ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോൾ അടിക്കാതെ ഉപയോഗിക്കാം ഈ ഓട്ടോറിക്ഷ. പക്ഷേ, നിരത്തിൽ ഓടിക്കാന്‍ പറ്റില്ല. കയ്യിൽ കൊണ്ട് നടക്കാനാണ് സുഖം. അതെന്താന്നോ? അത് വെറുമൊരു ഓട്ടോയല്ല. മറിച്ച് ഓട്ടോയുടെ ആകൃതിയിലുള്ള ഒരു ഹാന്‍ഡ്ബാഗാണ്.
ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന്‍റെ ഏറ്റവും പുതിയ കളക്ഷനുകൾ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യൻ തെരുവ് സംസ്കാരത്തെ ശ്രദ്ധയമാക്കും വിധമായിരുന്നു ഫാരൽ വില്യംസിന്‍റെ നേതൃത്വത്തിൽ നടന്ന ഫാഷന്‍ ലോഞ്ച്. ഹാൻഡിലും വീലുകളുമുള്ള ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ഒരു ഹാൻഡ്ബാഗ്. പക്ഷേ വില അല്പം കൂടും 35 ലക്ഷം!
സാധാരണക്കാരുടെ ഉപജീവന മാർഗ്ഗമാണ് ഓട്ടോറിക്ഷ. എന്നാൽ, ഇവിടെ ഇന്ത്യൻ തെരുവ് സംസ്കാരത്തെയും ആഡംബരത്തെയും മനോഹരമായി സംയോജിപിച്ചാണ് ലൂയി വിറ്റോണ്‍ ഹാൻഡ് ബാഗ് രൂപകൽപന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ഈ ഹാൻഡ് ബാഗിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെ സമൂഹ മാധ്യമങ്ങൾ ഓട്ടോ ഹാന്‍റ്ബാഗ് ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യൻ നഗരങ്ങളിലൂടെ തിരക്കുപിടിച്ച് ഓടുന്ന ഓട്ടോറിക്ഷയുടെ രൂപത്തിലാണ് സിഗ്നേച്ചർ മോണോഗ്രാം പ്രിന്‍റോടുകൂടി, ആഡംബര ക്യാൻവാസിൽ ലൂയി വിറ്റോൺ ഇത് പുനർനിർമ്മിച്ചിരിക്കുന്നത്. ഒട്ടക നിറമുള്ള തുകൽ കൊണ്ട് നിർമ്മിച്ച മിനി വീലുകളും ഹാൻഡിലുകളും ഹാൻഡ് ബാഗിന്‍റെ പ്രത്യേകതയാണ്. ഒറ്റനോട്ടത്തിൽ ഈ ശിൽപ സൃഷ്ടി ഇന്ത്യൻ തെരുവ് സംസ്കാരത്തെയും ആഡംബര ഫാഷനെയും വ്യത്യസ്തമായ രീതിയിൽ സംയോജിപ്പിക്കുന്നു.
ഫാഷൻ ലോകത്തെ സങ്കൽപ്പങ്ങളെ അടിമുടി മാറ്റിയ ലൂയി വിറ്റോണിന് ആരാധകർ ഏറെയാണ്. മുമ്പ് വിമാനങ്ങളുടെയും ഡോൾഫിനുകളുടെയും ലോബ്സ്റ്ററുകളുടെയും ആകൃതിയിലുള്ള ബാഗുകൾ ലൂയി വിറ്റോൺ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം മോഡലുകൾ ലൂയി വിറ്റോണിന് ഇതാദ്യമല്ല. എന്നിരുന്നാലും ഓട്ടോറിക്ഷ ഹാൻഡ്‌ബാഗ് മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു. ആഡംബര ബ്രാൻഡ് എന്നതിനപ്പുറം ഈ രസകരമായ സൃഷ്ടി അതിന്‍റെ ആശയവും ക്രാഫ്റ്റ്മാൻഷിപ്പ് കൊണ്ടും പ്രശംസ അർഹിക്കുന്നു.