തൊഴില്‍ നിയമങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇരുപതോളം സ്‌ത്രീകള്‍ പണിയെടുക്കുന്ന സൊസൈറ്റിയില്‍ ഒരുമൂത്രപ്പുരപോലും ഇല്ല.എല്ലാവിധ തൊഴില്‍ മര്യാദകളും ലംഘിച്ച് പതിറ്റാണ്ടുകളായി രണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍.പകല്‍ മുഴുവന്‍ വസ്‌ത്രങ്ങളുടെ ഊടും പാവും നെയ്യുന്ന പറവൂര്‍ ചേന്നംമ്പള്ളിയിലെ നെയ്‌ത്തുകാര്‍ ജീവിതത്തിന്റെ ഇഴചേര്‍ക്കാന്‍ പെടാപാടുപെടുന്നു.
ഉടുപുടവകള്‍ രൂപം കൊള്ളുന്നത് നേരില്‍ കാണാന്‍ മോഹിച്ചാണ് മെട്രോനഗരത്തിന്റെ മടുപ്പുകള്‍ക്കിടയില്‍ നിന്ന് യാത്രതിരിച്ചത്. ഏറെ പ്രതീക്ഷയോടെ ചെന്നെത്തിയ വളരെ അകലെയൊന്നുമല്ലാത്ത നെയ്‌ത്തു ഗ്രാമം നല്‍കിയത് സങ്കടവും നിരാശയും മാത്രം. പകല്‍ മുഴുവന്‍ വസ്‌ത്രങ്ങളുടെ ഊടും പാവും നെയ്യുന്ന പറവൂര്‍ ചേന്നംമ്പള്ളിയിലെ നെയ്‌ത്തുകാര്‍ ജീവിതത്തിന്റെ ഇഴചേര്‍ക്കാന്‍ പെടാപ്പാടു പെടുന്നതാണ് ആദ്യം കണ്ട കാഴ്‌ച.
തൊഴിലാളി സംഘടനകള്‍ നിലവിലുള്ള കേരളത്തില്‍, എല്ലാവിധ തൊഴില്‍ മര്യാദകളും ലംഘിച്ച് പതിറ്റാണ്ടുകളായി രണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍ എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് ചേന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്നു. മുപ്പത്തിയഞ്ചോളം വരുന്ന സ്‌ത്രീപുരുഷ തൊഴിലാളികള്‍, വര്‍ഷങ്ങളായി, തുച്ഛമായ ദിവസ വേതനമല്ലാതെ മറ്റ് യാതൊരാനുകൂല്യങ്ങളും ഇല്ലാതെ ഇവിടെ പണിയെടുക്കുന്നു. ഒരു ദിവസം നെയ്യുന്ന തുണിയുടെ കണക്കിനനുസരിച്ചാണ് ഇവരുടെ വരുമാനം. ഒരാളുടെ ദിവസ വേതനം ഏറിയാല്‍ നൂറ്റിയന്‍പത് രൂപ വരും. രാവിലെ ഒന്‍പതുമണിമുതല്‍ വൈകിട്ട് നാല് മണിവരെ കയ്യും കാലും ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ച് നേടുന്ന ഈ വരുമാനം ഒന്നിനും തികയില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ചേന്ദമംഗലത്ത് രണ്ട് കൈത്തറി നെയ്‌ത്ത് സഹകരണ സംഘങ്ങളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം തൊളിലാളികള്‍ ജോലി ചെയ്യുന്നു. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനം നടപ്പിലാക്കേണ്ട തൊഴില്‍ നിയമങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ അവകാശമായ പിഎഫ്, ബോണസ്, ശമ്പളത്തോടുകൂടിയ നിശ്ചിത ദിവസത്തെ അവധി, രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഇ.എസ്.ഐ പോലെയുള്ള സൗകര്യങ്ങള്‍ ഇവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. തുച്ഛമാണെങ്കിലും വരുമാനത്തില്‍ നിന്ന് പിടിക്കുന്ന തുകയും പിരിഞ്ഞു പോകുമ്പോള്‍ ഇവര്‍ക്ക് തിരികെ ലഭിക്കാറില്ല. അപ്പപ്പോള്‍ തോന്നുന്ന കാരണങ്ങളാണ് അധികൃതര്‍ ഈ തുക നല്‍കാതിരിക്കാനായി നിരത്തുന്നത്. എന്തിന് പറയുന്നു, ഇരുപതോളം സ്‌ത്രീകള്‍ പണിയെടുക്കുന്ന സൊസൈറ്റിയില്‍ ഒരുമൂത്രപ്പുരപോലും ഇല്ല. യാതൊരാനൂകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ നൂറോളം തൊഴിലാളികള്‍ പിരിഞ്ഞുപോയി.
പണിയെടുക്കാനാളില്ലാതെ പല തറികളും മറ്റുപകരണങ്ങളും ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. വീട്ടില്‍ വെറുതെയിരിക്കാന്‍
താല്‍പ്പര്യമില്ലാത്തതിനാല്‍ മാത്രം ചിലര്‍ ഇവിടെ വന്നു പോകുന്നു. ഒരു വീവിംഗ് മാസ്റ്റര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരന്‍. ഡൈയിംഗ് യൂണിറ്റില്‍ ഒരു ഒഴിവ് വന്നിട്ട് വര്‍ഷങ്ങളായെങ്കിലും അത് ഇനിയും നികത്തിയിട്ടില്ല. വീവിംഗ് മാസ്റ്റര്‍ തന്നെയാണ് തുച്ഛമായ ആനുകൂല്യം പറ്റി ഈ അധിക ജോലിയും ചെയ്യുന്നത്. ജോലി സുഗമമായി നടക്കുന്നതിനാല്‍ അധികൃതര്‍ ഇനി ഒരു നിയമനത്തിന് തയ്യാറല്ലെന്ന മട്ടാണ്. ഡൈയിംഗ് എന്നത് വളരെ ശ്രദ്ധവേണ്ടതും ശ്രമകരവുമായ തൊഴില്‍ മേഖലയാണ്. സ്ഥിരമായി ഡൈ ചെയ്യുമ്പോള്‍ രാസവസ്‌തുക്കളുടെ പാര്‍ശ്വഫലവും ഇദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കുന്നു. മുട്ടാവുന്ന വാതിലുകളെല്ലാം തങ്ങളുടെ മുന്നില്‍ കൊട്ടിയടക്കപ്പെടുന്നതായി ഇവര്‍ക്ക് പരാതിയുണ്ട്. ഇനിയാരോടും ആവലാതികള്‍ പറയാന്‍ പോലും പറ്റാത്ത രീതയില്‍ മടുത്തുപോയിരിക്കുന്നു ഇവര്‍.
ഇത്തരം പരാധീനതകള്‍ക്കിടയിലും ഓഡറുകള്‍ ധാരാളം ലഭിക്കുന്നു. എന്നാല്‍ ജോലിക്കാര്‍ ആവശ്യാനുസരണം ഇല്ലാത്തതിനാല്‍ ഡിമാന്റനുസരിച്ച് സാധനങ്ങള്‍ നല്‍കാനാകാത്ത അവസ്ഥയിലാണ് സ്ഥാപനം. അധികൃതരുടെ കെടുകാര്യസ്ഥതമൂലം ഒരു വ്യവസായം കൂടി ഊര്‍ദ്ധ്വശ്വാസം വലിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. തൊഴില്‍മന്ത്രിയും, വ്യവസായമന്ത്രിയും, മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധവെച്ചാല്‍ അന്യംനിന്ന് പോകാവുന്ന ഒരു പരമ്പരാഗത വ്യവസായത്തെ കരകയറ്റാനാകുമെന്ന പ്രതീക്ഷ ഇനിയും ബാക്കി......
Comments