You are Here : Home / എഴുത്തുപുര

പവനായിമാര്‍ ശവമാകുമ്പോള്‍

Text Size  

Story Dated: Saturday, November 16, 2013 05:13 hrs UTC

എന്തൊരു ബഹളമായിരുന്നു. ചുവപ്പു കൊടി, ഉണ്ടക്കല്ല്‌, കുറുവടി, കമ്പി അങ്ങനെ........ അതേ, പഴയ ആ സിനിമയിലേതു പോലെ തന്നെയായി കാര്യങ്ങള്‍. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന്‌ വീരവാദം മുഴക്കിയാണ്‌ സെക്രട്ടറിയേറ്റ്‌ ഉപരോധിക്കാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങിയത്‌. അതിനു മുമ്പ്‌ നടത്തിയ സെക്രട്ടറിയേറ്റ്‌ നടയിലെ രാപ്പകല്‍ സമരത്തില്‍ നേതാക്കന്‍മാര്‍ക്ക്‌ കൊതുകുകളുടെ നിര്‍ദാക്ഷിണ്യമായ കുത്തുകള്‍ കിട്ടിയത്‌ മിച്ചം. അവരുടെ ചോരയുടെ നിറം ചുവപ്പാണെന്ന്‌ കൊതുകുകള്‍ക്ക്‌ അറിയാം. പക്ഷേ കൊടിയുടെ നിറം അത്ര നിശ്ചയമില്ലായിരുന്നു. അങ്ങനെ രാപ്പകല്‍ പരിപാടിയും സെക്രട്ടറിയേറ്റ്‌ ഉപരോധവുമൊക്കെ ഗംഭീരമായി ചീറ്റിപ്പോയി. സോളാര്‍ വിഷയം ഹിമാലയത്തിലെ ഐസ്‌ കട്ടകള്‍ പോലെ തണുത്തുറഞ്ഞും പോയി. സലിംരാജ്‌ തന്റെ കുലത്തൊഴിലായ ക്വട്ടേഷന്‍ പരിപാടിയുമായി തന്റെയും മറ്റുള്ളവരുടെയും മാളങ്ങളില്‍ സുരക്ഷിതനായി ഇരിക്കുന്നു.
ഇതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഇസ്‌പേഡ്‌ ഗുലാനായ ജനസമ്പര്‍ക്ക കാര്‍ഡുമായി പൂര്‍വ്വാധികം ശക്തിയോടെ കളിക്കളത്തിലേക്ക്‌ അതിവേഗം ബഹുദൂരം ഓടിയിറങ്ങി. സെക്രട്ടറിയേറ്റ്‌ ഉപരോധം പവനായിയെപ്പോലെ ശവമായി. എങ്കിലും സിപിഎമ്മിന്റെ കേഡര്‍ കരുത്ത്‌ തെളിയിക്കാന്‍ ആ പരിപാടിക്ക്‌ കഴിഞ്ഞു എന്നും ഉമ്മന്‍ചാണ്ടി ഗക്തക്കലഷറപ തങ്ങളെ വല്ലാതെ ഭയക്കുന്നുണ്ടെന്നും സഖാക്കള്‍ ഉറച്ചു വിശ്വസിച്ചു.
ഇനി ഒരേയൊരു പ്രതീക്ഷയേ ഉള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ . തിരഞ്ഞെടുപ്പിലേക്കുള്ള ദിവസങ്ങള്‍ കലണ്ടറില്‍ നിന്ന്‌ കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കും തോറും ഇപ്പോള്‍ നടക്കുന്ന ഇടതു സമരങ്ങളെ ഏതു വിധേനയും കുട്ടിച്ചോറാക്കുക എന്നതു മാത്രമാണ്‌ കോണ്‍ഗ്രസുകാരും ഘടകകക്ഷി സില്‍ബന്ധികളും ചിന്തിച്ചു വശായിക്കൊണ്ടിരിക്കുനന്നത്‌. ഈ സാഹചര്യത്തിലാണ്‌ പ്രതിപക്ഷത്തിന്റെ കരിങ്കൊടി പൊക്കലിനെയും ജൗളി തെറുത്തുകേറ്റി ചങ്കു വിരിച്ച്‌ ഇങ്ക്വിലാബ്‌ വിളിക്കുന്നതിനെയും ഒക്കെ നേരിട്ടു കണ്ട്‌ കൂളായി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കം നടത്തിക്കൊണ്ടിരിക്കുന്നത്‌. മുഖ്യമന്ത്രി പോകുന്ന വഴി ബീവറേജസ്‌ ഔട്ട്‌ലെറ്രറ്റിലെ ക്യൂ നില്‍പ്പിനേക്കാള്‍ ക്ഷമയോടെ കാത്തു നിന്ന്‌ കരിങ്കൊടി ഉയര്‍ത്തി വീശി സഖാക്കള്‍ നവ വിപ്ലവ സായൂജ്യമടഞ്ഞു.
ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ സഖാക്കളുടെ തറവാടായ കണ്ണൂരില്‍ പരുവത്തിന്‌ കിട്ടി. തിണ്ണമിടുക്കോടെ അവര്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ്‌ കാറിനു നേരെ പാഞ്ഞടുക്കുന്നത്‌ ടിവിയില്‍ ജനം കണ്ടു. ഒരു കല്ല്‌ കാറിന്റെ ചില്ല്‌ തരിപ്പണമാക്കി പാഞ്ഞു പോയി. പിന്നെ കാണുന്നത്‌ മുഖ്യമന്ത്രിയുടെ പരിക്കേറ്റ മുഖമാണ്‌. നെറ്റിയില്‍ ചോര പൊടിഞ്ഞിരിക്കുന്നു. നെഞ്ചത്തും കാല്‍വിരലിലും പരിക്ക്‌. തൊട്ടടുത്ത നിമിഷം കേരളം കേട്ടത്‌ പിണറായി വിജയന്റെ വാക്കുകളാണ്‌. ?ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ?. എന്ന വാക്യം ഇവിടെ ഓര്‍ക്കുന്നതു നന്ന്‌. ഇത്‌പിണറായി പറഞ്ഞതല്ല. പ്രതിരോധത്തിലായ അദ്ദേഹം വ്യക്തമാക്കിയത്‌ ഉമ്മന്‍ചാണ്ടിക്കെതിരെ ഉള്ള അക്രമത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്നും അക്രമ സമരം സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നയമല്ലെന്നുമാണ്‌. ഇതൊന്നും ആരും വിശ്വസിക്കില്ല. കോണ്‍ഗ്രസുകാര്‍ക്കിട്ടു പണി കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തകരവാദിത്തം സിപിഎം കാര്‍ക്കാണെന്നതാണ്‌ പരമ്പരാഗതമായ രാഷ്‌ട്രീയ വിശ്വാസ സംഹിത. ഇനി യഥാര്‍ത്ഥത്തില്‍ അവര്‍ ഉഡായിപ്പു വേലകള്‍ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും പാപഭാരം സഖാക്കളുടെ തലയില്‍ തന്നെ . അതാണ്‌ പാര്‍ട്ടിയുടെ ദുര്യോഗം. കീചകനും ഭീമനും പോലെയാണ്‌ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും. ഏതായാലും കല്ലേറില്‍ മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും ഇമേജ്‌ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു. ഇത്‌ ഐ വിഭാഗക്കാരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്‌. അവര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ കോര്‍ണര്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹമാണല്ലോ ആഭ്യന്തര വകുപ്പിലെ പ്രഥമ പൗരന്‍. മുഖ്യമന്ത്രിക്ക്‌ ശക്തമായ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പോലീസിന്‌ വീഴ്‌ച പറ്റി എന്ന്‌ ആരോപിച്ചു കൊംണ്ട്‌ കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തലയും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പി.സി. ജോര്‍ജിനു പഠിക്കുന്ന കെ. സുധാകരനും കത്തുന്ന പുരക്കു മുന്നില്‍ നിന്നും നല്ല നേന്ത്ര വാഴകള്‍ വെട്ടി. സുരക്ഷാ വീഴ്‌ച എന്നു പറഞ്ഞതിലൂടെ തിരുവഞ്ചൂരിനെയാണ്‌ ഉന്നം വെച്ചതെന്ന്‌ അറിയാന്‍ ഐ.പി.എസ്‌ പരീക്ഷ പാസാവേണ്ട കാര്യമില്ല.
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കണ്ണൂരിലെ നാലാളറിയുന്ന സി.പി.എം കാരെ തിരുവഞ്ചൂരിന്റെ പോലീസ്‌ ഓടിച്ചിട്ടു പിടിച്ച്‌ നമിഷനേരം കൊണ്ട്‌ റിമാന്‍ഡിലാക്കി വര്‍ഗബോധത്തിന്റെ വക്താക്കളായി. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കന്‍മാരെ രായ്‌ക്കുരാമാനം പൊക്കിയ അതേ ആവേശത്തിലായിരുന്നു ഈ ഓപ്പറേഷനും. അങ്ങനെ ഐക്കാരുടെ ഒളിയമ്പു പ്രയോഗത്തില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ ഐക്കാരനായ രക്ഷകന്‍ എന്ന നിലയില്‍ തിരുവഞ്ചൂര്‍ തടി രക്ഷിച്ചു. പാവം പവനായിമാരായ സഖാക്കളുടെ ഗതി അധോഗതിയായി.
പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജും തമ്മില്‍ ശരീരത്തിന്റെ ആകൃതിയിലും പ്രായത്തിന്റെ കാര്യത്തിലും ആനയും ആടും പോലെയാണ്‌. പക്ഷേ ഇരുവരും തമ്മില്‍ നാട്ടുകാരെ എല്ലാം അത്ഭുതപ്പെടുത്തുന്ന, അവരവരുടെ പാര്‍ട്ടിക്കാരെ അലോസരപ്പെടുത്തുന്ന ഒരു കിടിലന്‍ സാമ്യമുണ്ട്‌. എതിരാളികളെ പരമാവധി നാറ്റിച്ച്‌ നാണം കെടുത്തി ഇല്ലാതാക്കുക എന്നതാണല്ലോ രാഷ്‌ട്രീയക്കാരുടെ സ്ഥിരം കലാപരിപാടി. ഇവിടെ അച്യുതാനന്ദനും പി.സി ജോര്‍ജിനും എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരെ യഥേഷ്‌ടം കൈകാര്യം ചെയ്യാനാണിഷ്‌ടം.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജന്മസിദ്ധമായ ഈ ശൈലി അവരുടെ ഹോബിയായി മാറിയിരിക്കുന്നു. പിസി ജോര്‍ജിന്റെ സംസ്‌കൃത ഭാഷ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്‌ ഐക്യമുന്നണിയിലെ ആള്‍ക്കാരാണ്‌. അങ്ങനെ കെബി ഗണേഷ്‌കുമാറിന്റെ മന്ത്രിപ്പണി തെറിച്ചു. സോളാര്‍ കേസ്‌ അദ്ദേഹം നല്ലവണ്ണം മുതലാക്കി. മുഖ്യമന്ത്രി രാജി വെക്കുകയാണ്‌ നല്ലതെന്ന്‌ തക്ക സമയത്ത്‌ ഡാവില്‍ കാച്ചുകയും ചെയ്‌തു. ഡല്‍ഹിയില്‍ പോയി സോണിയാജിയെ കണ്ട്‌ ഗ്രാമീണഭാഷയിലുള്ള കത്തും കൈമാറി. എന്നാല്‍ ജോര്‍ജിനെക്കാള്‍ കുറെ ഓണം കൂടുതല്‍ ഉണ്ടതു കൊണ്ട്‌ ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു നില്‍ക്കുന്നു.
സോളാര്‍ കേസ്‌ ഒതുങ്ങിയപ്പോള്‍ ഡാറ്റാ സെന്റര്‍ കൈമാറ്റകേസ്‌ കൈവെള്ളയിലെത്തി. വി.എസിന്റെ തോളില്‍ കൈ വെച്ച്‌ ഈ കേസിപ്പോള്‍ തിരുവഞ്ചൂരിന്റെ പിടലിക്കു വെച്ചിരിക്കുകയാണ്‌ ജോര്‍ജ്‌. ഇങ്ങനെ ജോര്‍ജ്‌ പൂഞ്ഞാര്‍ മോഡലില്‍ കളി തുടരുന്നു. സാക്ഷാല്‍ കെ.എം മാണി സാറിനു പോലും ജോര്‍ജിനെ പിടിച്ചു കെട്ടാന്‍ ആകുന്നില്ല. അദ്ദേഹം ഒന്നു കടുപ്പിച്ചു പോലും പിസിയുടെ മുഖത്തേക്കു നോക്കുന്നില്ല. ഇനി മാണി സാറിന്റെ വല്ല രഹസ്യവും ജോര്‍ജ്‌ സാറിന്റെ കീശയിലുണ്ടാവുമോ ആവോ? .....

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.