രാജ്യത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് കെഎസ്‍ആര്‍ടിസിയെ ബാധിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെഎസ്‍ആര്‍ടിസി നാളെ സര്‍വീസ് നടത്തും. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തി. നാളെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് യൂണിയനുകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു.
കെഎസ്‍ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകും. ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ല. ബസുകള്‍ സര്‍വീസ് നടത്തും. വിദ്യാര്‍ഥികളുടെ ടിക്കറ്റ് വില വര്‍ധന സംബന്ധിച്ച്, വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കും. മോട്ടോര്‍ വാഹന ഗതാഗത വകുപ്പുമായി ചേര്‍ന്ന് അതിനുള്ള സൗകര്യമൊരുക്കുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
അതേസമയം, ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനാണ് കെഎസ്‍ആര്‍ടിസി യൂണിയനുകളുടെ തീരുമാനം. സിഐടിയു, എഐടിയുസി യൂണിയനുകളാണ് പണിമുടക്കിന്റെ ഭാഗമാകുക. പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ച് സിഎംഡിക്ക് യൂണിയന്‍ നോട്ടീസ് നല്‍കി. ബിഎംഎസ് ഒഴികെ യൂണിയനുകള്‍പണിമുടക്കിൽ പങ്കെടുക്കും.
പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. കെഎസ്‍ആര്‍ടിസി മാനേജ്മെന്റിനാണ് നോട്ടീസ് നല്‍കിയത്. മന്ത്രിയല്ല മാനേജ്മെന്റ്. മന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അറിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ല. കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.