അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി ചരിത്രം സൃഷ്ടിച്ച ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് ജനാലകളുള്ള കുപ്പോള മൊഡ്യൂളിൽ നിന്ന് ശുഭാൻഷു ശുക്ല ഭൂമിയുടെ അതിശയിപ്പിക്കുന്ന പനോരമിക് കാഴ്ച ആസ്വദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ശുഭാൻഷു ശുക്ല ഇതിനകം ഭ്രമണപഥത്തിൽ ഒരാഴ്ച പിന്നിട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാന്‍ഷു ശുക്ല ചരിത്രം കുറിച്ചിരുന്നു. ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിൻ്റെ പൈലറ്റാണ് ഇന്ത്യൻ പൗരനായ ശുഭാൻഷു. നേരത്തെ അമേരിക്കൻ പൗരത്വമുള്ള സുനിത വില്യംസ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിയിരുന്നുവെങ്കിലും അവർ ഇന്ത്യൻ വംശജ മാത്രമായിരുന്നു. അവർ ജനിച്ചതും വളർന്നും യുഎസിൽ തന്നെയായിരുന്നു.
14 ദിവസത്തെ ദൗത്യത്തിനാണ് സംഘം പോയിരിക്കുന്നത്. 60 ശാസ്ത്രീയ പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശത്ത് നടത്തുക. അതിൽ ഏഴെണ്ണം ഇന്ത്യൻ ശാസ്ത്രജ്ഞർ നിർദേശിച്ചതാണ്.
ശുഭാൻഷു ശുക്ലയുടെ കൂടെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരാണ് ഉള്ളത്. മുൻ നാസ ബഹിരാകാശ യാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിൽSource: X/ MyGovIndia
ജൂൺ 26ന് ഇന്ത്യൻ സമയം വൈകീട്ട് 4.01നാണ് സ്പേസ് ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇപ്പോൾ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പൂർണമായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ നിയന്ത്രണത്തിലാണ്. ആശയവിനിമയവും പൂർണമായും ഈ നിലയവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
Image: Screengrab/X
ബഹിരാകാശത്ത് ചുവടുവെക്കാന്‍ ഒരു കുഞ്ഞിനെ പോലെ താന്‍ പഠിക്കുകയാണെന്നാണ് എന്നായിരുന്നു ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം. ‘ബഹിരാകാശത്തു നിന്നും നമസ്‌കാരം!’ എന്ന് പറഞ്ഞാണ് ഇന്ത്യയുടെ അഭിമാനമായ ശുഭാംശു തുടങ്ങിയത്. 41 ആണ്ടിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്.