You are Here : Home / എഴുത്തുപുര

ധന്യമീ ജീവിതം: സേതു നരിക്കോട്ടിനു പിറന്നാൾ മംഗളം

Text Size  

Story Dated: Sunday, March 04, 2018 12:28 hrs UTC

 ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍

 
 
മാര്‍ച്ച് മാസം മൂന്നാം തിയ്യതി ജന്മദിനം ആഘോഷിക്കുന്ന ശ്രീ. സേതു നരിക്കോട്ടിനു അനുമോദനങ്ങള്‍. ഏഴര പതിറ്റാണ്ട് എത്തിനില്‍ക്കുന്ന ധന്യമായ അദ്ദേഹത്തിന്റെ ജീവിത പാതയിലെ പിന്നിട്ട സംവത്സരങ്ങള്‍ സ്‌നേഹാശംസകളോടെ ഓര്‍ത്തെടുക്കുകയാണിവിടെ.  

ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തില്‍ ന്യുയോര്‍ക്കില്‍ മലയാളികളും മലയാളീസംഘടനകളും വളരെ വിരളമായിരുന്നു. അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വന്നതോടെയാണ് മലയാളി കുടിയേറ്റക്കാരുടെ കുത്തൊഴുക്ക്ആരംഭിച്ചത്. കാലക്രമേണയാണ് മലയാളീ സംഘടനകളും മലയാളം പ്രസിദ്ധീകരണങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അങ്ങിനെ സംഘടനകള്‍ നാട്ടില്‍ നിന്ന്‌ സിനിമാതാരങ്ങളെയും മറ്റു കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും, രാഷ്ട്രീയക്കാരേയും മതനേതാക്കളേയും അമേരിക്കയിലേക്ക്‌ കൊണ്ടു വരിക പതിവായി. 

ഈവേദികളില്‍ തന്റെ ഹാസ്സെല്‍ ബ്‌ളാഡ് ക്യാമറയും തൂക്കി നല്ലൊരു ഷോട്ടെടുക്കാന്‍ തയ്യാറായി, പ്രസരിപ്പോടെ, സേതുനരിക്കോട്ടെന്ന ക്യാമറാമാന്‍ പ്രത്യക്ഷപ്പെടുക സാധാരണയായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിമൂന്ന്, മാര്‍ച്ച ്മൂന്നാം തിയ്യതി പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലുള്ള നഗരിപ്പുറം എന്നഗ്രാമത്തിലെ പ്രശസ്തകുടുംബാംഗങ്ങളായ പൂവത്തിങ്കല്‍ ശ്രീ. കൃഷ്ണന്‍നായരുടെയും നരിക്കോട്ടെ ശ്രീമതി. മാധവി അമ്മയുടെയും പുത്രനായി സേതു ജനിച്ചു. 

ചെറുപ്പം മുതലേ ചിത്രരചനയില്‍ ആഭിമുഖ്യമുള്ള സേതുവിന് പത്തിരിപ്പാല ഹൈസ്കൂളില്‍ നിന്ന്ധാരാളം സമ്മാനം കിട്ടുക പതിവായിരുന്നു. പാലക്കാട്ടെ വിക്ടോറിയ കോളേജില്‍ ബി. എസ്. സി ബോട്ടണിക്ക് പഠിച്ചുകൊണ്ടിരിക്കേ, ജര്‍മ്മനിയില്‍ പ്രിന്റിങ് ടെക്‌നൊളജിയില്‍ ഉപരിപഠനത്തിനായി നാടുവിട്ട ഇദ്ദേഹം ഇന്നേവരെ ഒരു പ്രവാസിയായി തുടരുന്നു. ജര്‍മ്മനയില്‍ പഠനം പൂര്‍ത്തിയാക്കി, കുറച്ചുകാലം പ്രിന്റിങ്‌ മേഖലയില്‍ ജോലി നോക്കിയ ശേഷം ന്യുയോര്‍ക്ക് തന്റെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തു. ആല്‍ബനിയില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. 

അവിടെയായിരിക്കുമ്പോള്‍ അദ്ദേഹം നാട്ടില്‍ പോയി ഡോ. രാധിക തരൂരിനെ വിവാഹംകഴിച്ചു.
ആല്‍ബനിയില്‍ വച്ച് അവരുടെ ഏകമകളായ സന്ധ്യയും പിറന്നു. പിന്നീട് ന്യുയോര്‍ക്ക് നഗരത്തിലേക്ക് താമസം മാറ്റിയ സേതു, അക്കാലത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ ക്വീന്‍സ് പ്രദേശത്ത ്സുപരിചിതമായ "സന്ധ്യ ഗ്രോസറീസ്" എന്ന കടയും തുടങ്ങി. 

എങ്കിലും തന്റെ കര്‍മ്മവീഥിയായ പ്രിന്റിങ് വെടിഞ്ഞില്ല. താമസംവിനാ, ഹില്‍സൈഡ് അവന്യുവില്‍ ഒരു പ്രിന്റിങ്പ്രസ്സും ആരംഭിച്ചു. പ്രിന്റിങ് ടെക്‌നോളജിയിലെ സാങ്കേതിക മികവും ഫോട്ടോഗ്രാഫിയിലുള്ള പാണ്ഡിത്യവും "സന്ധ്യപ്രസ്സി'നെ ഒരു നല്ല സ്ഥാപനമാക്കി മാറ്റി. അക്ഷരത്തെറ്റ്, ചിഹ്നവിരാമങ്ങള്‍ എന്നിവയിലുള്ള നിഷ്ക്കര്‍ഷത ഇതര പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുക കാരണം െ്രെടസ്‌റ്റേറ്റ് ഏരിയകളില്‍ നിന്ന്ആളുകള്‍ സേതുവിനെതേടി സന്ധ്യ പ്രസ്സില്‍വരുമായിരുന്നു. 

ഭാരതീയ വിദ്യാഭവന്റെ ന്യുയോര്‍ക്കിലെ സാരഥിഡോ. പി. ജയരാമന്‍, ഭവന്റെ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെവിശ്വസ്തതയോടെ ഏല്‍പ്പിച്ചിരുന്നത് സേതുവിനെ ആയിരുന്നു. കൂടാതെ,അനേകം മലയാളം പ്രസിദ്ധീകരണങ്ങളും ഈപ്രസ്സില്‍ അച്ചടിച്ചിട്ടുണ്ട്. അങ്ങിനെ, തന്റെ പ്രവൃത്തി മേഖലയില്‍ മുഴുകിയിരിക്കേ, വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതയാല്‍ ജോലിയില്‍നിന്നും വിടപറയേണ്ടിവന്നു.

മലയാളഭാഷയോടും സംസ്കാരത്തോടും അളവറ്റ കൂറ് പുലര്‍ത്തുന്നു, ഈ ഭാഷാസ്‌നേഹി. സ്വന്തംചിലവില്‍ ഇദ്ദേഹം മലയാള ഭഷാപഠനത്തിനായി ഇവിടുത്തെകുട്ടികളുടെ അഭിരുചിക്കനുസൃതമായി ചിലഭേദഗതികളോടെ, (പരമ്പരാഗതവാക്കുകള്‍ക്ക് പകരം ഇവിടുത്തെകുട്ടികള്‍ക്ക് സുപരിചിതമായ വാക്കുകള്‍ ഉപയോഗിക്കുക വഴി) പ്രസിദ്ധപ്പെടുത്തിയ അക്ഷരമാലാ പുസ്തകം വടക്കനമേരിക്കന്‍ മലയാള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും അദ്ധ്യേതാക്കളുടെയും ശ്രദ്ധപിടിച്ചുപറ്റി. ഇദ്ദേഹത്തിന്റെ പ്രസ്സിന്റെ ബേസ്‌മെന്റിലാണ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള മലയാളം പാഠശാല സമാരംഭിച്ചതെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു.

രണ്ടായിരത്തിപതിനേഴ് ഒക്ടോബറില്‍ ന്യുയോര്‍ക്കില്‍വച്ച് പ്രശസ്തസാഹിത്യകാരന്‍ ശ്രീ. ജെ.മാത്യുസിന്റെ സാരഥ്യത്തില്‍ നടന്ന 'ലാന' സമ്മേളനം സേതുവിന്‍റെ ഭാഷാസേവനത്തിനുള്ള സംഭാവന പരിഗണിച്ച് പാരിതോഷികം നല്‍കി ആദരിക്കുകയുണ്ടായി. തത്സമയംമലയാള അച്ചടിമാദ്ധ്യമങ്ങളിലെ അക്ഷരപുണ്യത്തിന്റെ ഉടമയായിരുന്ന വിശ്രുത 'മലയാളംപത്ര' ത്തിന്റെ സാരഥി ശ്രീ. ജേക്കബ് റോയ്പ്രിന്റിങ് മേഖലയിലെ സേതുവിന്‍റെ പ്രാവീണ്യം 'മലയാളം പത്ര' ത്തിന്റെ ആരംഭകാലത്ത് ഉപകാരപ്രദമായത് നന്ദിപൂര്‍വ്വം സ്മരിക്കുകയുണ്ടായി. ന്യുജേഴ്‌സിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'പ്രഭാതം' എന്ന പത്രത്തിനും വേണ്ട സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

എംബോസ്സിങ് പ്രക്രിയയിലൂടെ സേതു, മഹാത്മാഗാന്ധിയുടെ പടംനിര്‍മ്മിക്കുകയും അത് രാഷ്ട്രപതി ഭവനില്‍ സമര്‍പ്പിക്കാന്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. കെ. ആര്‍. നാരായണന്‍ അനുവദിക്കുകയും അദ്ദേഹത്തേയും കുടുംബത്തേയും രാഷ്ട്രപതിഭവന്‍ സന്ദര്‍ശ ിക്കാന്‍ അനുവദിച്ചതും സേതു നരിക്കോട്ടിന്റെ അവിസ്മരണീയവും ധന്യവുമായ ഒര ുമുഹൂര്‍ത്തമാണ്.

ഏതുപുരുഷന്റേയും വിജയത്തിന് പിന്നില്‍ ഒരുസ്ത്രീ ഉണ്ടെന്നുള്ളത് സുുവിദിതമാണല്ലോ. സഹധര്‍മ്മിണി ഡോ.രാധിക ന്യുയോര്‍ക്കില്‍ മുപ്പത്വര്‍ഷത്തോളം സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച ശേഷം ഭര്‍ത്താവിന്റെ പരിചരണത്തിനും ശുശ്രൂഷക്കുമായി ജോലിയില്‍ നിന്നുംവിരമിച്ചു. 

ഗര്‍വ്വോ അഹങ്കാരമോ ഇല്ലാത്ത ലാളിത്യമാണ് ഈസാധ്വിയുടെ മുഖമുദ്ര. ദൈനംദിന ജീവിതത്തില്‍ മാത്രമല്ല, ഔദ്യോഗിക ജീവിതത്തിലും ആംഗലേയ ചമയങ്ങളില്ലാതെ, തന്റെ ദേശീയ വസ്ത്രമായ സാരിയും ധരിച്ച് രോഗികളെ പരിരക്ഷിക്കുന്നതിലോ മെഡിക്കല്‍ സിമ്പോസിയങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിലോ ഈ ഡോക്ടര്‍ക്ക്‌തെല്ലും വൈമുഖ്യമില്ലതന്നെ. തന്റെ ഏകപുത്രിയെ മലയാളഭാഷ പഠിപ്പിക്കുന്നതിലും, ഭാരതീയ സംഗീത നൃത്യകലകള്‍ അഭ്യസിപ്പിക്കുന്നതിലും, ഭാരതീയഭക്ഷണം, വസ്ത്രധാരണം എന്നിവ സ്വായത്തമാക്കിപ്പിക്കുന്നതിലും ഈദമ്പതികള്‍ ഒരു മാതൃകതന്നെ. അതേ, ചക്കിക്കൊത്ത ചങ്കരന്‍, അല്ല ചങ്കരനൊത്ത ചക്കിയോ?

സേതുവും ശ്രീമതിയും നല്ല ആതിഥേയരുമാണ്. യശ:ശ്ശരീരനായ മാദ്ധ്യമപ്രവര്‍ത്തകന്‍ ശ്രീ. വി. കെ. മാധവന്‍കുട്ടി, ആര്യവൈദ്യശാലയുടെ സര്‍വ്വാധികാരിയായ വൈദ്യരത്‌നം ഡോ: പി.കെ. വാരിയര്‍, സിനിമാലോകത്തെ ഭരത്‌ ഗോപി, ജയഭാരതി, ഡോ: ശശി തരൂര്‍ എന്നിവരൊക്കെ ഇവരുടെ ആതിഥ്യം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇതിനൊക്കെ പുറമെ, അമേരിക്കന്‍ മലയാളി സാമൂഹ്യസാംസ്കാരിക സംഘടനകളിലെ അംഗവും സാന്നിദ്ധ്യവുമാണ് ഈകുടുംബം. 'അയ്യപ്പ സേവാസംഘം', 'എന്‍.ബി.എ.എന്നീ സംഘടനകളുടെ ആദ്യകാല പ്രവര്‍ത്തകരില്‍ഒരാളുമാണ് സേതു. 'കേരളസമാജം' 'സര്‍ഗ്ഗവേദി' എന്നീകൂട്ടായ്മകളിലും അദ്ദേഹ ംഭാഗഭാക്കാവുകപതിവായിരുന്നു. 

എഴുപത്തിയഞ്ചാം ജന്മദിനംആഘോഷിക്കുന്ന ഈവേളയില്‍ സേതുനരിക്കോട്ടിനു എല്ലാവിധ നന്മകളും നേരട്ടെ !

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.