ചൊവ്വയെ ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ. മംഗള്‍യാന്‍ പര്യവേഷണപേടകം ഇന്നുച്ചക്ക് കൃത്യം 2 മണി 38 സെക്കന്റുകള്‍ക്ക് കുതിച്ചുയരും. ഞായറാഴ്ച ആരംഭിച്ച കൗണ്ട്ഡൗണ്‍ സുഗമമായി മുന്നോട്ട് പോകുന്നതായും റോക്കറ്റിന്‍െറ നാലാംഘട്ടത്തില്‍ ഇന്ധനം നിറക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായും ഐ.എസ്.ആര്‍.ഒ അറിയിച്ചു. കാലവസ്ഥ അനുയോജ്യമാണെന്നും കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്‍െറ സഹായത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ മഴക്ക് സാധ്യത കുറവാണെന്നും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വിക്ഷേപണം ആരംഭിച്ച് ആദ്യത്തെ 45 മിനിറ്റ് സങ്കീര്‍ണമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍ ഈ സമയം കഴിഞ്ഞേ വിക്ഷേപണം പ്രാഥമികമായെങ്കിലും വിജയകരമാണെന്ന് പറയാന്‍ കഴിയൂ. വിക്ഷേപണത്തിന് ശേഷം 45ാം മിനിറ്റിലാണ് പി.എസ്.എല്‍.വിയില്‍നിന്ന് ഉപഗ്രഹം വേര്‍പെടുക. മാത്രവുമല്ല, പി.എസ്.എല്‍.വിയില്‍നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുന്നതിലും വെല്ലുവിളികള്‍ ഉണ്ട്.
ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി സി 25 മംഗള്‍യാനിയെയും വഹിച്ച് അന്തരീക്ഷത്തിലേക്കുയരുമ്പോള്‍ ഇന്ത്യ ലോക ചരിത്രത്തില്‍ ഒരദ്ധ്യായം കൂടെ എഴുതിച്ചേര്‍ക്കുന്നു.
Comments