ഡൽഹിയിൽ ഭൂചലനം. ഹരിയാനയിലെ ജജ്ജാറിൽ നിന്നുമാണ് ഭൂചലനം ഉത്ഭവിച്ചത്. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 9.04നാണ് ഭൂചലനം ഉണ്ടായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി പ്രകാരം, 10 കിലോമീറ്ററോളം ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്.
ഭൂചലനത്തിന് പിന്നാലെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹിയിലെ പല പ്രദേശങ്ങളിലും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞു. പ്രകമ്പനത്തിന് പിന്നാലെ പലരും വീടുവിട്ട് പോയി. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസ് പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാം, റോഹ്തക്, ദാദ്രി, ബഹാദൂർഗഡ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജജ്ജാറിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷംലി എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
ഭൂകമ്പം ഉണ്ടായ ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേന (NDRF) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പരിഭ്രാന്തരാകരുതെന്നും പുറത്തേക്ക് ഓടരുതെന്നും പടികൾ കയറരുതെന്നും എൻഡിആർഎഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ 4 ലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഡൽഹി-ഹരിദ്വാർ റിഡ്ജ്, സോഹ്ന ഫോൾട്ട്, ഡൽഹി-മൊറാദാബാദ് ഫോൾട്ട്, മഹേന്ദ്രഗഡ്-ഡെറാഡൂൺ ഫോൾട്ട് എന്നിവയുൾപ്പെടെ നിരവധി സജീവ ഫോൾട്ട് ലൈനുകൾക്ക് സമീപമാണ് ദേശീയ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. 1720 മുതൽ, റിക്ടർ സ്കെയിലിൽ 5.5 ന് മുകളിൽ തീവ്രതയുള്ള അഞ്ച് ഭൂകമ്പങ്ങളെങ്കിലും നഗരത്തിലുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.