" കുറച്ചുതാരങ്ങളോ സെലിബ്രിറ്റികളോ വിചാരിച്ചാല്‍ രാഘവന്‍ മാസ്‌റ്ററുടെ പ്രതിഭ മങ്ങിപോകില്ല. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ സിനിമാതാരങ്ങളോ അദ്ദേഹം പാടിയ സിനിമകളിലെ നിര്‍മാതാക്കളോ, അദ്ദേഹം വളര്‍ത്തി വലുതാക്കിയ ഗായകാരോ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ല. അവര്‍ ഇഷ്‌ടം പോലെ ചെയ്യട്ടെ. മാഷോടൊപ്പമുള്ള ഓര്‍മ്മകള്‍ ഇപ്പോഴും എന്നില്‍ ജ്വലിച്ചു നില്‍ക്കുകയാണ്" മലയാളികളുടെ മനസ്സിലെ ജ്വലിക്കുന്ന ഓര്‍മയായ രാഘവന്‍ മാസ്‌റ്റര്‍ എന്ന സംഗീത ഗുരുവിന്റെ പ്രഥമ ശിഷ്യനും ഓത്തു പള്ളിയില്‍ അന്നു നമ്മള്‍ എന്ന ഒറ്റഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ പ്രതിഷ്‌ഠനേടിയ ഗായകനുമായ വി.ടി മുരളി അശ്വമേധത്തിനു അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
രാഘവന്‍ മാഷുമൊത്തുള്ള ആദ്യഗാനത്തിന്റെ ഓര്‍മ?
ആ ഓര്‍മകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റത്. എന്നിലെ ഗായകനെ ആദ്യം കണ്ടെത്തിയത് രാഘവന്‍ മാഷായിരുന്നു. എനിക്ക് ആദ്യഗാനം പടാന്‍ അവരമൊരുക്കിയതും അദ്ദേഹം തന്നെ. എന്റെ അച്‌ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന് . ആദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചഗാനം പടാന്‍ പറ്റിയത് എറ്റവും വലിയ കാര്യമായി കാണുന്നു.
മാഷുമായുള്ള ബന്ധം? സംഗീത ഗുരു മാത്രമായിരുന്നോ അദ്ദേഹം ?
എതുതരത്തിലുള്ള ബന്ധമായിരുന്നു അദ്ദേഹവുമായി എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. മാഷിന്റെ എന്ത് ആവശ്യത്തിനും എന്നെ വിളിക്കും. സംഗീതത്തെകുറിച്ചു മാത്രമായിരുന്നില്ല ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നത്. ഈ ലോകത്തിനു കീഴെ എന്തിനെ കുറിച്ചും മാഷ് വാചാലനാവുമായിരുന്നു.
അത്രയും സുദൃഢമായ ആത്മബന്ധമായിരുന്നു മാഷുമായുണ്ടായിരുന്നത്. മാഷ് പലര്‍ക്കും സംഗീതം ചിട്ടപ്പെടുത്തി കൊടുത്തിട്ടുണ്ട്. പണം വാങ്ങാതെയായിരുന്നു അത്. അത് മാഷിന്റെ നന്മയാണ്. കഷ്‌ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും ഒരു പ്രലോഭനത്തിനും അദ്ദേഹം വഴങ്ങിയിരുന്നില്ല.
സംഗീതം പഠിക്കാനൊന്നും ഞാന്‍ മാഷിന്റെ അടുത്ത് പോയിട്ടില്ല. സംഗീതം പഠിപ്പിച്ചുതരുമോ എന്നു ചോദിച്ചപ്പോള്‍ ചിരിച്ചുകളഞ്ഞു. അതായിരുന്നു അദ്ദേഹം. നമ്മുടെ കയ്യില്‍ എന്തുണ്ട് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതിനനുസരിച്ച് ആളെ അളക്കാന്‍ പ്രത്യേക മിടുക്കായിരുന്നു അദ്ദേഹത്തിന്. ആ മിടുക്ക് അവസാന കാലഘട്ടം വരെ അദ്ദേഹത്തിനുണ്ടായിരുന്നു.
ഓത്തുപള്ളിയില്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം അസ്വാദകര്‍ക്ക് സമ്മാനിച്ച താങ്കളെ സംഗീതലോകം വേണ്ടവിധം അംഗീകരിച്ചില്ലെന്നു തോന്നുന്നുണ്ടോ?
ഇല്ല. എന്നും ഒതുങ്ങിനില്‍ക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. പലരും അവസരം തേടി മറ്റുള്ളവരുടെ പിന്നാലെ പോവുകയാണ്. എനിക്കതിന്റെ ആവശ്യമില്ല. അവസരത്തിനായി യോഗ്യതയില്ലാത്തവരുടെ മുന്നില്‍ പോകാന്‍ താല്‍പര്യമില്ല. ഇപ്പോള്‍ മറ്റു പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്.
അര്‍ഹിച്ച പരിഗണന ആരും രാഘവന്‍ മാഷിനും നല്‍കിയില്ല?
എന്താ സംശയം, നല്‍കിയില്ല. എത്ര ഗാനങ്ങള്‍ക്ക് അദ്ദേഹം വഴിയൊരുക്കി. എല്ലാം ജനമനസ്സുകളില്‍ ഇന്നും തരംഗമായി നില്‍ക്കുന്നവ. എത്രയോ സിനിമാ നിര്‍മാതാക്കള്‍ അദ്ദേഹത്തിന്റെ ഡേറ്റിനായി വീടിനു മുന്നില്‍ കാത്തുനിന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹം രോഗബാധിതനായി കിടന്നപ്പോള്‍ ആരെങ്കിലും തിരിഞ്ഞുനോക്കിയോ ?
മാഷ് പോയി. വല്ലാത്ത ഒരു ശൂന്യത. ഇപ്പോള്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. നോക്കാം....
Comments