വിദേശത്തേക്ക് പോകുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനു നടന്‍ കലാഭവന്‍ മണിക്ക് കസ്റ്റംസ് 7000 രൂപ പിഴ ചുമത്തി. പിഴയടച്ചതിനെ തുടര്‍ന്ന് മണിക്ക് സ്വര്‍ണവള കസ്റ്റംസ് തിരികെ നല്‍കി. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടുവന്നു എന്നാണ് കലാഭവന്‍ മണിക്കെതിരെ കസ്റ്റംസ് അധികൃതര്‍ ആദ്യം ആരോപണമുന്നയിച്ചിരുന്നത്. മണിയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവള 22 പവനാണെന്നായിരുന്നു കസ്റ്റംസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ തന്‍റെ കൈയിലുണ്ടായിരുന്ന വള 22 പവന്‍ ഇല്ലെന്നും ലോഹവളയില്‍ അഞ്ചുപവന്‍ സ്വര്‍ണം പൂശുകയായിരുന്നു എന്നും മണി കമ്മീഷണര്‍ക്ക് മുമ്പാകെ ആവര്‍ത്തിച്ചു. വള നിര്‍മ്മിച്ച വ്യക്തിയെയും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. മണി വിദേശത്തേക്ക് പോകുമ്പോള്‍ ഈ വള അണിഞ്ഞിരുന്നെന്നും എന്നാല്‍ അക്കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ടതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, സ്വര്‍ണവളയുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിന് 7000 രൂപ പിഴയടയ്ക്കാന്‍ മണിയോടാവശ്യപ്പെടുകയായിരുന്നു.
Comments