ജീര്‍ണതകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ കഴിയണമെന്ന് സി.പി.എം സംഘടനാ രേഖ. ജീര്‍ണതകള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും സംസ്ഥാന പ്ളീനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ രേഖയുടെ കരടില്‍ വ്യക്തമാക്കുന്നു.പ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാരേഖയുടെ കരടു രൂപത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. സംസ്ഥാന സമിതിയാണ് അന്തിമാനുമതി നല്‍കേണ്ടത്.
പാര്‍ട്ടിയെ കൂടുതല്‍ യോജിപ്പോടെ മുന്നോട്ട് കൊണ്ടുപോകാന്‍ നേതാക്കളുടെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നും രേഖയില്‍ പറയുന്നു.പാര്‍ട്ടി അംഗങ്ങളില്‍ പലരും ബൂര്‍ഷ്വാ മുതലാളിത്ത ശീലങ്ങള്‍ക്ക് അടിമകളാണെന്ന മുന്‍ കണ്ടത്തെല്‍ കരട് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. സ്വാധീന മേഖലകളില്‍ പോലും മദ്യപാനം, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍,ആഡംബര വിവാഹങ്ങള്‍, മാഫിയ ബന്ധങ്ങള്‍, ഊഹക്കച്ചവടം തുടങ്ങിയഅനഭിലഷണീയ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ട്.
1980ന്ശേഷം പാര്‍ട്ടിയില്‍ എത്തിയ അംഗങ്ങള്‍ പോലും പാര്‍ട്ടിയെ സംബന്ധിച്ച വേണ്ടത്ര ധാരണയില്ലാതെയാണ് പെരുമാറുന്നത്. പുതിയ അംഗങ്ങള്‍ പാര്‍ട്ടിയെ സംബന്ധിച്ച് വേണ്ടത്ര പഠിക്കാന്‍ സന്നദ്ധരാകാത്തതാണ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം തകര്‍ക്കുന്നത്. പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലും പരമ്പരാഗത മേഖലകളിലും നിയന്ത്രണം നഷ്ടപ്പെടുന്നതായി സൂചനകളുണ്ട്. ഇത് പരിഹരിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകണമെന്നും കരടുറിപ്പോര്‍ട്ടില്‍ പറയുന്നു.
Comments