ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലുമായി 12 പേര് മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.വരിക്കയില്‍ പാപ്പച്ചന്(65), ഭാര്യ തങ്കമ്മ (55), വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ, ഉറുമ്പിടത്ത് ജോസിന്റെ മക്കളായ ജിസ്നയും(16) ജോസ്നി(12), ഇടുക്കി കവല സ്വദേശി പെരുമ്മാന്തടത്തില് അന്നമ്മ (60) എന്നിവരും അടിമാലി ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടി ഇറച്ചിപ്പാറ സ്വദേശി രാജന്, തോപ്പില്‍ക്കുടി സ്വദേശി ജോസി, പാലക്കാട് സ്വദേശി ജിബിന്‍ (15), തിരിച്ചറിയാത്ത രണ്ട് പേരുമാണ് മരിച്ചത്.
പൈനാവ് അമ്പത്തിയാറ് കോളനിയില്‍ അണക്കര ബാബുവിന്റെ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയി. ബാബുവിനായി തിരച്ചില്‍ തുടരുകയാണ്. ജില്ലയുടെ ഉള്‍പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മലയിഞ്ചില് അമ്മയേയും കുഞ്ഞിനെയും കാണാതായി. മലയിഞ്ചി സ്വദേശി ബീനയെയും ഒരു വയസുള്ള കുട്ടിയെയുമാണ് കാണാതായത്. നിരവധി വീടുകള്‍ തകര്‍ന്നു. പലവീടുകളിലും വെള്ളം കയറിയിട്ടുണ്ട്.ദുരിതബാധിത പ്രദേശങ്ങള്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments