You are Here : Home / എഴുത്തുപുര

പാര്‍വ്വതിയുടെ ബൗള്‍ സംഗീതം

Text Size  

Story Dated: Friday, October 25, 2013 03:07 hrs UTC

ബംഗാളിന്റെ നാടോടി സംഗീതത്തിലെ ഓരേടായ ബൗള്‍ സംഗീതത്തെ ലോകത്തിന്‌ പരിചയപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട കലാകാരിയാണ്‌ പാര്‍വ്വതി ബൗള്‍. കേരളത്തിന്റെ മരുമകളായി ജീവിക്കുന്ന പാര്‍വ്വതിക്ക്‌ ബൗള്‍ സംഗീതമാണ്‌ എല്ലാം. ബൗള്‍ സംഗീതത്തിന്റെ എളിമയും തനിമയും ലോകമെമ്പാടും പാടി നടക്കാന്‍ ഈ കലാകാരി ആഗ്രഹിക്കുന്നു. ബംഗാളിന്റെ സാംസ്‌ക്കാരികവും, രാഷ്ട്രീയവുമായ കാഴ്‌ചപ്പാടുകള്‍; യോഗികള്‍ അവധാനതയോടെ ഈ സംഗീതത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നതിനാല്‍ ബൗള്‍ സംഗീതമാണ്‌ ഏറ്റവും ഉല്‍കൃഷ്‌ടവും ശ്രേഷ്‌ഠവുമെന്ന്‌ ശാന്തിനികേതനില്‍ ചിത്രമെഴുത്ത്‌ പഠിച്ച പാര്‍വ്വതി ഉറച്ച്‌ വിശ്വസിക്കുന്നു. പാര്‍വ്വതിയുടെ അഭിപ്രായത്തില്‍ സംഗീതകാരന്‍ ഒരു പോരാളിയാണ്‌. മറഞ്ഞിരിക്കുന്ന ആയുധവുമായി ലോകത്തിലെ തിന്മകളോട്‌ പൊരുതാന്‍ ഇറങ്ങിപ്പുറപ്പെട്ട പോരാളി. ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നാന്‍ കഴിയുന്ന സ്വന്തം ശബ്‌ദമാണ്‌ അവനില്‍ മറഞ്ഞിരിക്കുന്ന ആയുധം. രബീന്ദ്ര സംഗീതം വേരുപിടിച്ച ബംഗാളിന്റെ മണ്ണില്‍ ബൗള്‍ സംഗീതം അതിനും എത്രയോ കാലങ്ങള്‍ക്ക്‌ മുമ്പേ പ്രചാരത്തിലുണ്ടായിരുന്നു.

ഒരിക്കല്‍ ഒരു വള്ളക്കാരന്‍ രാത്രിയുടെ ഏകാന്തതയില്‍ പാടിയ ബൗള്‍ സംഗീതത്തിലെ വരികളും താളവും ആണ്‌ രബീന്ദ്രനാഥ ടാഗോറിനെ ആകര്‍ഷിച്ചതെങ്കില്‍ ശാന്തിനികേതനിലെ വിദ്യാര്‍ത്ഥിയാകാന്‍ സഹോദരനൊപ്പം നടത്തിയ തീവണ്ടിയാത്രയാണ്‌ പാര്‍വ്വതിയെ ഈ സംഗീത ലോകത്തെത്തിച്ചത്‌. തത്ത്വ ചിന്തകളെ ലളിതമായി അവതരിപ്പിക്കുന്ന രീതിയില്‍ ടാഗോര്‍ ആകൃഷ്‌ടനാകുകയും പിന്നീട്‌ അദ്ദേഹത്തിന്റെ കവിതകളെ തന്നെ അത്‌ സ്വാധീനിക്കുകയും ചെയ്‌തതുപോലെ ചിത്രകല പഠിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട തന്നിലും ഈ നാടോടി സംഗീതം ചില രാസമാറ്റങ്ങള്‍ വരുത്തിയതായി പാര്‍വ്വതി കരുതുന്നു. "സംഗീതത്തിന്റെ സാര്‍വ്വലൗകികമായ സ്‌നേഹ വലയത്തില്‍ താന്‍പെട്ടുപോയി" എന്നാണ്‌ പാര്‍വ്വതി സ്വന്തം വാക്കുകളില്‍ അതിനെ വിശദീകരിക്കുന്നത്‌. പല ഗായകരുടെ കീഴിലുമായി രണ്ട്‌ പതിറ്റാണ്ട്‌ അവര്‍ ബൗള്‍ സംഗീതത്തെ ഉപാസിച്ചു. മറ്റെല്ലാ നാടോടി സംഗീതവും ആഘോഷത്തിന്റെ ഭാഗമാകുമ്പോള്‍ ബഹളങ്ങളില്ലാതെ, ശാന്തമായ്‌ ബൗള്‍ സംഗീതം ഇന്നും വേറിട്ടു നില്‍ക്കുന്നു.


സംഗീതം എന്നത്‌ ജീവിതത്തിലും മരണത്തിലും എല്ലാം നമ്മെ പിന്‍തുടരുന്ന സംഗതിയാണ്‌. സംഗീതം എന്നത്‌ എവിടെ നിന്നെത്തുന്നു എങ്ങോട്ട്‌ നയിക്കുന്നു എന്നൊന്നും കൃത്യമായി പറയാന്‍ യോഗീവര്യന്മാര്‍ക്ക്‌ പോലും ആയിട്ടുമില്ല. ബൗളിന്റെ വിശ്വാസപ്രകാരം "ഓംകാരം" ആണ്‌ പ്രപഞ്ചത്തിന്റെ ആദിമന്ത്രം. അതിനാല്‍ ഈ നാദം പുറപ്പെടുവിക്കുന്ന 'ഏക്‌താര' എന്ന ഒറ്റക്കമ്പി വീണ വലതുകൈയ്യിലേന്തിയാണ്‌ പാര്‍വ്വതി ബൗളിന്റെ സംഗീതയാത്ര.. ഈ ഉപകരണത്തിന്‌ കൂട്ടായി കളിമണ്ണില്‍ തീര്‍ത്ത ചെറിയ ഒരു കൊട്ടുവാദ്യം അരയിലും 'നൂപര്‍' എന്ന ചിലങ്ക കാലിലും ധരിക്കും. ദൈവവും മനുഷ്യനും ഇടയിലുള്ള പാലമായാണ്‌ സംഗീതത്തെ പാര്‍വ്വതി ഉപാസിക്കുന്നത്‌. ഏക്‌താര മീട്ടി വായ്‌പ്പാട്ടിനൊപ്പം നൃത്തം വെച്ചാണ്‌ ഈ കലാകാരി
സഹൃദയരെ സംഗീതലഹരിയിലാഴ്‌ത്തുന്നത്‌. സംഗീതജ്ഞര്‍ക്ക്‌ യോഗിയുടെ മനസ്സും ജീവിതചര്യയുമാണെന്ന്‌ വിശ്വസിക്കുന്ന പാര്‍വ്വതിബൗളിന്റെ ജീവിതവും ഏറെക്കുറെ അങ്ങനെ തന്നെയാണ്‌. വളര്‍ന്നിറങ്ങിയ ജഡയും, എളിമയുള്ള ജീവതവും ഈ കലാകാരിയെ യോഗീ ഭാവത്തോട്‌ അടുപ്പിച്ചു നിര്‍ത്തുന്നു. ഭര്‍ത്താവും തിരുവനന്തപുരം സ്വദേശിയുമായ രവി ഗോപാലന്‍ നായര്‍ക്കൊപ്പം സ്ഥിരതാമസം തിരുവനന്തപുരത്താണെങ്കിലും ബൗള്‍ സംഗീതവുമായി ഈ കലാകാരി ലോകം മുഴുവന്‍ ചുറ്റുകയാണ്‌. ഉള്‍ക്കാഴ്‌ചയോടെ മാറ്റങ്ങളൊന്നും വരാതെതന്നെ ഈ സംഗീതധാരയ്‌ക്ക്‌ ഇനിയും ഭാവിയുണ്ടെന്ന്‌ ഇരുവരും വിശ്വസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.