ഉത്തരാഖണ്ഡില്‍ മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചു. നൂറോളം മലയാളികളുള്‍പ്പെടെ നാല്‍പതിനായിരത്തോളം പേര്‍ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതും പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും മരണ സംഖ്യ ഉയരാന്‍ ഇടയാക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്‍.
തിങ്കളാഴ്ചയോടെ ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഗംഗോത്രി , യമുനോത്രി , ബദരിനാഥ് , കേദാര്‍നാഥ് , എന്നിവിടങ്ങളിലായി മുപ്പതിനായിരത്തോളം പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇന്ന് 14 പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചതായി സൈന്യം അറിയിച്ചു. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഇന്നലെ ആറായിരത്തോളം പേരെ ദുരന്തബാധിത മേഖലക്ക് പുറത്തെത്തിച്ചിട്ടുണ്ട്.
എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായതായി കേന്ദ്ര ആഭ്യന്ത്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുന്നത് മരണ സംഖ്യ ഉയരുമെന്ന ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്തതും പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യതയുമാണ് കാരണം. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയാതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം.
അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്ന നൂറോളം മലയാളികളില്‍ ആരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
Comments