കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിന്ദുവിൻ്റെ മകന് സർക്കാർ ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനെമെടുത്തു.
കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ വീട് സന്ദർശിച്ച വേളയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് കുടുംബത്തിൻ്റെ ആവശ്യങ്ങളൊക്കെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ ചേർന്ന മന്ത്രിസഭാ തീരുമാനത്തിലാണ് ധനസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
കഴിഞ്ഞ ദിവസം ബിന്ദുവിൻ്റെ മകളുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് അറിച്ചതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ അടിയന്തര ധനസഹായം കൈമാറിയിരുന്നു. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്ത്രി അടിയന്തര ധനസഹായമായി 50,000 രൂപയാണ് കൈമാറിയത്. കുടുംബത്തിനുള്ള സഹായങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകളുടെ സർജറിക്കായി എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.
ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്.