാറിലും ഒപ്പിടാന്‍ സൗദി സര്‍ക്കാര്‍ നേരത്തേ തയ്യാറായിരുന്നില്ല.
Comments