മെല്വിന് പാദുവ ഉള്‍പ്പെടെ 22 തടവുകാരെ മോചിപ്പിക്കാന്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഏഴുപേര്‍ ജീവപര്യന്തം തടവുകാരാണ്. പ്രായക്കൂടുതലുള്ള രണ്ടുപേരും മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. 45 അപേക്ഷകളാണ് സമിതിയുടെ പരിഗണനക്കായി വന്നത്. 13 പേര് ജീവപര്യന്തം തടവുകാര്‍. കഴിഞ്ഞ തവണ ജയില്‍ ഉപദേശകസമിതി വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തവരില്‍ നാലുപേരെ വിട്ടയച്ചിരുന്നില്ല. ഇവരെ വീണ്ടും ശുപാര്‍ശ ചെയ്യും. വ്യാഴാഴ്ച നടന്ന ജയില്‍ ഉപദേശകസമിതി യോഗത്തില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബ്, സൂപ്രണ്ടിന്റെ ചുമതലയുള്ള ജയിലര്‍ അശോകന് അരിപ്പ, അംഗങ്ങളായ മമ്പറം ദിവാകരന്, കല്ലിങ്കീല്‍ പത്മനാഭന്, കെ ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നരവര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി ചേരുന്നത്. ആറുമാസത്തിലൊരിക്കല്‍ സമിതി ചേരണമെന്നാണ് ചട്ടം. മുംബൈയില്‍ സ്വകാര്യാശുപത്രിയില്‍ നേഴ്സായിരുന്ന യുവതി ട്രെയിനില്‍ കൊല്ലപ്പെട്ട കേസിലാണ് 1994ല്‍ 22 വയസില്‍ മെല്വിന് പാദുവ ശിക്ഷിക്കപ്പെടുന്നത്. 19 വര്‍ഷത്തെ ജയില്‍ ജീവിതം കഴിഞ്ഞിട്ടും മെല്‍വിനെ വിട്ടയച്ചിരുന്നില്ല. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാതിരുന്ന മെല്‍വിന്റെ കഥയറിഞ്ഞ് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുള്‍പ്പെടെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ മോചനത്തിനായി ഇടപെട്ടിരുന്നു.
Comments