ഹജ്ജിനു ചെലവേറുന്നു. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെക്കാള്‍ 15,000 രൂപയാണ് ഈ വര്‍ഷം ഇപ്പോള്‍ ചെലവിടേണ്ടിവന്നത്. വരുംദിവസം കൂടുതല്‍ പണം ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. സ്വകാര്യമേഖലവഴി പോകുന്നവര്‍ക്കാകട്ടെ മുന്‍വര്‍ഷത്തെക്കാള്‍ 50,000 രൂപമുതല്‍ ഒന്നരലക്ഷം രൂപവരെ കൂടുതലായി മുടക്കേണ്ടിവരും. ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നത് 1,21,000 പേരാണ്. ഇവര്‍ അടയ്ക്കേണ്ടിവന്നത് 1,80,000 രൂപയാണ്. കഴിഞ്ഞതവണ 1,65,000 രൂപയായിരുന്നു. ഇതില്‍ 8000 രൂപ വിമാന ടിക്കറ്റിന്റെ വര്‍ധനയാണ്. ഓരോ ഹജ്ജാജിമാര്‍ക്കും 40,000 രൂപയുടെ സബ്സിഡിയാണ് സര്‍ക്കാര്‍ നല്‍കുന്നത്്. ഹജ്ജാജിമാര്‍ നല്‍കുന്ന തുകയില്‍നിന്ന് 2150 ദിനാര്‍ (ഏതാണ്ട് 38,000 രൂപ) ഇവര്‍ക്ക് സൗദി അറേബ്യയിലെ ചെലവിനായി സര്‍ക്കാര്‍ തിരികെനല്‍കുകയും ചെയ്യും. എന്നിട്ടും ഹജ്ജ്കര്‍മത്തിനായി വന്‍ തുക ചെലവിടേണ്ട സാഹചര്യമാണ് ഇപ്പോള്‍. രൂപയുടെ മൂല്യംഇടിയുന്ന സാഹചര്യത്തില്‍ തുക വീണ്ടും ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളാനാവില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍നിന്ന് 8256 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നത്. ഇവര്‍ ഹജ്ജ്കമ്മിറ്റി നിര്‍ദേശപ്രകാരമുള്ള അന്തിമഗഡു കഴിഞ്ഞമാസം അഞ്ചിന് നല്‍കി. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലാണ് വീണ്ടും തുക ആവശ്യപ്പെടുമോ എന്ന് ആശങ്കയുള്ളത്. സ്വകാര്യമേഖലവഴി ഹജ്ജിനു പോകുന്നവര്‍ക്ക് 2,80,000 രൂപമുതല്‍ നാലരലക്ഷം രൂപവരെയാണ് ചെലവ്്. കഴിഞ്ഞതവണ മൂന്നുലക്ഷം രൂപയായിരുന്നു. സ്വകാര്യമേഖലവഴി കഴിഞ്ഞവര്‍ഷം ഏതാണ്ട് 50,000ത്തോളം പേര്‍ ഹജ്ജിനു പോയപ്പോള്‍ ഇക്കുറി 15,000 പേര്‍ക്കാണ് അവസരം. ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ 1,25,000 പേര്‍ക്കും സ്വകാര്യ ക്വാട്ടയില്‍ 45,000 പേര്‍ക്കും ഹജ്ജിനുള്ള അവസരമാണ് ആദ്യം ഒരുങ്ങിയത്. എന്നാല്‍ ഇന്ത്യക്ക് അനുവദിച്ച ക്വാട്ടയില്‍നിന്ന് 20 ശതമാനം സൗദി സര്‍ക്കാര്‍ റദ്ദാക്കി. ഇത് ഇന്ത്യ സ്വകാര്യക്വാട്ടയില്‍നിന്ന് കുറച്ചു. പിന്നീട് സര്‍ക്കാര്‍ ക്വാട്ടയിലെ റദ്ദായ സീറ്റും സ്വകാര്യമേഖലയ്ക്ക് നല്‍കി. സര്‍ക്കാര്‍മേഖലയിലെ സബ്സിഡി ഒഴിവാക്കിയാല്‍ ഹജ്ജിന്റെ ചെലവ് 2,20,000 രൂപ മാത്രമാണ് എന്നിരിക്കെ കുറഞ്ഞത് 60,000 രൂപയെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍പോലും അമിതമായി ഈടാക്കുന്നു. ഇവര്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍തല സംവിധാനമില്ല. ഈ മേഖലയില്‍ കമീഷന്റെ ഒഴുക്കും പതിവാണ്.
Comments