സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ 20 വർഷം തടവ് ശിക്ഷ ശരിവച്ചു അപ്പീൽ കോടതി. റഹീമിൻ്റെ ശിക്ഷാകാലയളവ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ കോടതി തള്ളി. 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ ഒരു വർഷത്തിനപ്പുറം റഹീം ജയില്‍ മോചിതനാകും. നിലവിൽ സൗദി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക് സ്വദേശി ആയ റഹീം.
2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി മോചന ഉത്തരവില്‍ വിധി പറയുന്നത് നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു.
ദിയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ദിയാദനത്തിന്‍റെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍, കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുൾ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തിലൂടെ മൊത്തം 47.87 കോടി രൂപയാണ് ദിയാദനത്തിനായി സ്വരൂപിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപയാണ് വിനിയോഗിച്ചത്.
അതേസമയം യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയക്കായി അവസാനഘട്ട ഇടപെടലുമായി എംപിമാർ രംഗത്തെത്തിയിരിക്കുകയാണ്. ഇടപെടൽ ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപിയും ജോൺ ബ്രിട്ടാസ് എംപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇരുവരും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും കത്തയച്ചിട്ടുണ്ട്.