സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം
" സ്വപ്നങ്ങളെ പിന്തുടരുക; പിന്മാറരുത്, പാത ദുര്‍ഘടമായിരിക്കും എന്ന് എന്നെ പഠിപ്പിച്ച പിതാവിനോടാണ് ആദ്യമായി നന്ദി പറയേണ്ടത്. എന്റെ മാതാവ് എന്നെ വളര്‍ത്തുന്നതില്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മയുടെ പ്രാര്‍ഥനയും ത്യാഗവുമാണ് ഞാന്‍ ഇത്രയും എത്തുന്നതിനു കാരണം.
മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്.
നാലു വര്‍ഷം ഞാന്‍ സ്കൂളില്‍ പോയത് എന്റെ അങ്കിളിന്റെയും ആന്റിയുടെയും വീട്ടില്‍ നിന്നാണ്. സ്വന്തം മകനെപ്പോലെയാണ് അവര്‍ എന്നെ നോക്കിയത്. എന്റെ മുതിര്‍ന്ന ജേഷ്ഠന് നിതിന്‍ എന്തുകാര്യം ചെയ്താലും അതില്‍ പൂര്‍ണമായി അര്‍പ്പിക്കണമെന്ന് എനിക്ക് ഉപദേശം നല്‍കുമായിരുന്നു. എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് നല്‍കിയത് സഹോദരി സവിതയാണ്. ഇപ്പോഴും ഞാന്‍ ബാറ്റ് ചെയ്യുന്ന ദിവസങ്ങളില്‍ അവര്‍ നിരാഹാരം അനുഷ്ഠിക്കും. ജേഷ്ഠന് അജിത് ആണ് എന്റെ പതിനൊന്നാം വയസ്സില്‍ എന്നെ അച്ഛരേക്കറുടെ അടുത്ത് എത്തിച്ചത്. ക്രിക്കറ്റ് കളി ഞങ്ങള്‍ രണ്ടു പേരും സ്വപ്നം കണ്ടതാണ്. എനിക്കുവേണ്ടി അജിത് തന്റെ കരിയര്‍ ത്യജിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു.വിവാഹത്തിനു ശേഷം കുടുംബത്തിനു വേണ്ടി അഞ്ജലി തന്റെ ഡോക്ടര്‍ ജോലി ത്യജിച്ചു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.
അഞ്ജലിയുടെ മാതാപിതാക്കള്‍- അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്ക്കും നന്ദി.
കുഞ്ഞു നാള് മുതലുള്ള എന്റെ സുഹൃത്തുക്കള്‍, അച്ഛരേക്കര്‍ സര്, ബിസിസിഐ, മുതിര്‍ന്ന കളിക്കാര്‍, കോച്ചുമാര്‍, നിലവിലെ ടീമംഗങ്ങള്‍, എന്റെ മാനേജര്‍, മാധ്യമങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍, ആരാധകര്‍.ഏവരോടും നന്ദി.
Comments