ഒരു പെണ്ണൊരുമ്പെട്ടത് കണ്ടു കേരളം തരിച്ചിരുന്നു. സ്കൂളിലേക്ക് മക്കളെ അയക്കുന്ന അമ്മമാരും അച്ചന്മാരും ഒരുപോലെ ഞെട്ടി. പലരും ഉള്ളുരുകി പ്രാര്‍ഥിച്ചു- ഇതിലൊന്നും ഞങ്ങളുടെ മക്കള്‍ ഉണ്ടാകരുതേ എന്ന്. ചിലതെല്ലാം വിഫലമായി.പക്ഷെ ഇനിയും പെരുവണ്ണാമൂഴിയും കോഴിക്കോടും കേരളവും പ്രാര്‍ഥിക്കുന്നത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കരുതെ എന്നാണ്.
കഴിഞ്ഞ ഓഗസ്‌റ്റ് എട്ടിന് പന്തിരിക്കരക്കാരിയായ പതിനാലുകാരിയുടെ ആത്മഹത്യയില്‍ നിന്നാണ് കേരളം ഞെട്ടിത്തരിച്ച വാര്‍ത്തയുടെ തുടക്കം. എന്നാല്‍ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ സ്കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വന്‍ സെക്സ് റാക്കറ്റ് പുറംലോകമറിയുന്നത് അതിനും രണ്ടുമാസം കഴിഞ്ഞാണ്. റാക്കറ്റില്‍ കുടുങ്ങി പന്തിരിക്കരയ്‌ക്കു സമീപമുള്ള ഒരു ഹൈസ്‌കൂളിലെയും സ്വകാര്യവിദ്യാഭ്യാസ സ്‌ഥാപനത്തിലെയും എട്ടോളം പെണ്‍കുട്ടികള്‍ പീഡിക്കപ്പെട്ടതായാണ് സൂചന. മാനക്കേടോര്‍ത്ത് പലരും വിവരം പുറത്തുപറയുന്നില്ല. റാക്കറ്റിലെ കണ്ണികളായ മൂന്നു പ്രതികള്‍ വിദേശത്തേക്കു കടന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്‌തമായി.
പ്രദേശത്തെ ഒരു സ്വകാര്യസ്‌ഥാപനത്തിലെ വിദ്യാര്‍ഥിനിയായ പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് നാടിനെ ഞെട്ടിച്ച സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറംലോകമറിയുന്നത്. ആവടുക്ക സ്വദേശിയായ ഈ പെണ്‍കുട്ടിയെ അടുത്ത ബന്ധുവായ യുവാവ് ചൂഷണം ചെയ്യുന്നത് പതിവായിരുന്നു. യുവാവിന്‍റെ ഭീഷണിമൂലം തന്‍റെ സഹപാഠികളെയും പെണ്‍കുട്ടി ഇയാള്‍ക്ക് പരിചയപ്പെടുത്തി നല്‍കുകയായിരുന്നു.എന്നാല്‍ സംഗതി പുറംലോകം അറിഞ്ഞതോടെ പ്രതി വിദേശത്തേക്ക് മുങ്ങി.
പിന്നീട് വിദേശത്തുള്ള പ്രതിയില്‍നിന്ന് വിവരം ലഭിച്ച സുഹൃത്തുക്കളും ഈ പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി. ഇതിനെല്ലാം ഇടനിലക്കാരിയായി നിന്ന് സ്‌കൂള്‍വിദ്യാര്‍ഥിനികളെ സെക്‌സ് റാക്കറ്റില്‍ എത്തിച്ച മുഖ്യകണ്ണി പേരാമ്പ്ര പന്തിരിക്കര സ്വദേശിനി സറീന എന്ന യുവതിയാണ്. സെക്‌സ് റാക്കറ്റില്‍പെട്ട പുരുഷന്മാര്‍ക്ക് വിദ്യാര്‍ഥിനികളെ വലയിലാക്കി നല്‍കിയിരുന്നത് സെറീനയായിരുന്നുവെന്നാണ് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.
വിദേശത്തുള്ള പ്രതിയുടെ കൂട്ടുകാരായ യുവാക്കള്‍ സറീനയെ പെണ്‍കുട്ടികള്‍ക്ക് ഫോണിലൂടെ പരിചയപ്പെടുത്തി. പെണ്‍കുട്ടികളെ മെരുക്കിയെടുക്കുന്നതില്‍ സമര്‍ഥയായിരുന്നു സെറീന.സെറീനയുടെ ഇടപെടലിലൂടെയാണ് പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഇതില്‍ പലര്‍ക്കും മൊബൈല്‍ ഫോണുകളും മറ്റും സമ്മാനങ്ങളായി നല്‍കിയിരുന്നു.ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സെറീനയുടെ ജീവിതരീതി വളരെ മോശമായിരുന്നു.
ആത്മഹത്യ ചെയ്ത പതിനാലുകാരി പഠിച്ച സ്‌കൂളില്‍നിന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി എസ്.എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയത്. ജീവനൊടുക്കിയ പെണ്‍കുട്ടിയെ ആത്മഹത്യക്ക് ശ്രമിച്ച പതിനാറുകാരിയാണ് തന്റെ ബന്ധുവും ഇപ്പോള്‍ വിദേശത്തുള്ളതുമായ യുവാവിന് പരിചയപ്പെടുത്തി നല്‍കിയത്. സറീനയുടെ ഉപദ്രവം സഹിക്കവയ്യാതെ പതിനാറുകാരി കഴിഞ്ഞ മാസം ആത്മഹത്യാശ്രമം നടത്തിയിരുന്നെങ്കിലും രക്ഷപ്പട്ടു. ഇതിനിടെ പെണ്‍കുട്ടി എഴുതിയ കുറിപ്പ് ബന്ധുക്കള്‍ കണ്ടെടുക്കുകയും ഇതിന്റെയടിസ്‌ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്‌തു. കഴിഞ്ഞ മാസം 23-ന് തന്നെ എസ്.പിയുടെ നിര്‍ദേശാനുസരണം നാദാപുരം ഡിവൈ.എസ്.പി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങുകയായിരുന്നു.മുഖ്യ ഇടനിലക്കാരി പേരാമ്പ്ര പന്തിരിക്കര സ്വദേശിനി സറീനയെ ശനിയാഴ്‌ച അറസ്റ്റ് ചെയ്തു.
ഇതിനിടെ സംഭവത്തില്‍ പ്രദേശവാസികളായ നാല് യുവാക്കളെ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തു. ഓട്ടോ ഡ്രൈവര്‍മാരും സെക്‌സ് റാക്കറ്റിന്റെ സഹായികളുമായ പന്തിരിക്കര സ്വദേശികളായ സുജിത് (32), അരുണ്‍ (33), അശ്വിന്‍ (28), രൂപിഷ് (37) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. അതേസമയം അന്വേഷണ സംഘത്തലവനായ നാദാപുരം ഡി വൈ എസ് പി സുരേന്ദ്രനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി വടകര എസ് പി കെ അഷ്‌റഫിന് ചുമതല നല്‍കി.
Comments