You are Here : Home / എഴുത്തുപുര

സിപിഎം പ്രവര്‍ത്തകന് ജനനേന്ദ്രിയത്തില്‍ മര്‍ദനമേറ്റില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്

Text Size  

Story Dated: Sunday, October 06, 2013 05:30 hrs UTC

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മര്‍ദനമേറ്റ് സിപിഎം പ്രവര്‍ത്തകന്‍ ജയപ്രസാദിന്‍റെ ജനനേന്ദ്രിയം തകര്‍ന്നു എന്ന വാര്‍ത്തയും ദൃശ്യങ്ങളും കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. ഇതേതുടര്‍ന്ന് ജയപ്രസാദിനെ മര്‍ദിച്ച എസ് ഐ വിജയദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഐ പി സി 341, 23,324, 506(1), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ് ഐക്കെതിരെ കേസെടുത്തത്. ക്രൂരമര്‍ദനം വിവാദമായതിനെ തുടര്‍ന്ന് ജയപ്രസാദിനെ [പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡിപാര്‍ട്ട്‌മെന്‍റ് ഓഫ് സര്‍ജറിയുടെ ഹെഡ് ഡോ. എ.ശ്രീകുമാര്‍, സര്‍ജറിയിലെ പ്രൊഫസര്‍ ഡോ.ആര്‍.പി. ഉണ്ണിത്താന്‍,ഡിപാര്‍ട്ട്‌മെന്‍റ് ഓഫ് യൂറോളജിയിലെ അഡിഷണല്‍ പ്രൊഫസ്സര്‍ ഡോ. ശിവരാമകൃഷ്ണന്‍ എന്നിവരാണ്‌ മെഡിക്കല്‍ ബോര്‍ഡ്‌ അംഗങ്ങള്‍. ജയപ്രസാദിന്‍റെ ജനനേന്ദ്രിയത്തിനു യാതൊരുവിധത്തിലുള്ള മര്‍ദനവും ഏറ്റിട്ടില്ലെന്നും, മര്‍ദനം കൊണ്ടുണ്ടായ ഒരു പരിക്കും രഹസ്യഭാഗങ്ങളില്‍ ഇല്ലെന്നുമാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. 
 
 
മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം
 
10-9-2013 രാവിലെ 11.30നാണു പ്രത്യേക മെഡിക്കല്‍ സംഘം ജയപ്രസാദിനെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്. കേസ് ഷീറ്റും ഇന്‍വെസ്റ്റിഗേഷന്‍ റിസള്‍ട്ടും സംഘം പരിശോധിച്ചു. ജയപ്രസാദിന്‍റെ മൊഴിയനുസരിച്ച് ശരീരത്തിന്‍റെ വിവിധഭാഗങ്ങളില്‍ ചതവും വേദനയും ഉണ്ട്. ജനനേന്ദ്രിയമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പരിക്കുള്ളതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുള്ള അഡ്മിഷന്‍ റെക്കോറഡ്ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതു നെഞ്ചിനു ചതവും തൊലിപ്പുറമേയുള്ള പരിക്കും വയറിന്‍റെ വലതു ഭാഗത്ത് ചതവും തൊടുമ്പോള്‍ വേദനയും ഉള്ളതായാണ് അഡ്മിഷന്‍ റെക്കൊര്‍ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വലതു കൈ പൊക്കുമ്പോള്‍ വേദനയുള്ളതായും ജയപ്രസാദ് പറഞ്ഞിട്ടുണ്ട്. എല്ലുരോഗവിദഗ്ദന്‍റെ പരിശോധനയില്‍ വലതു തോളിനും പുറത്തും ചതവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
 
 4-9-2013യില്‍ കാഷ്വാലിറ്റിയില്‍ നടന്ന പരിശോധനയില്‍ എടുത്ത എക്സ്റേയിലും സ്കാനിംഗിലും നെഞ്ചിനു കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. ആന്തരാവയവങ്ങള്‍ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയതായും  കണ്ടെത്തിയിട്ടില്ല.  വയറിന്‍റെ ഒരു ഭാഗത്തും മുറിവോ എന്തെങ്കിലും മാരകായുധം കൊണ്ട് പരിക്ക് പറ്റിയതായോ സ്കാനിങ്ങില്‍ കണ്ടെത്തിയിട്ടില്ല. വലതു നെഞ്ചിന്‍റെ താഴെ 1x1 cm വലുപ്പത്തില്‍ തൊലിപ്പുറത്ത് മുറിവുണ്ടായിരുന്നു. തോളിലും നെഞ്ചിലും തൊടുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിനു ആവശ്യമായ ചികിത്സ നല്‍കി. തൊണ്ടവേദനക്ക് ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് ചികിത്സ നല്‍കി. യൂറോളജി ഡോക്ടര്‍ പരിശോധിച്ചതില്‍ ജനനെദ്രിയവുമായി ബന്ധപ്പെട്ട ഒരു പരിക്കുകളും കണ്ടെത്തിയിട്ടില്ല. ചെറിയ  യൂറിനറി ട്രാക്ക് ഇന്ഫെക്ഷന്‍ മാത്രമാണ് യൂറോളജി പരിശോധനയില്‍ കണ്ടെത്തിയത്. പുറത്തു നിന്നുള്ള പരിക്ക്കൊണ്ടോ ആക്രമണം കൊണ്ടോ ഉള്ള ഒരു പരിക്കും ജനനേന്ദ്രിയത്തിലോ രഹസ്യഭാഗങ്ങളിലോ കണ്ടെത്തിയിട്ടില്ല.
 
 6-9-2013 നു നടത്തിയ ഡോപ്ലെര്‍ അള്‍ട്രാ സൌണ്ട് സ്കാനില്‍ ജനനെന്ദ്രിയത്തിലും രഹസ്യഭാഗങ്ങളിലും സാധാരണ രക്തയോട്ടം ഉള്ളതായി കണ്ടെത്തി. രഹസ്യഭാഗങ്ങളിലൊന്നും മര്‍ദനമേറ്റതിന്‍റെയോ പരിക്കുപറ്റിയതിന്‍റെയോ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ല. ജനനെന്ദ്രിയവും അനുബന്ധപ്രദേശങ്ങളും സാധാരണയില്‍ കവിഞ്ഞ യാതൊരു പരിക്കിന്‍റെയും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. 
 
പരിശോധനകള്‍ നടത്തുമ്പോള്‍ ജയപ്രസാദിനു പൂര്‍ണ്ണ ബോധമുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി. പള്‍സ്‌ റേറ്റ് 72 ആയിരുന്നു. മറ്റു സാധാരണ ശാരീരികപ്രവര്‍ത്തങ്ങളൊക്കെ തൃപ്തികരമാണ്. ‌നെഞ്ചിന്‍റെ മുകള്‍ഭാഗത്തുള്ള ചതവും തൊടുമ്പോഴുള്ള വേദനയും വലതു തോളിനും തോളിന്‍റെ പുറകിലും ഉള്ള വേദനയും ചതവും മാത്രമാണ് ശരീരത്തിലുണ്ടായിരുന്ന ആകെ പരിക്കുകള്‍. വലതു തോളില്‍ അനുഭവപ്പെടുന്ന വേദനയും നീരും കൈകള്‍ ബലമായി പിടിച്ചു തിരിച്ചതുകൊണ്ടാവാം. എന്നാല്‍ അടിവയറ്റില്‍ എന്തെങ്കിലും പരിക്ക് പറ്റിയതിന്‍റെ യാതൊരു സൂചനകളും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
 
മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം: രോഗിക്ക് നെഞ്ചിലും പുറത്തും വലതു തോളിലും അടിവയറിലും കണ്ടെത്തിയ ചെറിയ പരിക്കുകള്‍ ഇത്രയും ദിവസം നല്‍കിയ ചികിത്സകൊണ്ട് പൂര്‍ണ്ണമായും സുഖപ്പെട്ടിട്ടുണ്ട്. ഇത്രയും പരിശോധനകള്‍ നടത്തിയതില്‍ നിന്നും ബോര്‍ഡിന്‍റെ അഭിപ്രായം ഇതാണ്. 
 
11-9-2013നാണു പേട്ട എസ് ഐക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജയപ്രസാദിന് ജനനെന്ദ്രിയത്തില്‍ ക്രൂരമായ മര്‍ദനമേറ്റു എന്ന വാര്‍ത്തയും മര്‍ദനമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മനുഷ്യാവകാശകമ്മീഷന്‍ സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജയപ്രസാദിന് മാരകമായ ഒരു പരിക്കും പറ്റിയിട്ടില്ലെന്നും ജനനേന്ദ്രിയത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നുമുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പോലീസാണോ മാധ്യമങ്ങളാണോ ജയപ്രസാദാണോ പ്രത്യേകമെഡിക്കല്‍ സംഘമാണോ പ്രതിക്കൂട്ടിലാകാന്‍ പോകുന്നത് എന്ന് വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യും എന്നതില്‍ സംശയമൊന്നുമില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.