മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നാല് മണിക്കൂറിന് ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ചടങ്ങിലേക്ക് വിളിച്ച് കയറ്റിവിടാതെ അപമാനിച്ചെന്ന് ആരോപിച്ച് ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിക്കെതിരെ ഉപരോധ സമരം നടത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരെ, ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് പൊലീസ് രാവിലെ തന്നെ തടഞ്ഞു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിന് മുന്‍പിലും സെക്രട്ടറിയേറ്റിനു മുന്‍പിലും കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി തുടങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന് നായര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14957 പരാതികളാണ് ജില്ലയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇതുവരെ പരാതി നല്കാന് കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ശേഷം വേദിയിലെത്തി പരാതി നല്‍കാം.കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. കേന്ദ്രമന്ത്രി ശശിതരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി എസ് ശിവകുമാര്‍, കെ ബാബു, കെ സി ജോസഫ് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.
Comments