2026ൽ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സർവേഫലമാണ് ശശി തരൂർ എക്സിൽ പങ്കുവെച്ചത്. മുൻ യുഎൻ വക്താവായ ഇ. ഡി. മാത്യുവിന്റെ എക്സ് പോസ്റ്റാണ് ശശി തരൂർ ഷെയർ ചെയ്തത്.
യുഡിഎഫ് ജയിക്കുകയാണെങ്കിൽ ആരാകും മുഖ്യമന്ത്രി എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി മോഹവുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. “2026 ലെ കേരള തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത ശശി തരൂർ ആണെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു,” ഇ.ഡി. മാത്യു പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ വി.ഡി. സതീശനെയും, പ്രിയങ്കഗാന്ധിയെയുമെല്ലാം ടാഗ് ചെയ്തിട്ടുമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ ലോക്‌സഭാംഗമായ തരൂരിനെ 28.3 ശതമാനം പേർ പിന്തുണയ്ക്കുന്നുവെന്നാണ് കേരള വോട്ട് വൈബ് സർവേ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച വോട്ട് ശതമാനം കുറവാണ്. കേരള വോട്ട് വൈബ് റിപ്പോർട്ടനുസരിച്ച് 15 ശതമാനത്തോളം ആളുകൾ മാത്രമാണ് യുഡിഎഫിനെ നയിക്കാൻ വി.ഡി. സതീശൻ വേണമെന്ന് വോട്ട് ചെയ്തത്.