കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. നിലവിൽ പണിമുടക്ക് കേരളത്തിൽ ഹർത്താലിൻ്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. മിക്കയിടത്തും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. ഇതോടെ പൊതുഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
തിരുവനന്തപുരം ആറ്റിങ്ങലിൽ സമരാനുകൂലികള്‍ ബസ് തടഞ്ഞതോടെ പൊലീസുമായി നേരിയ തോതിൽ സംഘർഷമുണ്ടായി. സമരക്കാരെ തടഞ്ഞ പൊലീസുകാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായതോടെയാണ് സംഘർഷത്തിലേക്ക് എത്തിയത്. മലപ്പുറം മഞ്ചേരിയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തിരുവനന്തപുരത്ത് ഹർത്താലിന് സമാനമായാണ് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നത്. നഗരത്തിൽ കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. എന്നാൽ ചുരുക്കം ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തി. ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ പലയിടത്തും തടഞ്ഞ് സമരാനുകൂലികൾ യാത്രക്കാരെ ഇറക്കിവിട്ടു.
ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ ചിലയിടത്ത് ബസുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആർസിസിയിലേക്കും, മെഡിക്കൽ കോളേജിലേക്കുമെത്തിയ രോഗികൾക്കായി പൊലീസ് വാഹനമൊരുക്കി. സേനയുടെ ബസുകളാണ് ഇതിനായി സജ്ജീകരിച്ചത്. ബിഎംഎസിന്റെ നേതൃത്വത്തിൽ സേവാഭാരതിയുടെ ആംബുലൻസുകളും ആശുപത്രികളിലേക്ക് ആളുകളെ എത്തിച്ചു. പൊതുവേ സമാധാനാന്തരീക്ഷത്തിലാണ് തിരുവനന്തപുരത്ത് പണിമുടക്ക്.