കേരള രാഷ്ട്രീയത്തിലെ അക്ഷരം പിഴയ്ക്കാത്ത ആശാനായിരുന്നു അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.പാര്‍ലമെന്‍ററി വ്യാമോഹങ്ങളില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം കൈമുതലാക്കിയ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാള്‍.സാധാരണ പ്രവര്‍ത്തകര്‍ക്കും യുവാക്കള്‍ക്കും വഴികാട്ടിയായ അധ്യാപകന്‍.അധികാര മോഹം ഒട്ടുമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തനം മാത്രം മുഖ്യവിഷയമാക്കിയ ഒരു നേതാവ് കൂടിയാണ് വെളിയം ഭാര്‍ഗവന്‍. ചെറുപ്പത്തില്‍ കുറച്ച് നാള്‍ അദ്ദേഹം സന്യാസത്തിലേക്ക് പോയിരുന്നു. സംസ്കൃതവും പുരാണങ്ങളും ഇതിഹാസങ്ങളും മനപാഠമാക്കിയ അപൂര്‍വ്വ കമ്യൂണിസ്റ്റുകാരന്‍ കൂടിയായിരുന്നു ഈ നേതാവ്. മൂന്ന് വര്‍ഷത്തെ സന്ന്യാസജീവിതം പകര്‍ന്നുനല്‍കിയത് വേദന നിറഞ്ഞ ലോകത്തിന്റെ കാഴ്ചയാണ്.ഏറെക്കാലം സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ ആശാന്‍ എന്ന് വിളിച്ചിരുന്ന വെളിയം
ഭാര്‍ഗവന്‍. 1998 മുതല്‍ 12 വര്‍ഷമാണ് വെളിയം ഭാര്‍ഗവന്‍ കേരളത്തിലെ പാര്‍ട്ടിയെ നയിച്ചത്. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് സ്വയം ആവശ്യപ്പെട്ട് 2010ലാണ് വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. 1928 ല്‍ കൊല്ലത്ത് വെളിയത്തായിരുന്നു ജനനം. കൊല്ലം പ്രാക്കുളം സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ വെളിയം 1967 ല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. 1971 ലാണ് അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലംഗമാകുന്നത്. 1957ലും 60 ലും ചടയമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്.എയായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു.1949ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ബിഎ ബിരുദധാരിയായ വെളിയം 1950 മുതല്‍ 52 വരെ എഐഎസ്എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, ആര്‍ സുഗതന്‍ എന്നിവരോടൊപ്പം വെളിയവും സി പി ഐയില്‍ ഉറച്ച് നിന്നു.
Comments