വിരമിച്ചുവെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റാണ് എന്റെ ജീവിതം. അത് എന്റെ ജീവശ്വാസമാണ്. ഈ നാല്പതു വയസിനുള്ളില്‍ 30 വര്‍ഷവും ഞാന്‍ ക്രിക്കറ്റ് കളിച്ചു. അതായത് എന്റെ ജീവിതത്തിന്റെ 75 ശതമാനവും ക്രിക്കറ്റായിരുന്നു. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിലും അതുണ്ടാകും. എന്നാല്‍ അത് ഉടന്‍ തന്നെയാകണമെന്നില്ല. ഞാന്‍ വിരമിച്ചിട്ട് വെറും 24 മണിക്കൂര്‍ മാത്രമെയായിട്ടുള്ളു. അദ്ദേഹം വ്യക്തമാക്കി.വിരമിക്കലിനുശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതരത്ന പുരസ്ക്കാരം തന്റെ അമ്മയ്ക്കു മാത്രമല്ല മക്കള്‍ക്കായി ത്യാഗം സഹിക്കുന്ന എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ സച്ചിന് തനിക്കൊപ്പം ഭാരതരത്ന ലഭിച്ച പ്രൊഫസര്‍ സി.എന്‍.ആര്.റാവുവിനെ അഭിനന്ദിച്ചു.ക്രിക്കറ്റ് പിച്ച് എനിക്ക് ക്ഷേത്രം പോലെയാണ്. അതുകൊണ്ടാണ് കളിക്കു ശേഷം പിച്ചില്‍ തൊട്ടു വന്ദിച്ചത്. എനിക്കുള്ളതെല്ലാം ക്രിക്കറ്റ് സമ്മാനിച്ചതാണ്. ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മകനായ അര്ജുന് അവനിഷ്ടപ്പെട്ട രീതിയില്‍ ക്രിക്കറ്റ് കളിക്കട്ടെയെന്നും അച്ഛന് കളിച്ച പോലെ മകനും കളിക്കണമെന്ന് പറയാനാകില്ലെന്നും സച്ചിന് പറഞ്ഞു. അങ്ങനെ പറയുകയാണെങ്കില്‍ എന്റെ കയ്യില്‍ ബാറ്റിനു പകരം പേനയാണുണ്ടാകേണ്ടിയിരുന്നത്. അര്‍ജുന്റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുതെന്നും അവനെ കളി ആസ്വദിക്കാന്‍ അനുവദിക്കണമെന്നും സച്ചിന് ആവശ്യപ്പെട്ടു.
Comments