"സെല്‍ഫി ഈസ് സെല്‍ഫിഷ്" കഴിഞ്ഞ ദിവസം ഡൽഹിയിൽ ദേശീയ സിനിമ അവാർഡ് വാങ്ങാൻ ചെന്ന ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ യേശുദാസ് ഉരുവിട്ട വാക്കുകളാണിത്. മൊബൈൽ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രപതി എല്ലാവർക്കും അവാർഡ് നേരിട്ട് കൊടുക്കുന്നില്ല എന്നറിഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള കലാകാരന്മാരോടൊപ്പം ചടങ്ങു് ബഹിഷ്‌ക്കരിക്കുമെന്ന നിവേദനത്തിൽ യേശുദാസും ഒപ്പിട്ടു. വിജ്ഞാൻ ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി നേരിട്ട് കൊടുക്കുന്നത് പതിനൊന്ന് പേർക്കും മറ്റുള്ളവർക്ക് കേന്ദ്ര വാർത്താവിനിമയ മന്ത്രി സ്‌മൃതി ഇറാനിയും ആണ് എന്ന് (രാഷ്ടീയ ) തീരുമാനമായി. പതിനൊന്നു പേരിൽ തന്റെ പേരും ഉള്ളതുകൊണ്ട് യേശുദാസ് തന്റെ അവാർഡും വാങ്ങി മറ്റുള്ള കലാകാരന്മാരെ തഴഞ് സ്വാർത്ഥതക്ക് മാതൃക കാട്ടി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പിന്ഗാമിയായി സ്ഥലം വിട്ടു.
യേശുദാസ് ഈ യുഗത്തിലെ ഒരു അത്ഭുതമാണ്. സ്വരരാഗങ്ങളുടെ ഗംഗാപ്രവാഹമായി കോടാനുകോടി ജനമനസ്സുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ യേശുദാസ് ഗാന ഗന്ധർവനായി , മലയാളികളുടെ സ്വകാര്യ അഹങ്കാരമായി. സംഗീതത്തിന്റെ സ്വരവീഥികളിലെ വേറിട്ട ശബ്ദ മാധുര്യം ജനഹ്രദയങ്ങളിൽ ആസ്വാദനത്തിന്റെ കുളിർമഴ പെയ്യിച്ചു. സ്വർഗ്ഗകവാടങ്ങളെ പോലും പാടി തുറപ്പിക്കുവാൻ കെൽപ്പുള്ള തന്റെ അത്ഭുതസിദ്ധി സ്വയപ്രയത്‌നത്തിലൂടെ ആർജിച്ചതാണ്. തന്റെ ഉയരങ്ങളിലേക്കുള്ള കുതിപ്പിൽ വിജയം തനിക്കു മാത്രമാകണമെന്ന സ്വാർത്ഥത എപ്പോഴും ഉണ്ടായിരുന്നു. ആരെയും തന്നോടൊപ്പം വളരുവാൻ അനുവദിച്ചിട്ടില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ ചവിട്ടിത്താഴ്ത്തി മൂലക്കിരുത്തുകയും ചെയ്യും. മാർക്കോസും ഉണ്ണി മേനോനും മറ്റും ചില ഉദാഹരണങ്ങൾ മാത്രം.
അറുപതുകളുടെ തുടക്കത്തിൽ അഥവാ യേശുദാസിന്റെ വളർച്ചയുടെ ആരംഭഘട്ടത്തിൽ ദാസിന്റെ സ്വരമാധുരിക്കൊപ്പമോ അതിനും അപ്പുറമോ നിൽക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമയുണ്ടായിരുന്നു - സാക്ഷാൽ എം. ജി. രാധാകൃഷ്ണൻ. യേശുദാസിന്റെ വളർച്ചയിൽ രാധാകൃഷ്ണൻ വഴിമാറി സംഗീത സംവിധായകന്റെ കുപ്പായമണിയേണ്ടി വന്നു. തരംഗിണി സ്റ്റുഡിയോയുടെ മുറ്റത്തു മുറുക്കി തുപ്പിയതിന് എം. ജി. രാധാകൃഷ്ണന് യേശുദാസിന്റെ ശകാരമേൽക്കേണ്ടി വന്നതും ചരിത്രം.
മറ്റക്കര സോമൻ എന്ന ഒരു പാവം പാട്ടെഴുത്തുകാരന്റെ പത്തു ക്രിസ്തീയ ഗാനങ്ങൾ (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ....ഉൾപ്പടെ ) പാട്ടൊന്നിന് ആയിരം രൂപ നിരക്കിൽ വില നിശ്ചയിച്ചു തരംഗിണി വാങ്ങുകയും സ്നേഹദീപം എന്ന കാസറ്റിറക്കുകയും ചെയ്തു. വിധിയുടെ ക്രൂരതയിൽ സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടര വർഷത്തിന് ശേഷം സുഖം പ്രാപിച്ചു സോമൻ തിരികെ വന്നപ്പോൾ കാസറ്റിറങ്ങിക്കഴിഞ്ഞു. ഗാന രചയിതാവ് മറ്റൊരാളും. കരാറെഴുതിയ പാട്ടൊന്നിനു ആയിരം രൂപ പോലും സോമന് കിട്ടിയില്ല. നേരിൽ കണ്ട് സോമൻ വിവരം പറഞ്ഞപ്പോൾ യേശുദാസ് പറഞ്ഞത് ''ഈ രംഗത്ത് ഇത് സാധാരണയാണ്. സോമൻ ചെറുപ്പമാണല്ലോ ഇനിയും അവസരമുണ്ടാകും''. യേശുദാസും സുജാതയും പാടിയ ആ കാസറ്റ് അന്നും ഇന്നും ഹിറ്റായി കോടികൾ വാരി കൂട്ടുന്നു. സംഭവം നടന്നിട്ട് ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. സോമൻ എന്ന പാവം മനുഷ്യൻ നഷ്ടബോധത്തിൽ നെഞ്ചുരുകി എവിടെയോ ഇരുന്ന് ഇന്നും പാട്ടെഴുതുന്നുണ്ടാകാം.
മക്കളിൽ ആരോ പറഞ്ഞു. യേശുദാസിന്റെ പാട്ടുകൾ ആര് പാടിയാലും റോയൽറ്റി വേണമെന്ന്. ഉത്സവ പറമ്പുകളിലും വഴിയോരങ്ങളിലും തീവണ്ടികളിലും നെഞ്ചത്തടിച്ചു പാടുന്ന ഭിക്ഷക്കാരിൽ നിന്നും റോയൽറ്റിയോ ? മക്കൾ പറഞ്ഞ വിവരക്കേട് അച്ഛനെങ്കിലും തിരുത്തണ്ടേ ? അതുണ്ടായില്ല. വയലാർ സ്മാരകത്തിന് പിരിവു ചോദിച്ചപ്പോൾ യേശുദാസ് പറഞ്ഞെന്നു കേട്ടു ''കുടിച്ചു നശിച്ച ആ മനുഷ്യന് വേണ്ടി ഞാൻ ഒരു പൈസയും തരില്ല ''. വയലാറിന്റെ പാട്ടുകൾ പാടി കോടികൾ സമ്പാദിച്ച ശുഭ്രവസ്ത്രധാരി, നിങ്ങൾ വെള്ള തേച്ച ശവമാടങ്ങളെ ഓർമിപ്പിക്കുന്നു !
ഓര്‍ത്തെടുത്ത് എഴുതുവാൻ ഒരുപാട് ഉണ്ട്. കാലടി ഗോപിയുടെ ഏഴു രാത്രികൾ എന്ന നാടകത്തിൽ കഴുത്തിലെ വെന്തിങ്ങയിൽ ഒരു വശത്തു വേളാങ്കണ്ണി മാതാവും
മറു വശത്തു ഗുരുവായൂരപ്പനുമായി ജീവിക്കാൻ ശ്രമിക്കുന്ന ''പാഷാണം വർക്കി'' എന്ന കഥാപാത്രത്തെ സ്മരിച്ചുകൊണ്ട് തൽക്കാലം നിർത്തട്ടെ !
Comments