മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പോളിങ്. എക്കാലത്തെയും ഉയര്‍ന്ന പോളിങ്ങാണ് ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. അന്തിമ കണക്കെടുപ്പില്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.
ഭരണത്തുടര്‍ച്ച തേടി ബി.ജെ.പിയും അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പോരിനിറങ്ങിയ തെരഞ്ഞെടുപ്പില്‍ പൊതുവേ സമധാനപരമായിരുന്നു വോട്ടെടുപ്പ്. ചില പ്രദേശങ്ങളില്‍ വെടിവെപ്പും അക്രമ സംഭവങ്ങളുമുണ്ടായി. മാവോവാദി കേന്ദ്രമായ ബാലഗട്ട് ജില്ലയില്‍ ഒഴികെ മറ്റെല്ലായിടത്തും പോളിങ് രാവിലെ എട്ടിനുതന്നെ ആരംഭിച്ചു. മൊറേന ജില്ലയില്‍ രണ്ട് വ്യത്യസ്ത അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരിടത്ത് അക്രമികളെ പിരിച്ചുവിടാന്‍ അതിര്‍ത്തിരക്ഷാസേന വെടിവെപ്പു നടത്തി. ഭിന്ദ്, മൊറേന ജില്ലകളിലെ രണ്ടുവീതം പോളിങ് ബൂത്തുകളില്‍ സ്ഥാനാര്‍ഥികളുടെ അനുയായികള്‍ തമ്മില്‍ വെടിവെപ്പുണ്ടായി. ഭിന്ദ് ജില്ലയില്‍ ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രം അക്രമികള്‍ തകര്‍ത്തു. സംസ്ഥാനത്ത് 2,586 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു സ്ഥാനാര്‍ഥിയെയും വേണ്ടെന്നാണെങ്കില്‍ അക്കാര്യം രേഖപ്പെടുത്തുന്നതിന് ‘നോട്ട’ ബട്ടണ്‍ ആദ്യമായി ഏര്‍പ്പെടുത്തിയതും മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകതയാണ്. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.
Comments