സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത.മദ്രസാതല കൺവെൻഷനുകൾ മുതൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ നടത്താനാണ് തീരുമാനം. ധിക്കാരപരമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷനിൽ ആവശ്യപ്പെട്ടു.
സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ കൂടിയാലോചിച്ച് തീരുമാനം എടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
സെപ്തംബർ 30 ന് സെക്രട്ടേറിയറ്റ് മാർച്ച് വരെ നീളുന്ന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് ചേർന്ന സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനമായത്. ഒരിടവേളയ്ക്ക് ശേഷമാണ് സമസ്ത, സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.
കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ സമയ മാറ്റത്തിൽ മുസ്‌ലിം ലീഗ് ആലോചിച്ച് വ്യക്തമായ തീരുമാനത്തിൽ എത്തുമെന്നും സമസ്തയുടെ പ്രതിഷേധം ന്യായമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സമസ്തയുടെ മദ്രസകളിൽ മാത്രം 12 ലക്ഷത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സ്കൂൾ സമയ മാറ്റം ഈ കുട്ടികളുടെയുൾപ്പെടെ മതപഠനത്തെ ബാധിക്കുമെന്ന് നിലപാടണ് സമസ്ത സ്വീകരിക്കുന്നത്.